ചിരട്ടയിൽ വിസ്മയ ശിൽപങ്ങൾ തീർത്ത് സതീഷ്
text_fieldsചാലക്കുടി: ചിരട്ടയിൽ പണിതീർത്ത പ്രമുഖ വ്യക്തികളുടെ ശിൽപങ്ങൾ അവർക്ക് നേരിട്ട് സമർപ്പിക്കാൻ കാത്തിരിക്കുകയാണ് സതീഷ്. മുഖ്യമന്ത്രി പിണറായി വിജയൻ, വ്യവസായി യൂസുഫലി, മാധ്യമ പ്രവർത്തകൻ ശ്രീകണ്ഠൻ നായർ തുടങ്ങിയവരുടെ ശിൽപങ്ങളാണ് സതീഷ് ഒരുക്കിയിട്ടുള്ളത്.
ഇതിൽ ശ്രീകണ്ഠൻ നായരുടെ ശിൽപം കഴിഞ്ഞ ദിവസം അദ്ദേഹത്തിന് സമർപ്പിച്ചതിന്റെ സന്തോഷത്തിലാണ് സതീഷ്. മറ്റുള്ളവ വൈകാതെ സമ്മാനിക്കാൻ അവസരം കിട്ടുമെന്ന് ഇദ്ദേഹം കരുതുന്നു. മാവേലി, മദർ തെരേസ തുടങ്ങിയവരുടെ രൂപങ്ങളും നിർമിച്ചിട്ടുണ്ട്. ടേബിൾ ലാംപ്, പാത്രങ്ങൾ, ഫ്ളവർ വെയ്സ്, ട്രോഫികൾ തുടങ്ങിയവ ഇദ്ദേഹം വിൽപനക്കായി ഒരുക്കിയിട്ടുണ്ട്.
ചിരട്ടയിൽ സാദാ രൂപങ്ങൾ ഉണ്ടാക്കാൻ അത്ര പ്രയാസമില്ല. എന്നാൽ, കലാരൂപങ്ങൾ സൃഷ്ടിക്കുക ശ്രമകരമായ പണിയാണ്, പ്രത്യേകിച്ച് അറിയപ്പെടുന്ന വ്യക്തികളുടെ രൂപം നിർമിക്കൽ. ചിരട്ട ചെറിയ കഷണങ്ങളായി മുറിച്ച് ഒട്ടിച്ചുചേർത്താണ് ഇത് സാധ്യമാക്കിയതെന്നും സതീഷ് പറയുന്നു.
ചാലക്കുടി സുഭാഷ് നഗറിൽ മേപ്പുറത്ത് പരമേശ്വരന്റെ മകനാണ് സതീഷ്. സ്വർണപ്പണിക്കാരനായ ഇദ്ദേഹത്തിന് ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം മാത്രമേ ജോലിയുള്ളൂ. ബാക്കി സമയത്താണ് ചിരട്ടകൊണ്ടുള്ള കരവിരുതുകൾ. കോവിഡ് കാലത്ത് പണിയൊന്നും ലഭിക്കാതിരുന്നപ്പോഴാണ് കൂടുതലായി ചിരട്ട ശിൽപങ്ങൾ നിർമിച്ചത്. പലതും നിർമിക്കാൻ ആഴ്ചകളും മാസങ്ങളുമെടുത്തു. ഭാര്യയും വിദ്യാർഥികളായ മൂന്ന് മക്കളുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.