നാട്ടിൽ തെരഞ്ഞെടുപ്പാരവം; നാസർ ഖാദറിന്റെ മനസ്സിൽ പോരാട്ട സ്മരണയും
text_fieldsനാട്ടിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് അരങ്ങ് ഒരുങ്ങിക്കഴിഞ്ഞു. പ്രവാസലോകത്ത് ശ്രദ്ധേയരായ നിരവധി പേരാണ് ഇത്തവണ തെരഞ്ഞെടുപ്പ് ഗോദയിലുള്ളത്.കാൽനൂറ്റാണ്ടിനുമുമ്പ് തെരഞ്ഞെടുപ്പ് ഗോദയിൽ ജനവിധി തേടിയതിെൻറ ആവേശം മുറ്റിയ ഓർമകളിൽ ഇന്നും ജീവിക്കുകയാണ് എറണാകുളം കാക്കനാട് സ്വേദശിയും ദമ്മാമിലെ ദാറസ്സിഹ മെഡിക്കൽ സെൻററിലെ ഫിനാൻസ് മാനേജരുമായ നാസർ ഖാദർ.
1995ൽ ആയിരുന്നു ആവേശകരമായ ആ മത്സരം. എറണാകുളം ജില്ലയിൽ വ്യവസായ മേഖലയായ കളമശ്ശേരി മുനിസിപ്പാലിറ്റിയിൽ കോൺഗ്രസിെൻറ സിറ്റിങ് സീറ്റ് പിടിക്കാൻ ഇടതുപാർട്ടി കണ്ടെത്തിയ യുവതുർക്കിയായിരുന്നു നാസർ ഖാദർ. അന്ന് ഡി.വൈ.എഫ്.െഎയുടേയും മാതൃ പാർട്ടിയുടേയും സമരമുഖങ്ങളിലെ ഉശിരുള്ള സാന്നിധ്യമായിരുന്നു നാസർ.
നിരവധി പ്രമുഖരെ മറികടന്ന് തന്നെ പാർട്ടി ദൗത്യം ഏൽപിക്കുേമ്പാൾ മനസ്സ് നിറയെ ആവേശമായിരുന്നു. തെൻറ വിജയത്തിനപ്പുറത്ത് പാർട്ടിയെ വിജയതീരത്ത് എത്തിക്കുക എന്നത് മാത്രമായിരുന്നു അന്ന് മനസ്സിൽ. തെൻറ കളിക്കൂട്ടുകാരൻ കൂടിയായ മുസ്ലിം ലീഗിലെ ടി.എസ്. അബൂബക്കറായിരുന്നു യു.ഡി.എഫ് സ്ഥാനാർഥി. പാർട്ടിയാണ് എല്ലാം.എക്കാലത്തേയും വലിയ നേതാവ് ഇ.കെ. നായനാരാണ് അന്ന് തെരഞ്ഞെടുപ്പ് പ്രചാരണം ഉദ്ഘാടനം ചെയ്ത് സ്ഥാനാർഥികളെ പരിചയപ്പെടുത്തിയത്.
അന്ന് പാർട്ടിതന്ന ഉപദേശമാണ് ആ പാർട്ടിയോട് തനിക്ക് ഇത്രയേറെ പ്രിയം നൽകുന്നതെന്ന് നാസർ പറയുന്നു. തെരഞ്ഞെടുപ്പിൽ ഒരു ചില്ലിക്കാശുപോലും സ്വന്തം പോക്കറ്റിൽനിന്ന് ചെലവാക്കരുതെന്നും എത്ര പ്രലോഭനം ഉണ്ടായാലും പാർട്ടി നയങ്ങളിൽനിന്ന് വ്യതിചലിക്കരുതെന്നുമായിരുന്നു ആ ഉപദേശം. കൂലിപ്പണി ചെയ്ത് നിത്യവും കുടുംബം പുലർത്തുന്ന പാവങ്ങൾ എല്ലാം മറന്ന് രാവും പകലുമില്ലാതെ തെരഞ്ഞെടുപ്പ് ഗോദയിൽ ഒപ്പം നിന്നു.
വൻ ഭൂരിപക്ഷത്തിൽ യു.ഡി.എഫ് ജയിച്ചുകൊണ്ടിരിക്കുന്ന മണ്ഡലത്തിൽ ഒടുവിൽ കേവലം 64 വോട്ടിന് നാസറിന് അടിയറ പറയേണ്ടി വന്നു.ഇന്നും ഓരോ തെരഞ്ഞെടുപ്പ് കാലവും അന്നത്തെ ആവേശങ്ങളെ മനസ്സിൽ നിറക്കുമെന്ന് നാസർ പറയുന്നു. ഇത്തവണ തെരഞ്ഞെടുപ്പിൽ സഹോദരൻ ഇബ്രാഹിം കുട്ടി സ്ഥാനാർഥിയായി പോരാട്ട രംഗത്തുണ്ടെന്ന പ്രത്യേകതയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.