ഒന്നര പതിറ്റാണ്ടിനുശേഷം തൊഴിലാളിയുടെ ശമ്പളക്കുടിശ്ശിക നൽകി സൗദി തൊഴിലുടമ
text_fieldsദമ്മാം: താൻ പോലും മറന്നുപോയ തെൻറ ശമ്പള കുടിശിക സൗദിയിലെ തൊഴിലുടമയിൽനിന്ന് 15 വർഷത്തിനുശേഷം അയച്ചുകിട്ടിയ വിസ്മയത്തിലും സന്തോഷത്തിലും ആലപ്പുഴ സ്വദേശി. ആലപ്പുഴ മണ്ണഞ്ചേരി സ്വദേശി നെടുഞ്ചിറിയിൽ വിനോദിന് അപ്രതീക്ഷിതമായി ലഭിച്ച പണത്തെക്കുറിച്ച് ഇനിയും വിശ്വസിക്കാനായിട്ടില്ല. സൗദിയിൽ വിനോദിെൻറ തൊഴിലുടമയായിരുന്ന മുഹമ്മദ് റമദാൻ ആണ് തെൻറ തൊഴിലാളിയുടെ അർഹമായ പണം കാലങ്ങളേറെ കഴിഞ്ഞിട്ടും മറക്കാതെ അയച്ചുകൊടുത്ത് കടമ നിറവേറ്റിയത്.
2004 ലാണ് വിനോദ് ഡ്രൈവർ വിസയിൽ റമദാെൻറ കീഴിൽ ജോലിക്കെത്തിയത്. അഞ്ച് തൊഴിലാളികളാണ് മൊത്തം ഉണ്ടായിരുന്നത്. ആദ്യമൊക്കെ നല്ല രീതിയിൽ മുന്നോട്ട് പോയെങ്കിലും 2006 ആയതോടെ ശമ്പളം ഇടക്കിടക്ക് മുടങ്ങിത്തുടങ്ങി. ഇതോടെ തൊഴിലാളികളെല്ലാം ലേബർ കോടതിയിൽ കേസിന് പോയി. കോടതി തൊഴിലാളികൾക്ക് അനുകൂലമായി വിധിച്ചെങ്കിലും അവർക്ക് നൽകാൻ തെൻറ കൈയ്യിൽ പണമില്ലെന്നായിരുന്നു മുഹമ്മദ് റമദാെൻറ നിലപാട്. ഇതോടെ മറ്റ് നാലുപേരും നാട്ടിലേക്ക് മടങ്ങി.
എന്നാൽ വിനോദ് തെൻറ കേസുമായി മുന്നോട്ട് പോയി. ഒപ്പം സാമൂഹിക പ്രവർത്തകനും അയൽവാസിയുമായ ഷാജി ആലപ്പുഴയുടെ സഹായത്തോടെ തൊഴിലുടമയുമായി സന്ധി സംഭാഷണത്തിന് ശ്രമിക്കുകയും ചെയ്തു. തെൻറ കൈയ്യിൽ പണമില്ലാത്തത് കൊണ്ടാണ് തരാൻ കഴിയാത്തതെന്നും ദയവായി അത് മനസ്സിലാക്കണമെന്നും റമദാൻ ആവർത്തിച്ചുകൊണ്ടേയിരുന്നു. ഇതിനിടയിൽ ചെറിയ വാഹനം ഓടിക്കാനുള്ള ലൈസൻസ് മാത്രമുള്ള വിനോദ് ട്രെയിലർ ഓടിച്ചതിനുള്ള കുറ്റത്തിന് പലപ്പോഴും ട്രാഫിക് വിഭാഗത്തിൽ നിന്ന് പിഴയും ലഭ്യമായിക്കൊണ്ടിരുന്നു. താൻ പിഴയൊടുക്കിക്കൊള്ളാമെന്ന വാഗ്ദാനവും തൊഴിലുടമ പാലിച്ചില്ല.
ഇതിനിടെ മുഹമ്മദ് റമദാന് സർക്കാർ സഹായത്തോടെ ഇംഗ്ലണ്ടിൽ പോയി പഠിക്കാൻ അവസരം ലഭിച്ചു. ദയവായി കേസ് ഒഴിവാക്കിത്തരണമെന്ന് ഇയാൾ വിനോദിനോടും ഷാജി ആലപ്പുഴയോടും അഭ്യർഥിച്ചു. ട്രാഫിക് പിഴ സംഖ്യ സഹിതം 12,300 റിയാൽ നൽകിയാൽ മാത്രമേ വിനോദിന് നാട്ടിൽ പോകാൻ കഴിയുമായിരുന്നുള്ളൂ. ഗത്യന്തരമില്ലാതെ വിനോദ് നാട്ടിൽ നിന്ന് ഭാര്യയുടെ ആഭരണം വിറ്റ പൈസയെത്തിച്ചാണ് 2008 ൽ നാട്ടിലേക്ക് മടങ്ങിയത്.
വർഷങ്ങൾ കഴിഞ്ഞ് പലപ്പോഴും തൊഴിലുടമ ബന്ധപ്പെടുകയും ചെലവായ പൈസ അയച്ചു തരാമെന്ന് വിനോദിനോട് പറയുകയും ചെയ്തിരുന്നു. എന്നാൽ വർഷങ്ങൾ കഴിഞ്ഞിട്ടും വാഗ്ദാനം പാലിക്കപ്പെടാത്തതിനാൽ വിനോദ് അതൊരു തമാശയായി മറന്നു കളയുകയും ചെയ്തിരുന്നു. അങ്ങനെയിരിക്കെയാണ് കഴിഞ്ഞയാഴ്ച മധ്യസ്ഥനായി നിന്ന ഷാജി ആലപ്പുഴയോട് ബാങ്ക് അക്കൗണ്ട് നമ്പർ ചോദിച്ചുകൊണ്ട് മുഹമ്മദ് റമദാെൻറ വിളിയെത്തിയത്. പലതവണ അക്കൗണ്ട് നമ്പർ നേരത്തെ അയച്ചു നൽകിയിട്ടും ഒന്നും സംഭവിക്കാത്തതിനാൽ ഇത്തവണയും പ്രതീക്ഷയൊന്നും കൂടാതെ ഷാജി അക്കൗണ്ട് നമ്പർ വീണ്ടും നൽകി. എന്നാൽ അത്ഭുതപ്പെടുത്തിക്കൊണ്ട് പിറ്റേന്ന് 12,500 റിയാൽ അക്കൗണ്ടിൽ എത്തി.
പിന്നാലെ മുഹമ്മദ് റമദാെൻറ ഒരു സന്ദേശവും. ‘ഞാനിപ്പോൾ ചെറിയ തോതിൽ ട്രേഡിങ് ബിസിനസ് ചെയ്യുന്നു. പലതവണ പണം അയക്കാൻ ശ്രമിച്ചിട്ടും കഴിഞ്ഞില്ല. ഇപ്പോൾ ഒരു കച്ചവടത്തിൽ നിന്ന് ലഭിച്ച പണത്തിൽനിന്ന് നിെൻറ കടം വീട്ടുകയാണ്. എനിക്ക് പടച്ചവെൻറ മുന്നിൽ കടക്കാരനായി നിൽക്കാൻ വയ്യ.’ ഷാജി ഉടൻ തന്നെ വിനോദിനെ ബന്ധപ്പെട്ട് പണം കൈമാറുകയും ചെയ്തു. ഇപ്പോൾ നാട്ടിൽ ട്രെയിലർ ഡ്രൈവറായി ജോലി ചെയ്യുന്ന വിനോദ് കർണാടകയിലൂടെ ട്രെയിലറോടിച്ച് പോകുേമ്പാഴാണ് ഈ സന്തോഷ വാർത്തയെത്തിയത്.
വിനോദിനും കുടുംബത്തിനും ഇപ്പോഴും ഇത് വിശ്വസിക്കാൻ കഴിയുന്നില്ല. കേസ് നടക്കുന്ന സമയത്തും ഷാജി ആലപ്പുഴ മുഹമ്മദ് റമദാനുമായി നിലനിർത്തിയ ഊഷ്മള ബന്ധമാണ് തനിക്ക് ഈ പണം കിട്ടാൻ കാരണമായതെന്ന് വിനോദ് ഉറച്ചു വിശ്വസിക്കുന്നു. വിനോദ് തന്നെയാണ് ഇക്കാര്യങ്ങൾ ‘ഗൾഫ് മാധ്യമ’ത്തെ അറിയിച്ചത്. വിനോദിെൻറ ഭാര്യ സൗമ്യയും മക്കളായ ആരതിയും ആതിരയും ആദിത്യനും കാലം കടന്നിട്ടും തങ്ങളെ ഓർത്ത സൗദി പൗരനുവേണ്ടി പ്രാർഥിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.