സൗദി ഫാൽക്കൺ മേളയിൽ ശ്രദ്ധേയനായി മലയാളി ജന്തുശാസ്ത്രജ്ഞൻ
text_fieldsറിയാദ്: അറേബ്യൻ പാരമ്പര്യവേഷം ധരിച്ച് അറബി ഭാഷാവഴക്കത്തോടെ വേട്ടപ്പക്ഷിയെ കുറിച്ച് ക്ലാസെടുത്ത് മലയാളി ജന്തുശാസ്ത്രജ്ഞൻ. റിയാദിൽ ആരംഭിച്ച ഇന്റർനാഷനൽ സൗദി ഫാൽക്കൺസ് ആൻഡ് ഹണ്ടിങ് എക്സിബിഷന്റെ രണ്ടാംപതിപ്പിൽ ശ്രദ്ധേയ സാന്നിധ്യമാവുകയാണ് കാലിക്കറ്റ് യൂനിവേഴ്സിറ്റിയിലെ ജന്തുശാസ്ത്ര വിഭാഗം അസി. പ്രഫസറായ ഡോ. സുബൈർ മേടമ്മൽ. സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ ചെയർമാനായ സൗദി ഫാൽക്കൺസ് ക്ലബ് അദ്ദേഹത്തെ ക്ഷണിച്ചുവരുത്തിയതാണ്. യൂനിവേഴ്സിറ്റി കാമ്പസിനുള്ളിൽ പ്രവർത്തിക്കുന്ന അന്തർദേശീയ പക്ഷിഗവേഷണ കേന്ദ്രം കോഓഡിനേറ്റർകൂടിയാണ് ഡോ. സുബൈർ.
റിയാദിൽനിന്ന് 74 കിലോമീറ്ററകലെ മൽഹമിൽ സൗദി ഫാൽക്കൺസ് ക്ലബ് ആസ്ഥാനത്ത് വ്യാഴാഴ്ചയാണ് മേള ആരംഭിച്ചത്. സെപ്റ്റംബർ മൂന്നുവരെ നീളുന്ന മേളയിൽ എല്ലാ ദിവസവും വൈകീട്ട് നാലു മുതൽ രാത്രി 11 വരെയാണ് ശിൽപശാലയും മുഖാമുഖവും. രാജ്യത്തെ വിവിധ ഭാഗങ്ങളിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ട സ്കൂൾ, കോളജ് വിദ്യാർഥികൾക്ക് വേണ്ടിയാണ് ശിൽപശാല. ഫാൽക്കണുകളും അവയുടെ പരിപാലനവും സംബന്ധിച്ച് സൗദി യുവതലമുറയിൽ അവബോധം വളർത്താനുള്ള ഈ പരിശീലന പരിപാടിയുടെ ഭാഗമായി 'ഇൻട്രാക്ടിവ് ഫാൽക്കൺ സോണി'ൽ സന്ദർശകർക്കായി മുഖാമുഖം പരിപാടിയും അദ്ദേഹം നയിക്കുന്നു.
ഫാൽക്കൺ പക്ഷികളെ കുറിച്ച് ഗവേഷണം നടത്തി ഡോക്ടറേറ്റ് നേടിയ ഏക ഏഷ്യക്കാരൻ എന്ന നിലയിൽ സൗദിയിൽ ലഭിച്ച ഈ അവസരം ഒരു അംഗീകാരമായാണ് അദ്ദേഹം കാണുന്നത്. പക്ഷികളുടെ ലേലം, സൗന്ദര്യ മത്സരം, പറക്കൽ മത്സരം, വേട്ട മത്സരം, ഈ വിഷയത്തിലെ കോൺഫറൻസ് തുടങ്ങി വിവിധ വിഭാഗങ്ങളിലായി നടക്കുന്ന ഈ മേളയിലാണ് ലോകത്ത് ഏറ്റവും വലിയ വിലക്ക് പക്ഷികളുടെ വിൽപന നടക്കുന്നതും. അത്തരത്തിലൊരു മേളയുടെ രണ്ടാം പതിപ്പിൽതന്നെ പങ്കെടുക്കാൻ കഴിയുന്നത് തനിക്കും കാലിക്കറ്റ് യൂനിവേഴ്സിറ്റി ജന്തുശാസ്ത്ര വിഭാഗത്തിനും അഭിമാനം നൽകുന്നതാണെന്നും ഡോ. സുബൈർ മേടമ്മൽ 'ഗൾഫ് മാധ്യമ'ത്തോട് പറഞ്ഞു.
പ്രാപ്പിടിയന്റെ ലോകത്ത് ഇരുപത്തേഴാണ്ട്
റിയാദ്: മലപ്പുറം തിരൂർ വാണിയന്നൂർ സ്വദേശിയായ ഡോ. സുബൈർ മേടമ്മൽ 27 വർഷമായി പ്രാപ്പിടിയൻ പക്ഷിയുടെ ലോകത്താണ്. അറബികൾക്ക് ഏറ്റവും പ്രിയപ്പെട്ട വേട്ടപ്പക്ഷിയായ പ്രാപ്പിടിയനോടുള്ള ഇഷ്ടംപെരുത്ത് വളവന്നൂർ ബാഫഖി യതീംഖാന ഹയർ സെക്കൻഡറി ജീവശാസ്ത്ര അധ്യാപകനായിരിക്കെ അഞ്ചുവർഷത്തെ അവധിയെടുത്താണ് ഗവേഷണം നടത്തിയത്. ഏഴ് രാജ്യങ്ങളിൽ അലഞ്ഞാണ് ഗവേഷണ പഠനങ്ങൾ പൂർത്തീകരിച്ചത്. ഗൾഫ് രാജ്യങ്ങളിൽനിന്നുള്ള ഡേറ്റ ശേഖരണത്തിന് പുറമെ ജർമനിയിൽനിന്ന് ഫാൽക്കണുകളുടെ കൃത്രിമ പ്രജനനത്തിൽ പ്രത്യേക പരിശീലനവും നേടി 2004ൽ കാലിക്കറ്റ് യൂനിവേഴ്സിറ്റിയിൽനിന്ന് ഡോക്ടറേറ്റ് കരസ്ഥമാക്കി.
തൊട്ടുടനെ അവിടെ ജന്തുശാസ്ത്ര വിഭാഗത്തിൽ റിസർച്ച് വിഭാഗത്തിൽ ജോലിയിൽ പ്രവേശിച്ചു. 2010ൽ അന്നത്തെ യു.എ.ഇ പ്രസിഡന്റ് ശൈഖ് ഖലിഫ ബിൻ സായിദ് ആൽനഹ്‍യാന്റെ ക്ഷണപ്രകാരം അദ്ദേഹത്തിന്റെ ഫാൽക്കണുകളെ നോക്കാനായി അബൂദബിയിലെത്തി. അതിനിടയിൽ ദേശീയ പെട്രോളിയം കമ്പനിയായ 'അഡ്നോക്കി'ൽ പരിസ്ഥിതി ശാസ്ത്രജ്ഞനായി ചുമതലയേറ്റു. അതിനിടെ 2012ൽ കാലിക്കറ്റ് യൂനിവേഴ്സിറ്റിയിൽ ജന്തുശാസ്ത്ര വിഭാഗത്തിൽ അസി. പ്രഫസറാകാൻ നാട്ടിലേക്ക് മടങ്ങി. ഈ കാലത്തിനിടയിൽ ഫാൽക്കൺ വിഷയത്തിൽ ഒട്ടേറെ നേട്ടങ്ങൾ സ്വന്തമാക്കാൻ ഡോ. സുബൈറിനായി. 2001ൽ എമിറേറ്റ്സ് ഫൽക്കണേഴ്സ് ക്ലബിൽ അംഗത്വം കിട്ടിയ അറബിയല്ലാത്ത ഏക വ്യക്തിയായി. അബൂദബിയിൽ അറബ് ഹണ്ടിങ് ഷോയിൽ തുടർച്ചയായി 20 വർഷമായി പങ്കെടുക്കുന്നു.
ഖത്തർ, കുവൈത്ത്, ബഹ്റൈൻ എന്നിവിടങ്ങളിൽ നടക്കുന്ന ഫാൽക്കൺ മേളകളിലും സ്ഥിരം ക്ഷണിതാവാണ്. 2018ൽ മൊറോക്കോയിൽ തുടങ്ങിയ ഫാൽക്കൺ ബ്രീഡിങ് സെന്ററിന്റെ നിർമാണത്തിൽ കൺസൾട്ടന്റ് എന്ന നിലയിൽ പങ്കാളിയായി. 2019ൽ ആസ്ട്രേലിയൻ ചാൾസ് സ്റ്റർട്ട് യൂനിവേഴ്സിറ്റിയിൽ ഇന്ത്യയിലെ ഫാൽക്കണുകളെ കുറിച്ച് ക്ലാസെടുക്കാൻ ക്ഷണിക്കപ്പെട്ടു. 2019ൽ സ്ഥാപിച്ച അന്തർദേശീയ പക്ഷിഗവേഷണ കേന്ദ്രത്തിെന്റ കോഓഡിനേറ്ററായും പ്രവർത്തിക്കുന്നു. തിരൂർ ബാഫഖി യതീംഖാന ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് ടു അധ്യാപികയായ സജിതയാണ് ഭാര്യ. മക്കൾ: ആദിൽ സുബൈർ (ബി.എസ്.സി ലൈഫ് സയൻസ്), അമൽ സുബൈർ (ഒമ്പതാം ക്ലാസ് വിദ്യാർഥി), അൽഫ സുബൈർ (ആറാം ക്ലാസ് വിദ്യാർഥിനി).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.