സൗദി ദേശീയ ദിനാഘോഷം; ആണിയും നൂലും കൊണ്ട് കിരീടാവകാശിയുടെ ചിത്രം നെയ്ത് സഹീർ
text_fieldsറിയാദ്: സൗദി ദേശീയദിനം മലയാളികൾ ആഘോഷപൂർവം കൊണ്ടാടിയപ്പോൾ വ്യത്യസ്ത രീതിയിൽ രാജ്യത്തിന് ആദരവർപ്പിച്ച് കോഴിക്കോട് ചേവായൂർ സ്വദേശി സഹീർ മൊഹിയുദ്ദീൻ. 300 ആണികളും നാലായിരം മീറ്റർ നൂലും ഉപയോഗിച്ച് നാല് ദിവസം കൊണ്ട് കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാന്റെ ചിത്രം നെയ്താണ് സഹീർ ആദരം വിസ്മയകരമാക്കിയത്. റിയാദിലെ മലയാളി കൂട്ടായ്മയായ ‘കോഴിക്കോടൻസ്’ ബത്ഹ മ്യൂസിയം പാർക്കിൽ സംഘടിപ്പിച്ച ദേശീയദിനാഘോഷ പരിപാടിയിലാണ് സഹീർ കൗതുകം ജനിപ്പിക്കുന്ന ഈ ചിത്രം പ്രദർശിപ്പിച്ചത്.
കാൻവാസിൽ ആണികൾ തറച്ച് അതിൽ നൂല് കൊണ്ട് അത്ഭുതകരമായ കരവിരുതാൽ ഊടും പാവുമിട്ടാണ് ഛായാചിത്രം നെയ്തെടുക്കുന്നത്. ലോകത്ത് വ്യത്യസ്ത മേഖലകളിൽ അന്യാദൃശവും മഹത്വപൂർണവുമായ സ്വാധീനം ചെലുത്തുന്ന വ്യക്തിത്വങ്ങളുടെ ഛായാചിത്രങ്ങൾ ഇങ്ങനെ പുതിയ ചിത്രകല സാങ്കേതങ്ങൾ ഉപയോഗിച്ച് ഒരുക്കുകയാണ് ലക്ഷ്യമെന്ന് സഹീർ പറയുന്നു. സൗദി അറേബ്യയുടെ അത്ഭൂതപൂർവമായ സാമൂഹിക മാറ്റത്തിനും വളർച്ചക്കും ചുക്കാൻ പിടിച്ച കിരീടാവകാശിയുടെ ചിത്രം തന്നെ തന്റെ സർഗാത്മക ദൗത്യത്തിന് ആദ്യം തിരഞ്ഞെടുക്കാനുള്ള കാരണവും അതാണ്.
സൗദി രാജാവ് സൽമാൻ ബിൻ അബ്ദുൽ അസീസ്, വിഖ്യാത ഫുട്ബാൾ താരം റൊണാൾഡോ, പ്രമുഖ വ്യവസായി എം.എ. യൂസുഫ് അലി എന്നിവരാണ് ഇപ്പോൾ സഹീറിന്റെ പണിപ്പുരയിലുള്ളത്. കുറഞ്ഞ ദിവസങ്ങൾ കൊണ്ട് തന്നെ അവ പൂർത്തിയാക്കുമെന്ന് സഹീർ പറഞ്ഞു.
റിയാദിൽ ഒരു രാജകുടുംബത്തിന്റെ കൂടെ ജോലി ചെയ്യുന്ന സഹീർ കുട്ടിക്കാലം മുതൽ ജന്മസിദ്ധമായ ചിത്രരചനയിൽ സജീവമാണ്. അതിലെ എല്ലാ സങ്കേതങ്ങളിലും വര വൈഭവം തെളിയിക്കാൻ ശ്രമം നടത്തുന്നു. അതിലൊന്നാണ് ആണിയും നൂലും കൊണ്ടുള്ള ഈ കരവിരുത്. ഇതിന് പുറമെ സാമൂഹികപ്രവർത്തന രംഗത്ത് സജീവമായ അദ്ദേഹം മൈൻഡ് തെറാപ്പിസ്റ്റും ഫാമിലി കൗൺസിലറും കൂടിയാണ്. റിയാദിൽ ജീവകാരുണ്യ സാമൂഹിക സംഘടന പ്രവർത്തനങ്ങളിൽ കർമനിരതനാണ്.
പഠനകാലത്ത് കാർട്ടൂണുകളും കാരിക്കേച്ചറുകളും വരച്ചിരുന്നെങ്കിലും പ്രവാസത്തിന്റെ തിരക്കിൽപെട്ട് വര മുങ്ങിപ്പോയി. നീണ്ടൊരു ഇടവേളക്ക് ശേഷമാണ് അത് വീണ്ടെടുത്തത്. അപ്പോൾ ചിത്രരചനയിലെ പുതിയ പരീക്ഷണങ്ങളിലായി താൽപര്യം. ഒഴിവുസമയം കണ്ടെത്തി ഇനി ഈ മേഖലയിൽ പരമാവധി സജീവമാകാൻ ഒരുങ്ങുകയാണെന്ന് സഹീർ ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു. ചിത്രരചന ഉൾപ്പടെ കലാരംഗത്ത് വലിയ മാറ്റങ്ങളാണ് ഈ ടെക്ക് യുഗത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത്. ടെക്നോളജി അനുനിമിഷം മാറിക്കൊണ്ടിരിക്കുന്നു. അതുകൊണ്ട് തന്നെ കണ്ണിമ ചിമ്മാതെ ഉണർന്നിരുന്നാൽ മാത്രമേ പുതിയ മാറ്റങ്ങൾ അറിയാനാവൂ. പുതിയ കാര്യങ്ങൾ അറിയാനുള്ള നിതാന്ത ജാഗ്രതയിലും പഠനത്തിലുമാണ് ഇപ്പോൾ.
കുടുംബത്തോടൊപ്പം റിയാദിൽ താമസിക്കുന്ന സഹീർ മൊഹിയുദ്ദീന്റെ ഭാര്യ സുമിത സഹീർ എറിത്രിയൻ ഇന്റർനാഷനൽ സ്കൂളിൽ ടീച്ചിങ് സൂപ്പർവൈസറാണ്. മകൻ മിസ്ഹബ് മൊഹിയുദ്ദീൻ ഉപരിപഠനത്തിനായി ഇറ്റലിയിലാണ്. മകൾ നൗറീൻ സഹീറും ഭർത്താവ് ഫർശിദ് റഹ്മാനും റിയാദിലുണ്ട്. വിവിധതരം സാമൂഹിക തിന്മകൾക്കെതിരെ ആർട്ടിലൂടെ ബോധവത്കരണ പരിപാടികൾ ആരംഭിക്കാൻ ആലോചിക്കുന്നുണ്ടെന്നും സഹീർ മൊഹിയുദ്ദീൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.