കിടിലൻ മൈലേജുള്ള ജീപ്പും ബൈക്കും
text_fieldsനല്ല മൈലേജുള്ള വാഹന നിർമാതാക്കളായാണ് കൊല്ലം ഓച്ചിറ വയനകം വി.എച്ച്.എസ്.എസിലെ മുഹമ്മദ് സമീമിന്‍റെയും കൂട്ടുകാരുടെയും വരവ്. മലയും കുന്നും അനായാസം കയറുമെന്ന് മാത്രമല്ല, റോഡിലൂടെ ചീറിപ്പായും സമീമിന്‍റെ വാഹനങ്ങൾ. വൊക്കേഷനൽ എക്സ്പോയിലെ ജീപ്പും ഹൈബ്രിഡ് സ്കൂട്ടറും കണ്ട് ഇവിടെ എന്താണിവക്ക് കാര്യമെന്ന് ചോദിച്ചവർ നിരവധി.
വാഹന കമ്പക്കാരനായിരുന്ന സമീമിന് വാഹനങ്ങളുടെ കുഞ്ഞന്‍ മാതൃകകളുടെ നിർമാണത്തിൽ വലിയ താൽപര്യമായിരുന്നു. ടിപ്പറും ജീപ്പും മിനിലോറിയും കെ.എസ്.ആര്‍.ടി.സി ബസുമെല്ലാം അവധി ദിവസങ്ങളിൽ നിർമിച്ച് താരമായി. അതിൽനിന്നാണ് കയറിയിരുന്ന് ഓടിക്കാവുന്ന ജീപ്പ് സ്വന്തമായി ഡിസൈന്‍ ചെയ്ത് നിർമിച്ചത്.
ആക്രിക്കടയിൽനിന്ന് ശേഖരിച്ച ഉൽപന്നങ്ങൾകൊണ്ടാണ് ഇവ നിർമിച്ചത്. ഓട്ടോയുടെ എന്‍ജിനും ടാങ്കും നാനോ കാറിന്‍റെ ടയറുകളും ഓട്ടോയുടെ ഗിയർ സംവിധാനങ്ങളും കൂടി ചേർത്ത് 40 കിലോമീറ്റർ മൈലേജ് കിട്ടുന്ന ജീപ്പൊരുക്കി. ഒരു മാസം കൊണ്ടായിരുന്നു നിറമാണം. ജപ്പാന്‍ ഷീറ്റും സ്‌ക്വയര്‍ട്യൂബും ഉപയോഗിച്ചാണ് ബോഡി നിര്‍മിച്ചത്. രണ്ടുസീറ്റ് ഒരുക്കിയിട്ടുണ്ട്. ഏഴുപേരെവരെ കയറ്റി ഓടിക്കാം.
പെട്രോളിലും ബാറ്ററിയിലും ഓടുന്ന സ്കൂട്ടർ തയാറാക്കാൻ 20 ദിവസമാണ് എടുത്തത്. കൂട്ടിന് സുഹൃത്തുക്കളായ ആദിത്യൻ സുനിൽ, ഭഗിൽ, അഹ്സൻ എന്നിവരും ചേർന്നു. 50 കിലോമീറ്റർ മൈലേജ് കിട്ടുന്ന വാഹനം പെട്രോളിൽ ഓടിക്കൊണ്ടിരിക്കുമ്പോൾ ബാറ്ററി ചാർജാകുകയും ചെയ്യുമെന്നതാണ് പ്രത്യേകത. അധ്യാപകരായ സന്തോഷ് ബാബു, കെ.എൻ. പ്രശാന്ത്, ആർ. അരുൺ, അജിൻ വിഷ്ണു എന്നിവരടങ്ങുന്ന സംഘത്തിനൊപ്പമാണ് വിദ്യാർഥികൾ എക്സ്പോയിലെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.