ഡോക്ടറുടെ കരവിരുതിൽ ഹിപ്പോക്രാറ്റസ് ശിൽപം
text_fieldsപയ്യന്നൂർ: ആധുനിക വൈദ്യശാസ്ത്രത്തിന്റെ പിതാവായ ഹിപ്പോക്രാറ്റസിന്റെ ശിൽപം കണ്ണൂർ ഗവ.മെഡിക്കൽ കോളജിനു മുന്നിൽ ഇടംപിടിച്ചു. മൂന്നു പതിറ്റാണ്ടോളമായി ഇവിടെ ജോലി ചെയ്യുന്ന ഒരു ഡോക്ടറാണ് ശിൽപി എന്നറിയുമ്പോഴാണ് ഇതിന്റെ പ്രാധാന്യം വർധിക്കുന്നത്.
മെഡിക്കൽ കോളജിലെ ജനറൽ മെഡിസിൻ വിഭാഗത്തിലെ അസോസിയേറ്റ് പ്രഫസർ ഡോ. രമേശനാണ് ശിൽപിയായത്. ഡോക്ടർക്ക് ശിൽപകലയിലേക്ക് വഴികാട്ടിയത് പ്രമുഖ ശിൽപിയും ചിത്രകാരനുമായ കെ.കെ.ആർ വെങ്ങരയാണ്. 2017ൽ കുഞ്ഞിമംഗലത്ത് ക്ഷേത്രകലാ അക്കാദമിയുടെ ആഭിമുഖ്യത്തിൽ ശിൽപകലാ ക്യാമ്പ് നടക്കുന്നതിനിടയിലാണ് ഡോക്ടറിലെ ശിൽപിയെ കെ.കെ.ആർ കണ്ടെത്തുന്നത്.
വിരമിക്കുന്നതിന് മുമ്പ് മെഡിക്കൽ കോളജിന് മുന്നിൽ ഒരു ശിൽപം സ്ഥാപിക്കണമെന്ന ഗുരുവിന്റെ നിർദേശമാണ് ഹിപ്പോക്രാറ്റസിന്റെ അർധകായ ശിൽപത്തിന്റെ പിറവിക്ക് കാരണമായത്. പഠിക്കുമ്പോൾ ശിൽപ നിർമിതിയിൽ നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട് ഡോക്ടർ. സാങ്കേതിക സഹായികളായി കെ.കെ.ആറിന്റെ ശിഷ്യൻമാരായ ഷാജി മാടായിയും നിധിൻ ഗോപാലകൃഷ്ണനും രതീഷ് പടോളിയും കൂട്ടുചേർന്നപ്പോൾ പിറവി ചരിത്രമായി.
ഫൈബർ കാസ്റ്റിങ്ങിന് സജീവനും പീഠമൊരുക്കുവാൻ മോഹൻ കുമാറുമെത്തി. പ്രോത്സാഹനവുമായി ഗോവിന്ദൻ മണ്ടൂരും കൂടിയായപ്പോൾ ഡോക്ടറുടെസ്വപ്നം യാഥാർഥ്യമായി. ഈ മാസം 16ന് വൈകീട്ട് നാലിന് പ്രശസ്ത ശിൽപി കാനായി കുഞ്ഞിരാമൻ ഡോക്ടറുടെ സൃഷ്ടിയുടെ അനാഛാദനം നിർവഹിക്കും. കേരളത്തിൽ ആദ്യമായാണ് ഒരു ഡോക്ടർ നിർമിച്ച ശിൽപം മെഡിക്കൽ കോളജിനു മുന്നിൽ അനാച്ഛാദനം ചെയ്യപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.