ഷബീർ അലി എന്ന പ്രവാസി കലാകാരൻ
text_fieldsഒഴിവുകളില്ലാത്ത പ്രവാസലോകത്ത് ജോലിയില്‍ അപൂർവമായി ലഭിക്കുന്ന ഇടവേളകള്‍ ഉപയോഗപ്പെടുത്തി തന്‍റെ ഇഷ്ടവിനോദമായ ചിത്ര രചനയില്‍ മുഴുകുകയാണ് മലപ്പുറം രാമപുരം സ്വദേശി ഷബീര്‍ അലി. 2004 ല്‍ മഞ്ചേരിയില്‍ നിന്നും ഫൈന്‍ ആര്‍ട്സ് കോഴ്സ് പൂര്‍ത്തിയാക്കിയ ഷബീര്‍ 2008ലാണ് അജ്മാനിലെ ഒരു സ്റ്റുഡിയോയില്‍ ഗ്രാഫിക്ക് ഡിസൈനറായി ജോലിക്ക് എത്തുന്നത്. ആദ്യകാലത്ത് മനസ്സിലെ കലകളെ ഓരത്ത് വെക്കേണ്ടി വന്നു ഷബീര്‍ അലിക്ക്. അപ്രതീക്ഷിതമായി കലാകാരന്മാരുടെ കൂട്ടായ്മയില്‍ അംഗമായതോടെയാണ് 2019ല്‍ ചിത്രരചനയുടെ ശീലം പൊടിതട്ടിയെടുക്കുന്നത്. വല്ലപ്പോഴും ലഭിക്കുന്ന ഒഴിവുവേളകള്‍ ഉപയോഗപ്പെടുത്തി ഷബീര്‍ അലി തന്‍റെ മോഹങ്ങള്‍ക്ക് ഉപയോഗപ്പെടുത്തി. പെന്നിലും പെന്‍സിലിലുമായി ചിത്രങ്ങള്‍ വരച്ചു തുടങ്ങി. പലപ്പോഴും ദിവസങ്ങള്‍ എടുത്താണ് ചിത്രങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയുന്നത്. ഇതിനകം നാനൂറിലേറെ ചിത്രങ്ങള്‍ ഷബീര്‍ അലി പൂര്‍ത്തീകരിച്ചു.
ചിത്രങ്ങളുടെ വീഡിയോ പകര്‍ത്തി ഷബീര്‍ആര്‍ട്ട്ഗാലറി എന്ന പേരില്‍ ഒരു യൂട്യുബ് ചാനലും ആരംഭിച്ചു. യുട്യുബില്‍ ഇടുന്ന ചിത്രങ്ങള്‍ക്ക് നിരവധി രാജ്യക്കാരുടെ പ്രശംസകളും ഷബീര്‍ അലിക്ക് ലഭിക്കുന്നുണ്ട്. തന്‍റെ ചിത്രങ്ങള്‍ ഉപയോഗപ്പെടുത്തി ഒരു ചിത്ര പ്രദര്‍ശനം സംഘടിപ്പിക്കണം എന്ന ആഗ്രഹമുണ്ട് ഈ മുപ്പത്തിയെട്ടുകാരന്.
ചിത്രങ്ങള്‍ വരച്ച് നല്‍കാനായി നിരവധി പേര്‍ ആവശ്യപ്പെടാറുണ്ടെങ്കിലും ജോലിത്തിരക്ക് കാരണം സമയത്തിന് നല്‍കാന്‍ കഴിയാത്തതിനാല്‍ പരമാവധി ഒഴിവാകേണ്ടി വരികയാണെന്ന് ഷബീര്‍ അലി പറയുന്നു. ഈ മേഖലയില്‍ ഇനിയും ഒരുപാട് മുന്നോട്ട് പോകണമെന്നും പുതിയ സാധ്യതകളും സാങ്കേതികവിദ്യകളും ഉപയോഗപ്പെടുത്തി കൂടുതല്‍ മികവുറ്റ ചിത്രങ്ങള്‍ തയാറാക്കാനുള്ള ഒരുക്കത്തിലാണ് പതിനാറു വര്‍ഷമായി അജ്മാനില്‍ ജോലി ചെയ്യുന്ന ഈ മലപ്പുറം സ്വദേശി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.