ഒറ്റക്കാലിനാൽ അസാധ്യതയുടെ മലകൾ കീഴടക്കി ഷഫീഖ്
text_fieldsദമ്മാം: ജീവിതത്തിൽ ഇനിയെന്തെന്ന ചോദ്യം ചോദിച്ചവരുടെ മുന്നിൽ തലയുയർത്തിതന്നെ ജീവിക്കണമെന്ന നിശ്ചയദാർഢ്യം അസാധ്യമായതിനെയൊക്കെ ഒറ്റക്കാലുകൊണ്ട് കീഴടക്കാൻ ഈ ചെറുപ്പക്കാരനെ പ്രേരിപ്പിക്കുകയായിരുന്നു. മലപ്പുറം, ചേളാരി, പടിക്കൽ വീട്ടിൽ ഷഫീഖ് പാണക്കാടൻ (34) ഒറ്റക്കാലുകൊണ്ട് താണ്ടിനേടിയത് അസാധ്യമെന്ന് കരുതിയ വിസ്മയ നേട്ടങ്ങളാണ്.
യു.എ.ഇയിലെ ഉയരം കൂടിയ ജബൽ ജൈസും (ജൈസ് മല) മക്കയിലെ ജബൽ അൽ നൂറും (അൽ നൂറ് പർവതം) വയനാട് ചുരവുമൊക്കെ ഒറ്റക്കാലിൽ നടന്നുകയറിയ ഷഫീഖ് നാല് ബുക്സ് ഓഫ് റെക്കോർഡുകളാണ് സ്വന്തമാക്കിയത്.
ഇന്ത്യൻ ആംബൂട്ടി ഫുട്ബാൾ കളിക്കാരൻകൂടിയായ ഷഫീഖ് ഇറാനിൽ ഇന്ത്യൻ ടീമിനുവേണ്ടി കളത്തിലിറങ്ങി. കേരള നീന്തൽ മത്സരത്തിൽ ചാമ്പ്യനുമായി ദിവ്യാംഗനായ ഈ ചെറുപ്പക്കാരൻ. തന്റെ നേട്ടങ്ങൾക്കപ്പുറത്ത് ദിവ്യാംഗരുടെ അവകാശപോരാട്ടത്തിനു നേതൃത്വംകൊടുത്തതു പരിഗണിച്ച് സംസ്ഥാന സർക്കാർ സാമൂഹികക്ഷേമ വകുപ്പിന്റെ സോഷ്യൽ ജസ്റ്റിസ് അവാർഡ് നൽകി ആദരിച്ചിട്ടുണ്ട്.
10ാം ക്ലാസ് പരീക്ഷ കഴിഞ്ഞ് ഫലം കാത്തിരിക്കുന്ന അവധിക്കാലത്താണ് ജീവിതം കീഴ്മേൽമറിച്ച ആ ദുരന്തമുണ്ടാകുന്നത്. റോഡ് മുറിച്ചു കടക്കുന്നതിനിടെ ടാങ്കർ ലോറി ജീവിതത്തെ തകർത്തെറിഞ്ഞു. വലതുകാൽ മുറിച്ചു മാറ്റേണ്ടിവന്നു. ഒന്നനങ്ങാൻ പോലുമാവാതെ ജീവിതത്തെ തളച്ചിട്ടു.
ചുറ്റമുള്ളവരുടെ സഹതാപവാക്കുകൾ അസഹ്യമായപ്പോൾ ജീവിതംതന്നെ തീർന്നുപോയിരുന്നെങ്കിലെന്ന് ചിന്തിച്ചുപോയി. പക്ഷേ അവിടെനിന്നാണ് സുഹൃത്ത് ഷമീം ഷെഫീഖിനെ കോരിയെടുത്ത് സൗഹൃദങ്ങളുടെ മുന്നിലെത്തിച്ചത്. ഷഫീഖിനെയുംകൂട്ടി അവർ യാത്രകൾ പ്ലാൻ ചെയ്തു.
ആഴ്ചയിൽ ഒന്നെന്ന കണക്കിൽ യാത്രകളുടെ തുടക്കമായിരുന്നത്. യാത്രകളും കൂട്ടുകാരുടെ പ്രോത്സാഹനവും ജീവിതത്തിലേക്കു പിടിച്ചുകയറാൻ പ്രേരിപ്പിച്ചു. പിന്നീട് വടിയും കുത്തിപ്പിടിച്ച് ഷഫീഖ് നടന്നു തീർത്തതത്രയും ചരിത്രം. ഇന്ത്യയെ പിടിച്ചുകുലുക്കിയ കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കുത്തനെയുള്ള വയനാടൻ ചുരം 15 കിലോമീറ്റർ വടിയും കുത്തിപ്പിടിച്ചു നടന്നുകയറി. ഡൽഹിയിലെത്തി ഒരു മാസക്കാലം നേരിട്ട് സമരത്തിൽ പങ്കെടുത്തു.
പൗരത്വ സമരകാലത്ത് കോഴിക്കോട് കടപ്പുറത്ത് ഒരുക്കിയ ‘ഷഹീൻ ബാഗ്’ മാതൃക സമരത്തിലേക്ക് തന്റെ ഗ്രാമത്തിൽ നിന്ന് 30 കിലോമീറ്റർ ദൂരം ഷഫീഖ് നടന്നെത്തി. അത് സമരക്കാർക്ക് വലിയ പ്രചോദനമായി.
കാൽപന്തുകളിയോടുളള സ്നേഹംകൊണ്ട് ഒരു രാത്രിയിൽ മലപ്പുറത്ത് നടക്കുന്ന കളി കാണാൻ വടിയും കുത്തിപ്പിടിച്ചെത്തിയ ഷഫീഖിനോട് ഇവനൊക്കെ വീട്ടിലിരുന്നാൽ പോരെ എന്ന കാണികൾക്കിടയിൽ നിന്നുയർന്ന ചോദ്യത്തിന് ആംബൂട്ടി ഫുട്ബാൾ ജില്ലാ ടീമിലെത്തി മധുരപ്രതികാരം വീട്ടി. അവിടെ നിന്നും ഇന്ത്യൻ ടീമിൽ.
ഒടുവിൽ ഇറാനിൽ നടന്ന വേൾഡ് ആംബൂട്ടി ഫുട്ബാൾ ടൂർണമെന്റിൽ ഷഫീഖ് ഇന്ത്യക്കുവേണ്ടി പന്തുതട്ടി. തിരികെ വരുംവഴി ദുബൈയിലിറങ്ങി അവിടുത്തെ ഭരണകൂടം ദിവ്യാംഗർക്ക് നൽകുന്ന പിന്തുണയോടുള്ള ആദരസൂചകമായി അവിടുത്തെ ഏറ്റവും ഉയരമുള്ള മലയുടെ നെറുകയിലേക്ക് 24 കിലോമീറ്റർ നടന്നുകയറി.
ഉംറചെയ്യാൻ മക്കയിലെത്തിയപ്പോൾ വ്രതമെടുത്ത് ജബൽ അൽ നൂർ നടന്നുകയറി ഹിറാ ഗുഹയിലെത്തി. സ്മിതം ചാരിറ്റബിൽ ട്രസ്റ്റും ഡിഫന്റ്ലി ഏബിൽ പിപ്പീൾ ലീഗും സ്ഥാപിച്ച് നിരവധിപേർക്ക് പിന്തുണയും സഹായവുമെത്തിച്ചു.
ഒന്നും നടക്കില്ലെന്ന് പറയുന്നവരുടെ മുന്നിൽ അതൊക്കെ നടക്കുമെന്ന് കാണിച്ചുകൊടുക്കണം എന്ന ദൃഢനിശ്ചയമാണ് തന്നെ ജീവിതത്തിലേക്ക് തിരികെയെത്തിച്ചതെന്ന് ഷഫീഖ് പറയുന്നു. ജീവിതത്തിലെ ഏറ്റവും വലിയ സങ്കടം ഒറ്റപ്പെട്ടുപോവുക എന്നതാണ്.
അതിൽനിന്ന് പുറത്തുകടക്കാനുള്ള ശ്രമം കൂടിയായിരുന്നു ജീവിതം. അതൊരു ജീവിതസമരമായിരുന്നു. ഉംറ ചെയ്യാൻ വീണ്ടും സൗദിയിലെത്തിയ ഷഫീഖ് രാജ്യം മുഴുവൻ സഞ്ചരിക്കാനുള്ള ഒരുക്കത്തിലാണ്. ഭാര്യ റഹ്മത്തുൽ അർഷയും മകൾ ആയിഷ ഹിന്ദും ഷഫീഖിന് പിന്തുണയുമായി ഒപ്പമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.