ഷാജഹാന്റെ അത്തർ മണം
text_fieldsറിയാദ്: ഒരു ഈദുൽ ഫിത്ർ കൂടി കടന്നുപോകുമ്പോൾ അത്തർ വിൽക്കുന്ന തിരക്കിലായിരുന്നു കസ്തൂരി ഷാജഹാൻ. റിയാദിലെ മലസിൽ ആ അത്തർ സുഗന്ധം പുരളാത്തവർ വിരളം. അത്രമേൽ പഴക്കമുണ്ട് കസ്തൂരി എന്നറിയപ്പെടുന്ന ഷാജഹാന്റെ അത്തർ കച്ചവടത്തിനും ആ സുഗന്ധത്തിനും. 57 കാരനായ കൊല്ലം ചിന്നക്കട സ്വദേശി ഷാജഹാൻ 37 വർഷമായി റിയാദിൽ പ്രവാസിയാണ്. ആദ്യ 17 വർഷം സ്വകാര്യ ടാക്സി ഡ്രൈവറായിരുന്നു. എന്നാൽ ഈ ജോലിയിലുള്ള നിയമ തടസ്സം കാരണം അതൊഴിവാക്കി മറ്റൊരു ഉപജീവനം തേടി. 20 വർഷം മുമ്പ് ജീവിതം വഴിമുട്ടിയ അവസ്ഥയിൽ അത്തർ വ്യാപാരിയായി.
റിയാദിലെ പല പ്രദേശങ്ങളിലും കാൽനടയായി കച്ചവടം ചെയ്തെങ്കിലും കഴിഞ്ഞ ഏഴു വർഷമായി മലസിലെ അൽമാസ് റസ്‌റ്റാറൻറിന് മുന്നിലെ തെരുവിൽ സ്ഥിരകച്ചവടക്കാരനാണ്. വൈകീട്ട് നാല് മുതൽ രാത്രി 11 വരെയാണ് വിൽപന. സ്വദേശികളും വിദേശികളുമായി നിരവധി സ്ഥിരം ഉപഭോക്താക്കളുണ്ട്.
ഒരിക്കൽ വഴിയോര കച്ചവടക്കാരെ പൊലീസ് പിടിച്ചപ്പോൾ ഷാജഹാനും പിടിയിലായി 28 ദിവസം ജയിലിൽ കിടന്നു. കോടതിയിൽ ഹാജരാക്കിയപ്പോൾ ജഡ്ജിയുടെ കാരുണ്യത്തിൽ പുറത്തിറങ്ങാനായി. എന്ത് കച്ചവടമാണ് ചെയ്തതെന്ന ചോദ്യത്തിന് അത്തറെന്ന് പറഞ്ഞതോടെ ജഡ്ജിക്ക് മനംമാറ്റമുണ്ടായി. പ്രവാചകന് ഇഷ്ടമുള്ളതാണ് സുഗന്ധ കച്ചവടം എന്ന് ഓർമപ്പെടുത്തി കോടതി വെറുതെ വിട്ടു. അതിൽ പിന്നെ ധൈര്യപൂർവമാണ് വ്യാപാരം.
10 മുതൽ 80 റിയാൽ വരെ വിലയുള്ള 150 ഓളം വ്യത്യസ്ത ഇനങ്ങളുണ്ട്. പെരുന്നാൾ ദിവസങ്ങളിൽ ഇദ്ദേഹത്തിന്റെ സുഗന്ധ കൂട്ടിന് ആവശ്യക്കാരുടെ തിരക്കാണ്. ഉമ്മയും ഭാര്യയും മൂന്നു മക്കളുംഅടങ്ങുന്ന കുടുംബം ഈ വരുമാനത്തിൽ നല്ലപോലെ കഴിയുന്നതിന്റെ സുഗന്ധം മനസ്സിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.