സ്വാതന്ത്ര്യ സമരസേനാനികളുടെ 75 കാരിക്കേച്ചറുകളുമായി ഷാജിയുടെ പ്രദര്‍ശനം
text_fieldsപത്തനംതിട്ട: സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി സമര സേനാനികളുടെ 75 കാരിക്കേച്ചറുകളുമായി കാര്‍ട്ടൂണിസ്റ്റ് ഷാജി മാത്യുവിന്റെ പ്രദര്‍ശനം കൗതുകത്തോടൊപ്പം അറിവിന്റെ വേദിയായി മാറി. വെള്ളിയാഴ്ച രാവിലെ പത്തിന് പത്തനംതിട്ട സെന്റ് മേരീസ് ഹൈസ്‌കൂള്‍ അങ്കണത്തില്‍ വിദ്യാരംഭം കലാസാഹിത്യ വേദിയുടെ സഹകരണത്തോടെ നടന്ന പ്രദര്‍ശനം കലക്ടര്‍ ദിവ്യാ എസ്.അയ്യര്‍ ഉദ്ഘാടനം ചെയ്തു.
മഹാത്മാഗാന്ധി, ജവഹര്‍ലാല്‍ നെഹ്‌റു, രവീന്ദ്രനാഥടാഗോര്‍, സുഭാഷ് ചന്ദ്രബോസ്, ഭഗത് സിംഗ്, ചന്ദ്രശേഖര്‍ ആസാദ് അടക്കം സ്വാതന്ത്ര്യ സമരത്തിന്റെ മുന്‍നിരപോരാളികള്‍ക്കൊപ്പം കേരളത്തിന്റെ സ്വാതന്ത്ര്യ സമര നേതാക്കളുടെ ചിത്രങ്ങളും പ്രദര്‍ശനത്തില്‍ ഇടം പിടിച്ചു. എഴുപത്തിയഞ്ച് സമര സേനാനികളുടെയും ചിത്രങ്ങള്‍ 75 പേപ്പറുകളില്‍ കേവലം രണ്ടു ദിവസംകൊണ്ടാണ് ഷാജി വരച്ചത്.
വിദ്യാര്‍ഥികള്‍ക്ക് ഇതുവരെ അറിവില്ലാത്ത സ്വാതന്ത്ര്യ സമര സേനാനികളുടെ ചിത്രങ്ങളും അവരുടെ സേവന കഥകളും അറിവിന്റെ വാതായനം തുറന്നിട്ടു. കുട്ടിമാളു അമ്മ, കൗമുദി ടീച്ചര്‍, അക്കാമ്മ ചെറിയാന്‍, ഇ.എം.എസ് നമ്പൂതിരിപ്പാട്, എ.കെ. ഗോപാലന്‍, പി.കൃഷ്ണപിള്ള എന്നിവരടക്കം നിരവധി സമരസേനാനികളുടെ കാരിക്കേച്ചറുകള്‍ കുട്ടികള്‍ക്ക് പകര്‍ന്നു നല്‍കിയത് പുതിയ അനുഭവം.സ്‌കൂള്‍ അങ്കണത്തില്‍ ആരംഭിച്ച ചടങ്ങില്‍ ഹെഡ്മാസ്റ്റര്‍ സാജുഫിലിപ് അധ്യക്ഷത വഹിച്ചു. ദിവ്യയുടെ കാരിക്കേച്ചര്‍ ഷാജി മാത്യു സമ്മാനിച്ചു.
ഉപജില്ല വിദ്യാഭ്യാസ ഓഫിസര്‍ സന്തോഷ് കുമാര്‍, വിദ്യാരംഭം കലാ സാഹിത്യ വേദിയുടെ ചുമതല വഹിക്കുന്ന അധ്യാപകന്‍ ബിനു കെ.സാം, വിദ്യാര്‍ഥികളായ മുഹമ്മദ് ഇര്‍ഫാന്‍, മുഹമ്മദ് സാദിര്‍, നാസിയാ റാഫി, നിജാ ഫാത്തിമ്മ, ബാബു മേപ്പുറത്ത്, ബിയാസിംഗ് എന്നിവര്‍ പ്രസംഗിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.