വിധിയെ തോൽപിച്ച് ജീവിതം തുന്നുകയാണ് ഷെമീർ
text_fieldsവടുതല: ജീവിതവഴിയിൽ അപകട രൂപത്തിലെത്തിയ തളർച്ചയെ നിശ്ചയദാർഢ്യത്തോടെ നേരിടുകയാണ് ഷമീറെന്ന യുവാവ്. പുത്തൻ പുരയ്ക്കൽ കുഞ്ഞു മൂസയുടെയും റംലയുടെയും രണ്ടാമത്തെ മകനാണ്. അരക്ക് കീഴ്പോട്ട് തളർന്നെങ്കിലും വീൽ ചെയറിലിരുന്ന് ബാഗുകൾ തയ്ച്ച് പോരാട്ടം തുടരുകയാണ്.
എഴുപുന്ന ജങ്ഷനിൽ ഓട്ടോയുടെ കുറുകെ ചാടിയ കുട്ടിയെ രക്ഷപ്പെടുത്താൻ വെട്ടിച്ചപ്പോഴാണ് അപകടമുണ്ടായത്. ഓട്ടോ മരത്തിലിടിച്ച് ഷമീർ തെറിച്ച് വീഴുകയും അരഭാഗത്ത് ഓട്ടോ പതിച്ചതോടെ നട്ടെല്ലിന് ക്ഷതമേൽക്കുകയുമായിരുന്നു. രണ്ട് വർഷം പല ആശുപത്രികളിലും ചികിത്സക്ക് ശേഷം ഫിസിയോ തെറപ്പിക്കായി കോതമംഗലം പീസ് വാലിയിൽ എത്തിയതാണ് വഴിത്തിരിവായത്.
സഹായി വെൽഫെയർ സൊസൈറ്റിയുടെ കീഴിലെ കനിവ് പാലിയേറ്റിവ് പ്രവർത്തകരും കൂട്ടുകാരനായ സിദ്ദീഖുമാണ് സഹായിച്ചത്. മൂന്ന് മാസത്തെ ഫിസിയോ തെറപ്പി ഉൾപ്പെടെ വിദഗ്ധ ചികിത്സ കഴിഞ്ഞതോടെ തനിക്കറിയാവുന്ന ജോലി ചോദിച്ചറിഞ്ഞ അവർ പ്രാഥമിക ഫണ്ട് പീസ് വാലിയിൽനിന്ന് നൽകുകയായിരുന്നു. വീട്ടിൽ വന്ന ഷമീർ ബാഗ് നിർമാണ തൊഴിലാളിയായ അനിയൻ സബീറിെൻറ സഹായത്തോടെ ഈ മേഖലയിലേക്ക് തിരിഞ്ഞു. കൂട്ടുകാരെല്ലാം ഒത്തുചേർന്ന് പുതിയ മെഷീൻ വാങ്ങി നൽകിയതോടെ കൂടുതൽ ഉത്സാഹമായി. ഭർത്താവിന്റെ അപകട വിവരമറിഞ്ഞ് തളർന്നുപോയ ഭാര്യ സുമയ്യ ഇപ്പോൾ ഷെമീറിന് താങ്ങായി ഒപ്പമുണ്ട്.
വാർഡ് മെംബർ കെ.എ. മാത്യുവും, അരൂക്കുറ്റി പഞ്ചായത്ത് പാലിയേറ്റിവ് പ്രവർത്തകരും നല്ല പിന്തുണയാണ്നൽകുന്നത്. തൈക്കാട്ട്ശ്ശേരി ബ്ലോക് പ്രസിഡന്‍റ് പി.എം. പ്രമോദ് സംരംഭം സന്ദർശിക്കുകയും ബാഗുകൾ കുടുംബശ്രീ സ്റ്റാളുകൾ വഴി വിൽപന നടത്താമെന്നേൽക്കുകയും ചെയ്തതായി പറഞ്ഞു.ലേഡീസ് ബാഗുകൾ, സ്കൂൾ ബാഗുകൾ, ബാക്ക് ബാഗുകൾ എന്നിവ ഷമീർ നിർമിക്കുന്നു. സ്കൂൾ വിദ്യാർഥികളായ മുഹമ്മദ് ഫർഹാൻ, ഫാത്തിമ മിസ്രിയ എന്നിവർ മക്കളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.