ഷംസൂസ് സിനിമാറ്റിക് ജേർണി
text_fieldsഅൽഐനിലെ ഒരു സ്വകാര്യ ആശുപത്രിയിൽ നഴ്സായി ജോലി ചെയ്യുന്ന കാലം. ജോലി കഴിഞ്ഞ് താമസസ്ഥലത്തെത്തിയാൽ അവിടെയുള്ളവരെയും സുഹൃത്തുക്കളെയും തമാശപറഞ്ഞും കഥ പറഞ്ഞും ചിരിപ്പിക്കലായിരുന്നു മലപ്പുറം ജില്ലയിലെ പടപ്പറമ്പ് സ്വദേശിയായ ഷംസുദ്ദീൻ മങ്കരത്തൊടിയുടെ ഇഷ്ടവിനോദം. സുഹൃത്തുക്കൾ സ്നേഹപൂർവം ഷംസു എന്ന് വിളിക്കും. ഒഴിവുസമയങ്ങളിൽ നാടകമെഴുതി സുഹൃത്തുക്കളെ അത് പഠിപ്പിച്ച് അവരോടൊപ്പം അഭിനയിക്കും. കേരളസമാജമടകമുള്ള അൽഐനിലെ കൂട്ടായ്മകളുടെ നാടകപ്രവർത്തനങ്ങളിൽ സജീവമായിരുന്നു അക്കാലത്ത്. സിനിമയോടും അഭിനയത്തോടുള്ള അടങ്ങാത്ത അഭിനിവേശം കാരണം നാട്ടിലേക്ക് തിരിച്ച ഷംസുദ്ദീൻ ഇന്ന് മലയാള സിനിമയിലെ ശ്രദ്ധിക്കപ്പെടുന്ന പുതുമുഖങ്ങളിലൊരാളണ്.
ഷംസുദ്ദീന്റെ അഭിനയത്തുടക്കം ഐ.ആർ.എസ് എടയൂരിലെ പഠനകാലം മുതൽക്കാണ്. സ്കൂൾ പഠനത്തോടൊപ്പം നാടകമടക്കമുള്ള കലാപ്രവർത്തനങ്ങൾക്കും ഏറെ പ്രോത്സാഹനം നൽകിയ ആ സ്കൂൾ കാലം മുതലുള്ള കൂട്ടുകാരനാണ് ഇന്നത്തെ പ്രശസ്ത സംവിധായകൻ സകരിയ. നാടകമാണ് രണ്ടുപേരെയും അടുപ്പിച്ചത്.
സ്കൂളിലെ നാടകപ്രവർത്തനങ്ങൾക്ക് പുറമെ എടയൂർ സർഗാലയ എന്ന കലാകാരന്മാരുടെ കൂട്ടായ്മയിലൂടെ കേരളത്തിന്റെ വിവിധഭാഗങ്ങളിൽ ‘വില്ലടിച്ചാൻ പാട്ട്’ അവതരിപ്പിച്ചതും രസകരമായ ഓർമ്മയാണ്. പ്ലസ് ടു പഠനകാലത്താണ് ഖാൻ കാവിലിന്റെ ‘മന്ദൻ ഗോവിന്ദന്റെ സന്ദേഹങ്ങൾ’ എന്ന നാടകം അവതരിപ്പിച്ചു സമ്മാനങ്ങൾ വാങ്ങിക്കുന്നത്. ഐ.ആർ.എസിലെ പഠനകാലത്ത് നാടകം പഠിപ്പിക്കാൻ വന്നിരുന്നത് സമീർ ബിൻസി, ഹിക്മത്തുല്ല വള്ളിക്കപ്പറ്റ, അബു വാളയംകുളം, ഉസ്മാൻ മാരാത്ത് തുടങ്ങിയവരാണ്. അതിലൂടെ നാടകം എന്ന കലാരൂപത്തെ കുറിച്ചും അഭിനയത്തെ കുറിച്ചുമൊക്കെ കൃത്യമായ ധാരണ ഉണ്ടാക്കാൻ ആ ക്ലാസ്സുകൾ സഹായിച്ചു.
പ്ലസ് ടുവിന് ശേഷം ബാംഗ്ലൂരിൽ നഴ്സിങിന് ചേർന്നു. അപ്പോഴും നാടക സിനിമാസ്വപ്നങ്ങൾ കൈവെടിഞ്ഞില്ല. സകരിയയോടൊപ്പം ടെലിസിനിമകളും ഷോർട്ട് ഫിലിമുകളും ചെയ്യാൻ കൂടെ ഉണ്ടായിരുന്നു. നഴ്സിങ് പഠനം കഴിഞ്ഞു രണ്ടു വർഷം മുംബൈയിൽ വിവിധ ആശുപത്രികളിൽ ജോലി ചെയ്തു. പിന്നീട് സൗത്ത് ആഫ്രിക്കയിലെ ഡർബനിലെ ഒരു ആശുപത്രിയിൽ നഴ്സായി ജോലി ലഭിച്ചു. ഡർബൻ മലയാളസമാജം വാർഷികത്തിനടക്കം നാടകം അവതരിപ്പിച്ചുകൊണ്ട് അവിടെയും സജീവമായി.
ദക്ഷിണാഫ്രിക്കയിലെ ജോലി അവസാനിപ്പിച്ച ശേഷമാണ് ഖത്തറിലെ ഒരു സ്വകാര്യ ആശുപത്രിയിൽ നഴ്സായി ഗൾഫിൽ എത്തുന്നത്. രണ്ടു വർഷം അവിടെ തുടർന്നു. വീണ്ടും നാട്ടിൽ സജീവമായ നാടകപ്രവർത്തനം. ‘തനിമ’യുടെ നാടകയാത്രയായ സഞ്ചാരത്തോടൊപ്പം സജീവമായ കാലം. 2015 ൽ വീണ്ടും പ്രവാസിയായി അൽഐനിലെത്തി. അവിടെ സുഹൃത്ത് ഉമർ ശാന്തപുരവുമായി ചേർന്ന് നാടകഭിനയം തുടർന്നു.
നടനായും സഹനിർമ്മാതാവായും അസിസ്റ്റന്റ് ഡയറക്ടറായുമൊക്കെ താൻ സ്വപ്നം കണ്ട സിനിമ എന്ന ലോകത്ത് സജീവമാണിപ്പോൾ. ജനുവരി മൂന്നിന് തിയേറ്ററിലെത്തിയ കമ്മ്യൂണിസ്റ്റ് പച്ചയിലെ വില്ലനായ ബബീഷിന്റെ വേഷത്തിലും, ആയിഷ എന്ന സിനിമയിൽ ഹംസയായും അപ്പൻ എന്ന സിനിമയിൽ ജോൺസൺ ആയും സുലൈഖ മൻസിലിൽ അരുണായും ഹലാൽ ലൗവ് സ്റ്റോറിയിലെ കോഴി പിടുത്ത ക്കാരനായും പ്രേഷകരുടെ ശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ട്.
ആഷിഫ് കക്കോടി തിരക്കഥയെഴുതി ഷമീം മൊയ്തീൻ സംവിധാനം ചെയ്ത ‘കമ്യൂണിസ്റ്റ് പച്ച അഥവാ അപ്പ’ സിനിമയിലെ ഒരു പരുക്കൻ കഥാപാത്രമായാണ് ഷംസു എത്തുന്നത്. സകരിയയുടെ ആദ്യസിനിമയായ ‘സുഡാനി ഫ്രം നൈജീരിയ’യുടെ പിന്നണിക്കാരിൽ ഒരാളായി ചേർന്നു. ഈ ചിത്രത്തിൽ ചെറിയൊരു വേഷവും ചെയ്തുകൊണ്ട് ആദ്യമായി സിനിമയിൽ മുഖം കാണിച്ചു. അഷ്റഫ് ഹംസയുടെയുടെ ആദ്യചിത്രം ‘തമാശ’യിലേക്ക് അസി. ഡയറക്ടറായി ചേർത്തു വെക്കുന്നത് സകരിയയാണ്.
‘ഹലാൽ ലൗ സ്റ്റോറി’യിൽ ഷൂട്ടിങ് ലൊക്കേഷനിൽ അപശബ്ദമുണ്ടാക്കുന്ന കോഴിയെ പിടിക്കാൻ ഓടുന്ന അസി. ഡയറക്ടറായി കാണിക്കളെ പൊട്ടിച്ചിരിപ്പിക്കുകയായിരുന്നു ഷംസു. ‘അപ്പനി’ൽ ജോൺസനെന്ന തികച്ചും വ്യത്യസ്തമായ കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. നാട്ടുകാർ മുഴുവൻ വെറുക്കുന്ന ഇട്ടിച്ചൻ എന്ന താന്തോന്നിയായ മനുഷ്യന്റെ ജാരസന്തതി എന്ന അപമാനഭാരം പേറി ജീവിക്കുന്ന ചെറുപ്പക്കാരൻ. അപ്പനെ കൊല്ലാനുള്ള പകയുമായി അതിനുവേണ്ടി കൂട്ടാളികളുമായി പദ്ധതികൾ തയ്യാറാക്കുന്ന, ഉള്ളിൽ പുകയുന്ന മനസ്സുമായി ജീവിക്കുന്ന ജോൺസൻ.
‘ആയിഷ’യിൽ മാമയുടെ മുന്നിൽ വിനീതവിധേയനായും വീട്ടുജോലിക്കാരികളെ പിഴിഞ്ഞു കാശുണ്ടാക്കുന്ന കൗശലക്കാരനുമായ ഡ്രൈവർ ഹംസയായിരുന്നു ഷംസു. ‘സുലൈഖാ മൻസിലി’ൽ അമീനോടൊപ്പം കല്യാണവീട്ടിൽ പോയി കുടുങ്ങുന്ന കൂട്ടുകാരൻ അരുണിലൂടെ പ്രേക്ഷക മനസ്സിൽ ഇടം പിടിച്ചിട്ടുണ്ട്. ‘ജാക്സൺ ബസാർ യൂത്തി’ലെ പോലീസ് പിടികൂടി സ്റ്റേഷനിൽ ഇരുത്തിയ നസീർ. പ്രണയികളായ ഷീലയും നസീറും പേടിച്ചും പരിഭ്രമിച്ചും വിറച്ചിരിക്കുന്ന നസീർ തിയേറ്ററിൽ ചിരി പടർത്തിയിരുന്നു. മജു സംവിധാനം ചെയ്ത ‘പെരുമാനി’ എന്ന ചിത്രത്തിൽ കുതന്ത്രനായ ബഷീറായും വേഷമിട്ടു. വൈറസിലെ ഓട്ടോക്കാരന്റെ വേഷം ചെയ്യാനും അവസരം ലഭിച്ചു.
പൃഥ്വീരാജിന്റെ ‘കുരുതി’യിലും സിബി മലയിലിന്റെ ‘കൊത്തി’ലും ചെറിയ വേഷങ്ങൾ ചെയ്തിട്ടുണ്ട്. പാട്ടും കലയും ഇഷ്ടപ്പെടുന്ന കുടുംബമാണ് ഷംസുവിനെ ചെറുപ്പം മുതലേ കലയിലേക്ക് അടുപ്പിച്ചത്. ഭാര്യ മുഹ്സിന. മക്കൾ: ബിന്യാമിൻ, ബിൻഹാജ്, ബഹ്സൻ. വിദേശത്തെ നഴ്സിങ് ജോലി വേണ്ടെന്ന് വെച്ച് സിനിമാക്കാരനായി മാറിയ ഷംസുവിന് നിശ്ചയദാർഢ്യത്തിന്റ കഥകൾ പറയാനുണ്ട്. സിനിമയുടെ എല്ലാ മേഖലയിലും കയ്യൊപ്പ് ചാർത്താൻ ശ്രമിക്കുന്നതിനൊപ്പം വിവിധ വേഷങ്ങളിൽ അഭിനയത്തിന്റെ വിജയഗാഥ തീർത്ത് മുന്നേറുകയാണ് ഷംസുദ്ധീൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.