ചിത്രങ്ങളിൽ വസന്തംതീർത്ത് ഷാരോൺ
text_fieldsകുന്ദമംഗലം: പ്രകൃതിയുടെ വർണങ്ങൾ കാൻവാസിൽ ചാലിച്ച് കുന്ദമംഗലത്തുണ്ടൊരു കലാകാരൻ. കാരന്തൂർ താഴെകണ്ടിയിൽ ഷാരോൺ ആണ് ആ വ്യത്യസ്തനായ കലാകാരൻ. ഇതിനോടകം പൂർത്തിയാക്കിയത് നിരവധി ചിത്രങ്ങളാണ്.
ചിത്രങ്ങളത്രയും കാഴ്ചക്കാരുടെ മനസ്സ് കവരുന്നവയും. മൂന്നാം ക്ലാസിൽ പഠിക്കുമ്പോളാണ് ഷാരോൺ ചിത്രങ്ങൾ വരച്ചുതുടങ്ങിയത്. കാരന്തൂർ സാനിഗ കലാകേന്ദ്രത്തിലെ അമീൻ മാസ്റ്റർ മാവൂരാണ് ഷാരോണിന്റെ ചിത്രകലയിലെ ഗുരു.
പ്രകൃതിയിൽ കാണുന്ന വസ്തുക്കൾ അതേപടി കാൻവാസിൽ പകർത്തുകയാണ് ഷാരോൺ ചെയ്യുന്നത്. മികച്ച ചിത്രരചനകൾ നടത്തി ജനശ്രദ്ധനേടി മുന്നോട്ടുപോകാനാണ് ആഗ്രഹം. വരച്ചുതീർത്തതത്രയും മനോഹരമായ ചിത്രങ്ങൾ.
തന്റെ ചിത്രങ്ങൾ വെച്ച് ഒരു പ്രദർശനം നടത്താനുള്ള ആലോചനയിലാണ് ഷാരോൺ. വാട്ടർ കളർ, ഓയിൽ പെയിന്റ്, അക്രലിക്, പെൻസിൽ തുടങ്ങിയവ ഉപയോഗിച്ചാണ് ചിത്രരചനകൾ. കുറച്ചുമാസങ്ങൾക്ക് മുമ്പ് വായനശാലയിൽ മറ്റ് ചിലരുടെ പ്രദർശനങ്ങൾക്കൊപ്പം ഭാഗികമായി ഷാരോണിന്റെ പ്രദർശനവുമുണ്ടായിരുന്നു.
ഷാരോണിന്റെ മനോഹരമായ ചിത്രങ്ങൾ കണ്ട് പുതിയ ചിത്രങ്ങൾക്ക് ആവശ്യക്കാർ വരുന്നുണ്ട്. അവർക്ക് വേണ്ട ചിത്രങ്ങൾ ഷാരോൺ വരച്ചുകൊടുക്കുകയും ചെയ്യുന്നു. ചിത്രരചനയിൽ കുടുംബത്തിന്റെ പൂർണപിന്തുണ തനിക്ക് ലഭിക്കുന്നുണ്ടെന്ന് ഷാരോൺ പറയുന്നു.
ഇപ്പോൾ തിരുവനന്തപുരം കാര്യവട്ടം കേരള യൂനിവേഴ്‌സിറ്റിയിൽ കമ്പ്യൂട്ടർ സയൻസിൽ പോസ്റ്റ് ഗ്രാജ്വേഷൻ ചെയ്യുകയാണ് ഷാരോൺ. കാരന്തൂർ താഴെകണ്ടിയിൽ ബാബു-റീജ ദമ്പതികളുടെ മകനാണ്. ആഷ് ലിൻ സഹോദരിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.