ബിലഹരി രാഗംപോലെ ശിവഹരി ഒഴുകുമ്പോൾ
text_fieldsമനാമ: സൗബിൻ സാഹിർ നായകനായി അഭിനയിച്ച ‘മ്യാവൂ’ എന്ന സിനിമയിലെ അന്നപൂർണേ വിശാലാക്ഷി... എന്നു തുടങ്ങുന്ന ഗാനം സമീപകാലത്ത് സംഗീതപ്രേമികളുടെ മനസ്സു കവർന്ന ഒന്നായിരുന്നു. ശ്യാമരാഗത്തിലെ മുത്തുസ്വാമി ദീക്ഷിതർ കൃതി ആ സിനിമയുടെ വിജയത്തിലും പ്രധാന ഘടകമായിരുന്നു. ഫാസ്റ്റ് നമ്പറുകളുടെ കാലത്ത് ശാസ്ത്രീയ സംഗീതത്തിന്റെ ആസ്വാദ്യത പ്രേക്ഷകനെ അനുഭവിപ്പിച്ച ആ ഗാനം ആലപിച്ചത് ബഹ്റൈനിൽ പഠിച്ചുവളർന്ന യുവഗായകനായിരുന്നു എന്നത് പക്ഷേ അധികമാർക്കും അറിയില്ല.
ബഹ്റൈൻ കേരളസമാജം കലോത്സവത്തിലുൾെപ്പടെ കലാപ്രതിഭയായിരുന്ന ശിവഹരി വർമയാണ് ആ ഗായകൻ. സീ ടി.വി സംപ്രേഷണംചെയ്ത ഏഷ്യാസ് സിങ്ങിങ് സൂപ്പർസ്റ്റാർ സംഗീത റിയാലിറ്റി ഷോയിൽ ഫൈനലിസ്റ്റുമായിരുന്നു. പ്രസിദ്ധ ഗായകൻ അമ്പിളിക്കുട്ടന്റെയും ഇടപ്പള്ളി അജിത്തിന്റെയും ശിക്ഷണത്തിൽ ആറു വയസ്സ് മുതൽ കർണാടക സംഗീതം അഭ്യസിക്കുന്ന ശിവഹരി സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത് ഇന്ത്യൻ സ്കൂളിലാണ്. പിന്നീട് ഉപരിപഠനാർഥം മുംബൈക്ക് പോയ ശിവഹരി ഇന്ന് ബോളിവുഡിൽ തന്റെ കാൽ ഉറപ്പിച്ചിരിക്കുന്നു എന്നത് അഭിമാനാർഹമായ നേട്ടമാണ്. മുംബൈയിൽ ഡോ. സംഗീത ശങ്കറിന്റെ കീഴിൽ ഹിന്ദുസ്ഥാനിയും അഭ്യസിച്ചു.
അതോടൊപ്പംതന്നെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള വിസിലിങ് വുഡ്സ് ഇന്റർനാഷനലിൽ മ്യൂസിക് ആൻഡ് സൗണ്ട് എൻജിനീയറിങ് കോഴ്സിനു ചേർന്നു. ലോകത്തിലെ തന്നെ വിഖ്യാതമായ ഫിലിം സ്കൂളുകളിലൊന്നാണ് സംവിധായകൻ സുഭാഷ് ഗായ് ഡയറക്ടറായ വിസിലിങ് വുഡ്സ്. ശാസ്ത്രീയ സംഗീതത്തിന്റെ അടിത്തറ മ്യൂസിക് ആൻഡ് സൗണ്ട് എൻജിനീയറിങ് പഠനത്തിന് വളരെ സഹായകരമായെന്ന് ശിവഹരി പറയുന്നു. ലോകോത്തര സംഗീതപ്രതിഭകളെ അടുത്തറിയാൻ സാധിച്ചത് മുംബൈ ജീവിതകാലത്താണ്.
ഗായകൻ എന്നതിലുപരി സംഗീതസംവിധാനത്തിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ പറ്റിയത് ഗുണം ചെയ്തു. ഇതിനിടെ പാശ്ചാത്യ സംഗീതവും അഭ്യസിച്ചു. പിയാനേ വാദകനായും അംഗീകാരം നേടി. ഇക്കാലത്താണ് ശിവഹരിയുടെ പാട്ട് കേട്ടിട്ടുള്ള സംഗീതസംവിധായകൻ ബിജിബാൽ ‘മ്യാവ്യൂ’ സിനിമയിലേക്ക് ശിപാർശചെയ്തത്. ക്രിസ്റ്റഫർ, സൂപ്പർ ശരണ്യ, തണ്ണീർമത്തൻ ദിനങ്ങൾ തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ ജസ്റ്റിൻ വർഗീസായിരുന്നു സംഗീതസംവിധായകൻ. പാട്ട് റെക്കോഡ് ചെയ്തതിനുശേഷമാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. സിനിമക്കൊപ്പം പാട്ടും ഹിറ്റായി.
അതിനുമുമ്പുതന്നെ ശിവഹരിയെത്തേടി നിരവധി അവസരങ്ങളുമെത്തി. ലംബോർഗിനി, ഏരിയൽ, ജോയ് ആലുക്കാസ്, ഉജാല തുടങ്ങിയ പ്രമുഖ ബ്രാൻഡുകളുടെ പരസ്യചിത്രങ്ങൾക്ക് സംഗീതം നൽകി. നിരവധി വെബ് സീരീസുകളുടെ സംഗീതസംവിധാനവും ഇതിനിടെ നിർവഹിച്ചു.
ഇപ്പോൾ രണ്ട് കന്നട ചിത്രങ്ങളുടെ സംഗീതസംവിധാനം നിർവഹിച്ചു കൊണ്ടിരിക്കുന്ന ശിവഹരി, ഗുരുവായ അമ്പിളിക്കുട്ടനെ കാണാനായി അടുത്തിടെ ബഹ്റൈനിലെത്തിയിരുന്നു. ഹരിഹരനെയും ഗുലാം അലിയെയും ബാലമുരളീകൃഷ്ണയെയും പി. ജയചന്ദ്രനെയും ആരാധിക്കുന്ന ശിവഹരിയുടെ പിതാവ് എ.ആർ. കൃഷ്ണകുമാർ വർമ മാവേലിക്കര തിരുവിഴ സ്വദേശിയാണ്. ലതിക വർമയാണ് മാതാവ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.