ഒറ്റക്കാലില്‍ പറന്നുയര്‍ന്ന് ശ്യാം എന്ന സൂപ്പര്മാന്
text_fieldsനേമം: അറിയില്ലെ ശ്യാമിനെ..? വിധിയോട് തോല്‍ക്കാത്ത മനസുമായി സൈക്കിളില്‍ ദൂരങ്ങള്‍ ചവിട്ടിക്കയറുന്ന ശ്യാമിനെ അത്രവേഗം ആരും മറക്കാനിടയില്ല. ഒറ്റക്കാലിലാണ് ശ്യാം 1000 കിലോമീറ്റര്‍ സൈക്കിള്‍ ചവിട്ടി റെക്കോര്‍ഡിട്ടത്.
കന്യാകുമാരി മുതല്‍ കാസര്‍ഗോഡുവരെ ഒറ്റക്കാല് പെഡലിലൂന്നി സൈക്കിള്‍ ചവിട്ടിയത് അന്ന് ദേശീയ മാധ്യമങ്ങളില്‍ വരെ വാര്‍ത്തയായിരുന്നു. ഇപ്പോഴിതാ തായ്ലന്റില് പോയി 12000 അടി ഉയരത്തില്‍ നിന്ന് ആകാശപ്പറക്കല്‍ നടത്തി ശ്യാം വീണ്ടും ചരിത്രം കുറിച്ചു. ആറുതവണ മലക്കം മറിഞ്ഞാണ് അത്ഭുത പറക്കല്‍. വിളപ്പില്‍ശാല കുണ്ടാമൂഴി കീഴതുനട കാവനാട് സന്ധ്യ ഭവനില്‍ ശ്രീകുമാര്‍-സരളകുമാരി ദമ്പതികളുടെ മകന് ശ്യാംകുമാറിന്റെ (23) ജീവിതം വിധിയോടുള്ള പോരാട്ടത്തിന്റെ തുടര്‍ച്ചയാണ്.
ജനിച്ച് പത്തൊമ്പതാം ദിവസം ആദ്യ ശസ്ത്രക്രിയ. 23 വയസിനിടെ പതിനാറ് ശസ്ത്രക്രിയകള്‍. എട്ടാം വയസില്‍ വലതുകാല്‍ മുറിച്ചുമാറ്റി. വൃക്ക നീക്കൽ, ട്യൂമര്‍ മുറിച്ചുമാറ്റല്‍, വലതുകാല്‍ നടുവിനോട് ഒട്ടിച്ചേര്‍ന്നത് വേര്‍പെടുത്തല്‍... ഇങ്ങനെ ഓപറേഷന് തീയറ്ററിന്റെ അരണ്ട വെളിച്ചവും മുറിച്ചുമാറ്റപ്പെടുന്ന ശരീരഭാഗങ്ങൾ, പിറന്നാളുകള്‍ മിക്കതും ശ്യാം ആശുപത്രി കിടക്കയിലാണ് ആഘോഷിച്ചത്.
കഴിഞ്ഞ വര്‍ഷം രണ്ട് വൃക്കകളും പ്രവര്‍ത്തനരഹിതമായതോടെ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായി. മാതാവ് സരളയാണ് വൃക്ക നല്‍കിയത്. സ്കൈ ഡൈവ് കുട്ടിക്കാലം മുതലുള്ള സ്വപ്നമായിരുന്നു. ചില സുമനസുകളുടെ സഹായത്തോടെ തായ്ലന്റില് എത്തിയായിരുന്നു ശ്യാമിന്റെ സ്വപ്സാക്ഷാത്കാരം. വിശേഷങ്ങള്‍ @syamkumarskss എന്ന ഇന്‍സ്റ്റാഗ്രാമിലൂടെ അറിയാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.