'സൈമൺ ആൻഡ് ദി സീ'; ബന്ധനത്തിന്റെ 60 ദിനങ്ങൾ
text_fieldsപ്രക്ഷുബ്ധമായ കടല്‍... മൂടിക്കെട്ടിയ ആകാശം.ചൂണ്ടയില്‍ അവസാനം കുരുങ്ങിയ സ്രാവിനെയും പിടിച്ചു കയറ്റി ഞങ്ങള്‍ ബോട്ട് തിരിക്കാന്‍ തുടങ്ങി. പെട്ടെന്ന് ഒരു സ്പീഡ് ലോഞ്ച് ബോട്ടിനെ വളഞ്ഞു. അതിര്‍ത്തി ലംഘിച്ചതിനു പരിശോധിക്കാനെന്ന രീതിയില്‍ രണ്ടുപേര്‍ സമീപിച്ചു. നിമിഷനേരംകൊണ്ട് അവരുടെ ഭാവംമാറി. 18-20 വയസ്സ് തോന്നിക്കുന്ന ആയുധധാരികളായ പത്തോളം പേര് പിന്നാലെവന്ന് അടിച്ചുവീഴ്ത്തി. അവര്‍ കൊണ്ടുവന്ന ഭക്ഷണവും ഡീസലും ബോട്ടിലേക്ക് കയറ്റാന്‍ തുടങ്ങി. ബോട്ടിന്റെ നിയന്ത്രണം പൂർണമായും അവരുടെ കൈയിലായി. കുറെദൂരം സഞ്ചരിച്ച് രണ്ടുപേരെ വീതം അവര്‍ ബോട്ടില്‍നിന്നും മാറ്റിക്കൊണ്ടിരുന്നു. ഒടുവില്‍ ഞാന്‍ മാത്രം. പെട്ടെന്ന്് ഉള്ളിലൊരു മിന്നല്‍ പാഞ്ഞു. പ്രഭാകരന്റെ സൈന്യത്താല്‍ ഞാന്‍ തടവിലാക്കപ്പെട്ടിരിക്കുന്നു... യാത്ര പുലിമടയിലേക്ക്...
പതിനേഴു വർഷം മുമ്പത്തെ ഓർമകളില്‍ ഇന്നലെയെന്നപോലെ പൊള്ളുകയാണ് വൈപ്പിന്‍ ഞാറക്കല്‍ സ്വദേശിയും മുനമ്പം ഹാര്‍ബറിൽ ശ്രീകൃഷ്ണ ബോട്ടിലെ ഡ്രൈവറും മെക്കാനിക്കുമായിരുന്ന സൈമണ്‍ സോസ. ഉള്ളിലിന്നും ആ ഫയറിങ് സ്ക്വാഡിന്റെ ശബ്ദമുണ്ടാക്കിയ നെഞ്ചിടിപ്പ്. തമിഴ്പുലി പ്രഭാകരന്റെ സൈന്യത്തോടൊപ്പം സോസ ബന്ദിയായി കഴിഞ്ഞത് രണ്ടുമാസക്കാലം.
ഒടുവില്‍ മരണത്തിന്റെ നൂൽപാലത്തില്‍നിന്നും ജീവിതത്തിലേക്ക് അതിസാഹസികമായി തിരിച്ചുകയറി. ബാക്കിയായത് അരക്കെട്ടിലും കഴുത്തിലും സയനൈഡ് ഒളിപ്പിച്ച പുലികളുടെ രക്തരൂഷിതമായ സായുധ പോരാട്ടത്തിന്റെ ഭീതിദമായ ഓർമകള്‍.
തോക്കിന് മുനയില്‍
‘‘2007 മാര്‍ച്ച് ഏഴിനാണ് സുഹൃത്തുക്കളും കുളച്ചല്‍ സ്വദേശികളുമായ 11 പേര്‍ക്കൊപ്പം ഞാന്‍ മത്സ്യബന്ധനത്തിനായി കൊല്ലത്തുനിന്നും പുറപ്പെട്ടത്. പത്തു പതിനഞ്ചു ദിവസത്തോളം പുറം കടലില്‍. ഭക്ഷണമൊക്കെ തീര്‍ന്നു. അവസാനത്തെ സ്രാവിനെയും കയറ്റി ബോട്ട് തിരിച്ചുകൊണ്ടിരിക്കുകയാണ്. ആ സമയത്താണ് ഒരു സംഘം ആളുകള്‍ വന്ന് ബോട്ട് വളയുന്നതും ഞങ്ങളെ അടിച്ചുവീഴ്ത്തി ബന്ദിയാക്കുന്നതും. ആറുലക്ഷത്തോളം രൂപയുടെ മീന്‍ ബോട്ടിലുണ്ടായിരുന്നു.
അതെല്ലാം അവര്‍ കടലില്‍ കളഞ്ഞു. എന്തുചെയ്യണമെന്നറിയാതെ ഞങ്ങള്‍ പേടിച്ചുവിറച്ചു. പരസ്പരം ആക്രോശിച്ചുകൊണ്ട് അവര്‍ ബോട്ട് നിയന്ത്രിച്ചു. തോക്കിന്മുനയില് എല്ലാവരെയും വിറപ്പിച്ചുകൊണ്ടിരുന്നു. യാത്രയ്ക്കിടെ എന്നെ നിര്‍ത്തി ബാക്കിയുള്ളവരെയെല്ലാം മറ്റെങ്ങോട്ടോ മാറ്റി. അന്ന് ആദ്യമായി ഞാന്‍ കടലിനെ ഭീതിയോടെ നോക്കി. വരാനിരിക്കുന്ന ഭയപ്പെടുത്തുന്ന ദിനങ്ങളെ ഓർത്ത് ചങ്കിടിപ്പ് നിന്നുപോകുന്നതുപോലെ തോന്നി. ഡെക്കില്‍നിന്ന് മുകളിലേക്ക് നോക്കി... കാറ്റും അലകളും സൂര്യനും മാത്രം.
കണ്ണീരിൽ കുതിർന്ന ദിനങ്ങൾ
അവര്‍ മുന്നിലേക്ക് ഭക്ഷണം വെച്ചുനീട്ടി. ഞാന്‍ കഴിച്ചില്ല. ദിവസങ്ങളോളം പട്ടിണികിടന്നു. കരഞ്ഞു തളര്‍ന്നുവീണ ഒരു ദിവസം തോക്ക് ചൂണ്ടി ഭക്ഷണം കഴിക്കാന്‍ ആവശ്യപ്പെട്ടു. ഭീഷണിയെക്കാള് രക്ഷപ്പെടാനുള്ള ആഗ്രഹം കൊണ്ട് ഞാനത് വാങ്ങി കഴിച്ചു. രാത്രിയും പകലും ബോട്ട് ഓടിക്കൊണ്ടേയിരുന്നു.
നിറം പെയിന്റടിച്ച് വ്യത്യാസപ്പെടുത്തിയിരുന്നു. ലൈറ്റ് തെളിച്ചിരുന്നില്ല. കണ്ണടച്ചിരുന്ന് രണ്ടുമൂന്നു ദിവസങ്ങള്‍ തള്ളിനീക്കി. നാട്ടിലുള്ള പ്രിയപ്പെട്ടവരെയോര്‍ത്ത് നെഞ്ചുപൊട്ടിക്കരഞ്ഞു.എന്ജിന് റിപ്പയര്‍ വരുമ്പോള്‍ എന്നെക്കൊണ്ട് ജോലി ചെയ്യിക്കും. എല്‍.ടി.ടി.ഇ സായുധ വിഭാഗത്തിലെ കടല്പ്പുലികളായിരുന്നു അവര്‍. പോരാട്ടങ്ങള്ക്കുവേണ്ടിയുള്ള ആയുധങ്ങള്‍ എത്തിക്കലാണ് ചെയ്തിരുന്നത്. തെക്കന്‍ തമിഴ്നാട്ടില്‍നിന്നും മലേഷ്യയില്‍നിന്നും കിഴക്കന്‍ ശ്രീലങ്കയിലേക്ക് ആയുധങ്ങള്‍ നിറച്ച് കപ്പലുകള്‍ വന്നിരുന്നു.
അത് ബോട്ടില്‍ കയറ്റി മറ്റൊരിടത്തേക്ക് കൊണ്ടുപോകും. ഇങ്ങനെ ആയുധവും വെടിമരുന്നുകളും ഭക്ഷണവും ചരക്കു കപ്പലുകളില്‍ നിറച്ചുകൊണ്ടിരുന്നു. അവര്‍ തമ്മില്‍ സംസാരിച്ചിരുന്നില്ല. ഓരോരുത്തരും കൈയില്‍ കരുതിയിരുന്ന ഉപകരണത്തിലൂടെ കോഡ് ഭാഷയില്‍ ശബ്ദങ്ങള്‍ പുറപ്പെടുവിക്കും. ആശയവിനിമയത്തിനുള്ള കമ്യൂണിറ്റി റേഡിയോ സംവിധാനമായിരുന്നു അതെന്ന് പിന്നീട് മനസ്സിലായി.
ദിവസങ്ങള്‍ കടന്നുപോയി. ഞാനെന്റെ ഭാര്യയെ ഓര്‍ത്തു, മക്കളെക്കുറിച്ചോര്‍ത്തു, വയ്യാതിരിക്കുന്ന അപ്പച്ഛന്, അമ്മച്ചി, എനിക്കെന്തു സംഭവിച്ചെന്നറിയാതെ അവര്‍ നീറുകയായിരിക്കും. എന്റെ മടങ്ങിവരവിനുവേണ്ടിയുള്ള പ്രാര്ഥനയിലായിരിക്കും... അല്ലെങ്കില്‍ ഞാന്‍ മരിച്ചെന്ന് അവര്‍ കരുതിയിട്ടുണ്ടാകുമോ? അങ്ങനെ പലവഴിക്കു നീണ്ടു ആലോചനകള്‍.... വെടിക്കോപ്പുകളുടെ ഗന്ധവും ശബ്ദവും അകമ്പടിയായി. മനസ്സു മരവിച്ചുതുടങ്ങി. ബോട്ടില്‍ സൂക്ഷിച്ചിരുന്ന ബൈബിള്‍ തുറന്നു.
ഓരോ വചനങ്ങളും പ്രതീക്ഷയേകി. കൂടുതല്‍ സമയവും ബൈബിള്‍ വായനയില്‍ മുഴുകി. ബോട്ടിലുണ്ടായിരുന്ന 12 പേര് എട്ടുപേരായി ചുരുങ്ങി. തമിഴിലും സിംഹള ഭാഷയിലും അവര്‍ എന്നോട് സംസാരിച്ചു. ഗള്ഫിലായിരുന്നപ്പോള് ശ്രീലങ്കക്കാരോടൊപ്പം ജോലി ചെയ്തതുകൊണ്ട് സിംഹള ഭാഷ എനിക്കറിയാമായിരുന്നു.
ആദ്യമൊക്കെ പരുക്കന്‍ പെരുമാറ്റമായിരുന്നെങ്കിലും പിന്നീട് സമാധാനപൂർവം അവർ സംസാരിച്ചു തുടങ്ങി. അപ്പൂച്ചി എന്നാണ് അവരെന്നെ വിളിച്ചിരുന്നത്. അവര്‍ ചെയ്തുകൊണ്ടിരിക്കുന്ന ക്രൂരതയെക്കുറിച്ചും ശിക്ഷയെക്കുറിച്ചും ഞാനവരോട് പറഞ്ഞു. ഒരു ഭാവമാറ്റവുമില്ലാതെ അതൊക്കെ കേട്ടു. ഒരിക്കല്‍ ബൈബിള്‍ ഞാനവരുടെ കൈയില്‍ വെച്ചുകൊടുത്തു. അതവര് അപ്പോള്‍തന്നെ എനിക്കു തിരിച്ചുനല്‍കി.
ചാവേർ പട
കടലിലെ പ്രതിസന്ധിയേക്കാള്‍ ഭയാനകം ഇവരുടെ നീക്കങ്ങള്‍ തന്നെയായിരുന്നു. പക്ഷേ, ഒരിക്കല്‍പോലും അവരെന്നെ ഉപദ്രവിച്ചില്ല. ദിനരാത്രങ്ങള്‍ കടന്നുപോയി. പെട്ടെന്നൊരു ദിവസം തലപിളര്ക്കുംപോലെ വെടിവെപ്പിന്റെ ശബ്ദം കേട്ട് ചാടി എഴുന്നേറ്റു. മൂന്നു ശ്രീലങ്കന്‍ ബോട്ടുകളെ ആക്രമിക്കുകയാണ്. ഒരാളെ ഒഴിച്ച് ബാക്കിയെല്ലാവരെയും വെടിവെച്ചു വീഴ്ത്തി.
രണ്ടു ബോട്ടുകള്‍ പിടിച്ചെടുത്തു. അതിലെയും ഡൈനാമോ എന്നെക്കൊണ്ട് റിപ്പയര്‍ ചെയ്യിച്ചു. തോക്ക് തലയില്‍ വെച്ച് ഭീഷണിപ്പെടുത്തിയാണ് ജോലിചെയ്യിക്കുന്നത്. ആ ബോട്ടിലാണ് പിന്നീട് ശ്രീലങ്കയിലേക്ക് ആയുധങ്ങള്‍ കടത്തിയിരുന്നത്. ഭക്ഷണവും അവശ്യവസ്തുക്കളും കപ്പലിലെത്തും. അവര്‍ തന്നെയായിരുന്നു ഭക്ഷണം പാകം ചെയ്തിരുന്നത്. പച്ചരി ചോറും കൂണ് കറിയുമായിരുന്നു പ്രധാന ഭക്ഷണം.
കുറച്ചു ദിവസങ്ങള്‍ക്കുശേഷം പിടിച്ചെടുത്ത ശ്രീലങ്കന്‍ ബോട്ടിനു നേരെ മറൈന്‍ ഫോഴ്സിന്റെ ആക്രമണമുണ്ടായി. അതില്‍ ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മൂന്ന് എല്‍.ടി.ടി.ഇക്കാര് കൊല്ലപ്പെട്ടു. ബോട്ടിലുണ്ടായിരുന്ന മിസൈലുകള്‍ വെള്ളത്തിലേക്കിട്ടു. അതൊക്കെ കണ്ടും കേട്ടും എല്ലാം എനിക്ക് സാധാരണ കാഴ്ചയായി. ദിവസങ്ങളും മാസങ്ങളും കടന്നുപോയതറിഞ്ഞില്ല. ഒരുദിവസം ഞാനവരുടെ കുടുംബത്തെക്കുറിച്ച് ചോദിച്ചു. അതൊന്നും അവര്‍ക്കു പറയാനുണ്ടായിരുന്നില്ല.
കടലിലേക്കെറിയുന്ന ശരീരങ്ങൾ
ഒരുദിവസം രാത്രിയോടടുക്കുന്ന നേരം, അവരില്‍ ഒരാള്‍ നിലത്തു വീണുകിടക്കുന്നു. ഞങ്ങള്‍ എല്ലാവരും ഓടിച്ചെന്നു നോക്കി. വിളിച്ചിട്ട് അവന് എഴുന്നേല്ക്കുന്നില്ല. അവര്‍ പരസ്പരം സംസാരിച്ചു. എനിക്കൊന്നും മനസ്സിലായില്ല. കുറച്ചു നേരം കഴിഞ്ഞപ്പോൾ അവർ അവന്റെ കൈകാലുകള്‍ പിടിച്ച് പൊക്കിയെടുത്തു, നേരെ കടലിലേക്കെറിഞ്ഞു. ഞാൻ അലറിവിളിച്ചു.
എന്താണ് സംഭവിക്കുന്നതെന്നറിയാതെ അങ്ങോട്ടും ഇങ്ങോട്ടും ഓടി. അവന് മരിച്ചുകിടക്കുകയായിരുന്നെന്ന് അവരിലൊരാള്‍ എന്നോട് പറയുന്നുണ്ടെങ്കിലും ഞാനൊരു ഭ്രാന്തനെപ്പോലെ വെപ്രാളപ്പെട്ടു കരഞ്ഞു. അവര്‍ അതൊന്നും ശ്രദ്ധിക്കാതെ അവിടം മഞ്ഞള്‍ വെള്ളം കലക്കിയൊഴിച്ചു കഴുകി. ഭക്ഷണം കഴിക്കാനിരുന്നു. പലദിവസങ്ങളിലും എനിക്കു നേരെ ഭക്ഷണം െവച്ചുനീട്ടിയവന്... ആ സംഭവം എന്നെ വല്ലാതെ തളര്‍ത്തി. ആ രാത്രിയിലെ ഞെട്ടലില്‍ ഭക്ഷണവും വെള്ളവുമില്ലാതെ മൂന്നു ദിനരാത്രങ്ങള്‍ മയങ്ങിയത് ഞാനറിഞ്ഞില്ല.
പിന്നെയും ബോട്ട് സഞ്ചരിച്ചുകൊണ്ടിരുന്നു. ഇനി ഒരു രക്ഷപ്പെടലിന് സാധ്യതയില്ലെന്ന് മനസ്സിലുറപ്പിച്ചു. മരണത്തെക്കുറിച്ചു ചിന്തിച്ചു. മക്കളെക്കുറിച്ചോര്ത്തപ്പോഴൊക്കെ പൊട്ടിക്കരഞ്ഞു. അവരുടെ തന്നെ ആയുധങ്ങള്‍ക്കൊണ്ട് ബോട്ടിലുള്ളവരെ വെടിവെച്ചുവീഴ്ത്തി രക്ഷപ്പെടുന്നതിനെക്കുറിച്ചാലോചിച്ചു. അതൊന്നും എന്നെക്കൊണ്ട് സാധിക്കില്ലെങ്കിലും അങ്ങനെയൊക്കെ ഞാന്‍ സ്വപ്നം കണ്ടു. എന്റെ ഓർമയില്‍ അറുപതോളം ദിനരാത്രങ്ങള്‍ അതിനകം പിന്നിട്ടു കഴിഞ്ഞിരുന്നു. അലകള്‍ക്കൊപ്പം മനസ്സും ആടിയുലഞ്ഞു. പ്രതീക്ഷകളെല്ലാം കൈവിട്ടു.
മുന്നിലും പിന്നിലും മരണം മാത്രം
യാത്രയില്‍ ഒരു പ്രദേശവും തിരിച്ചറിയാന്‍ സാധിക്കുന്നുണ്ടായിരുന്നില്ല. നിമിത്തം പോലെ ദൂരെ നിന്നും ഒരു ബോട്ട് എന്റെ കണ്ണിൽപെട്ടു. മാലദ്വീപിൽനിന്നുള്ള ട്യൂണ ബോട്ടായിരുന്നു അത്. അപ്പോഴാണ് മാലദ്വീപ് പരിസരത്താണെന്ന് മനസ്സിലായത്. അത് ഞങ്ങളെ ലക്ഷ്യംവെച്ചുവരുന്നത് കണ്ടപ്പോള്‍ അപകടം മണത്തു. അകന്നുപോകാന്‍ ഞാന്‍ അവരോട് ആംഗ്യം കാട്ടി. പക്ഷേ, അവര്‍ എന്നിട്ടും മുന്നോട്ടെടുത്തു. കണ്ണുചിമ്മി തുറക്കുന്ന നേരം പുലികള്‍ വെടിയുതിര്‍ത്തു.
പക്ഷേ, അവര്‍ കഷ്ടിച്ചു രക്ഷപ്പെട്ടു, ബോട്ടുമായി നീങ്ങി. പക്ഷേ കോസ്റ്റല്‍ ഗാര്‍ഡിന് അവർ അപ്പോഴേക്കും വിവരം നൽകിക്കഴിഞ്ഞിരുന്നു. മാലദ്വീപിന്റെ ബോട്ട് രക്ഷപ്പെട്ടതോടെ ഏതു നിമിഷവും തങ്ങള്‍ ആക്രമിക്കപ്പെടാമെന്ന് അവർക്ക് മനസ്സിലായി. എന്നെയും കൂട്ടി ആറുപേരാണ് അന്ന് ബോട്ടിലുണ്ടായിരുന്നത്. കോസ്റ്റല്‍ പൊലീസില്‍നിന്നും ഒരു ആക്രമണം പ്രതീക്ഷിച്ച് പുലികൾ തയാറായി.
ചെറിയ ഗ്യാസ് കുറ്റികള്‍ ബോട്ടില്‍ നിരത്തി. എന്റെയും അവരുടെയും ദേഹത്ത് ഡീസല്‍ ഒഴിച്ചു. പിടിക്കപ്പെടുന്ന അവസ്ഥ ഉണ്ടായാല്‍ ബോട്ട് കത്തിക്കുക. ശത്രുവിന്റെ മുന്നില്‍ കീഴടങ്ങി, പീഡനങ്ങളേറ്റ് സംഘടനയെക്കുറിച്ചുള്ള വിവരങ്ങള്‍ നൽകാൻ അവര്‍ ഒരിക്കലും തയാറല്ലായിരുന്നു. എല്‍.ടി.ടി.ഇയുടെ ഗറില യുദ്ധമുറകളെ പ്രതിഫലിപ്പിക്കുന്നതായിരുന്നു പിന്നീടുള്ള അവരുടെ നീക്കങ്ങള്‍.
വെടിക്കോപ്പുകള്‍ കൈയിലേന്തി നിരന്നുനിന്നു. നടുക്കടല്‍... ഇതാണ് എന്റെയും സമയം എന്ന് ഞാനും മനസ്സിലുറപ്പിച്ചു. മരണം മുന്നിലും പിന്നിലുമായി വന്നുനില്ക്കുന്നു. കൂടുതല്‍ ചിന്തിച്ചില്ല, നേരെ കടലിലേക്ക്. പിന്നാലെ എനിക്കുനേരെ പുലികള്‍ വെടിയുതിര്‍ത്തു. കോസ്റ്റല്‍ ഗാര്‍ഡും തമിഴ് പുലികളുമായി ഏറ്റുമുട്ടി. നടുക്കടലില്‍ കിടന്നു കൊണ്ട് ജീവിതത്തിലെ ഏറ്റവും ഭീതിദമായ രംഗങ്ങള്‍ക്ക് സാക്ഷിയായി.
രണ്ടുമണിക്കൂറോളം മുങ്ങിപ്പോകാതെ നീന്തി പിടിച്ചുനിന്നു. ഒടുവില്‍ മാലദ്വീപ് തീരസംരക്ഷണ സേനയുടെ ബോട്ടിനരികിലേക്ക് നീന്തിച്ചെന്നു. അവര്‍ എന്നോട് വസ്ത്രങ്ങള്‍ അഴിക്കാന്‍ ആവശ്യപ്പെട്ടു. വിവസ്ത്രനായി ഞാൻ ബോട്ടിൽ കയറി. കടലിൽ നിന്നും പിടിച്ചിട്ട മത്സ്യത്തെപ്പോലെ കിടന്ന് പിടഞ്ഞു. ശ്വാസം മുട്ടി... വെപ്രാളപ്പെട്ട് ഞാൻ പറഞ്ഞു, ഞാറക്കല്‍ പള്ളി... ഞാറക്കൽ പള്ളി... വടക്കു വശം... വീട്. പിന്നെ ഒന്നും എനിക്കോർമയില്ല.
മാലദ്വീപിലെ തണലിൽ
ബോധം വീഴുമ്പോള്‍ ഞാന്‍ മാലി ക്യാമ്പിലായിരുന്നു. അവര്‍ എനിക്കു ഭക്ഷണം തന്നു. ഞാൻ കണ്ണാടിയിൽ ഒന്നുനോക്കി. മുഖം ആകെ വികൃതമായിരിക്കുന്നു. താടിയും മുടിയും വളര്‍ന്നിട്ടുണ്ട്. അപ്പോഴും എല്‍.ടി.ടി.ഇ സേനാംഗങ്ങളുടെ പിടിയില്‍നിന്നും രക്ഷപ്പെട്ടു എന്ന് വിശ്വസിക്കാനായില്ല. സയനൈഡ് കഴിക്കാന്‍ ശ്രമിച്ച് അവശനിലയിലായവരെയും അവിടേക്ക് കൊണ്ടുവന്നിരുന്നു. അതിൽ ഒരാൾ കൊല്ലപ്പെട്ടു. അവർ എന്നോട് കാര്യങ്ങളെല്ലാം ചോദിച്ചു മനസ്സിലാക്കി.
എന്നെ കണ്ടുപിടിക്കാനും തിരിച്ചുകൊണ്ടുവരാനും കേരള സർക്കാർ നടത്തുന്ന ശ്രമങ്ങളെക്കുറിച്ചൊക്കെ അവര്‍ പറഞ്ഞുതന്നു. ഇനി ഒരിക്കലും തിരിച്ചുകിട്ടില്ലെന്ന് കരുതിയ സന്തോഷവും സമാധാനവും ഞാനന്നനുഭവിച്ചു. വിശപ്പുതോന്നി. ചിരിക്കാന്‍ തോന്നി. എന്തു ധൈര്യത്തിലാണ് സ്രാവുകള്‍ നിറഞ്ഞ കടലിലേക്ക് നിങ്ങള്‍ എടുത്തുചാടിയതെന്ന് അവര്‍ ചോദിച്ചു. ഞാനത്ര ധൈര്യമുള്ള ആളല്ല.
ചെറിയ സങ്കടങ്ങളില്പോലും തകര്‍ന്നുപോകുന്നതാണ് എന്റെ പ്രകൃതം. പക്ഷേ, ജീവിതം നമ്മളെ ചിലപ്പോഴൊക്കെ അമാനുഷികരാക്കും. അന്വേഷണവും നടപടിക്രമങ്ങളുമായി ഒരുമാസം മാലദ്വീപിൽ കഴിഞ്ഞു. അങ്ങേയറ്റം സ്നേഹത്തോടെയായിരുന്നു അവിടത്തെ സേനയുടെ പെരുമാറ്റം.
2007 ജൂലൈ 4
നാലുമാസം നീണ്ട അനിശ്ചിതത്വത്തിനും ഊഹാപോഹങ്ങള്‍ക്കും അറുതിവരുത്തി 2007 ജൂലൈ നാലിന് ഒരു ബുധനാഴ്ച ഞാന്‍ നാട്ടിലെത്തി. സ്നേഹ സമ്മാനങ്ങള്‍ നിറച്ച വലിയൊരു പെട്ടിയുമായാണ് മാലദ്വീപ് തീരസംരക്ഷസേന എന്നെ യാത്രയാക്കിയത്. ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെ വിമാനത്തില്‍ തിരുവനന്തപുരത്ത് വന്നിറങ്ങി.
കുടുംബം, കൂട്ടുകാര്‍, നാട്ടുകാര്‍, ജില്ല കലക്ടര്‍, രാഷ്ട്രീയ പ്രമുഖര്‍ തുടങ്ങി വന്‍ ജനാവലി എയര്‍പോർട്ടില്‍ എന്നെ സ്വീകരിക്കാനായി കാത്തുനിൽപ്പുണ്ടായിരുന്നു. എല്ലാവർക്കും നന്ദി പറഞ്ഞു. എന്നെ മാത്രം നിര്‍ത്തി ബോട്ടില്‍നിന്നും മോചിപ്പിച്ച മറ്റു മത്സ്യതൊഴിലാളികളിലൂടെയാണ് താന്‍ എല്‍.ടി.ടി.ഇ തടവിലാണെന്ന കാര്യം ബന്ധുക്കള്‍ അറിഞ്ഞതെന്ന് മനസ്സിലായി. പലയിടങ്ങളില്‍ മാറ്റിപ്പാര്‍പ്പിച്ച് ഒടുവില്‍ അവരെ രാമേശ്വരത്തുനിന്ന് മോചിപ്പിക്കുകയായിരുന്നു.
പിന്നീട് കടലില്‍ പണിക്കു പോയില്ല. ഭാര്യ ജോയ്സി. മൂന്ന് ആണ്മക്കള്. ഷാറോണ്‍, ഷാനന്, ഷെര്‍വിന്‍. ഒരു ബൈക്കപകടത്തിന്റെ രൂപത്തില്‍ മൂത്തമകന് ഷാരോണിനെ തട്ടിയെടുത്ത് പിന്നെയും പരീക്ഷണം. അവന് പണിത വീട്ടിലാണിപ്പോൾ. ചുവരില്‍ തൂക്കിയിട്ടിരിക്കുന്ന ഫോട്ടോയിലേക്ക് കൈ ചൂണ്ടി സൈമണ്‍ സോസ കണ്ണുകള്‍ തുടച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.