നാടിന്റെ ഹൃദയം കീഴടക്കി ‘പാമരനാം’ പാട്ടുകാരൻ
text_fieldsവെള്ളറട: പാടാന്‍ അവസരം ചോദിച്ച് സതികുമാര്‍ സ്റ്റേജിലേക്ക് കയറുമ്പോള്‍ കാണികള്‍ കരുതിയില്ല ഇയാള്‍ പാടിക്കയറുന്നത് തങ്ങളുടെ ഹൃദയങ്ങളിലേക്കാണെന്ന്. കുന്നത്തുകാലിലെ കൂട്ടുകാരുടെ കൂട്ടം സാംസ്കാരിക വേദിയുടെ ക്രിസ്മസ് പുതുവത്സരാഘോഷ വേദിയിലാണ് ധനുവച്ചപുരത്തെ ഓട്ടോറിക്ഷാ ഡ്രൈവറായ സതികുമാര്‍ ഓട്ടം കഴിഞ്ഞ് മടങ്ങുന്ന വേളയില്‍ ബ്രേക്കിട്ടത്. നാട്ടിലെ കലാകാരന്മാര് പാടുന്ന വേദിയില്‍ തനിക്കും അവസരം നല്‍കണമെന്ന് സംഘാടകരോട് അഭ്യര്‍ഥിച്ച് ഒരു മണിക്കൂര്‍ കാത്തിരുന്നു. രാത്രി 11 മണിയോടെ വേദിയില്‍ കയറി ആദ്യ പാട്ടില്‍ തന്നെ സദസ്സിനെ കീഴടക്കി. മറ്റൊരു പാട്ടുകൂടി പാടിയ ശേഷം പൂമാലയണിയിച്ചാണ് സതികുമാറിനെ നാട്ടുകാര്‍ യാത്രയാക്കിയത്.
ഇപ്പോള്‍ നവമാധ്യമങ്ങളില്‍ തരംഗമാണ് കുന്നത്തുകാലില്‍ സതികുമാര്‍ പാടിയ പാട്ടുകള്‍. ലക്ഷങ്ങളാണ് വിഡിയോ കണ്ടത്. മറന്നുവോ പൂമകളെയും, ഇന്നലെ എന്റെ നെഞ്ചിലെയും ആഘോഷിക്കപ്പെടുമ്പോഴും ജീവിതത്തിലെ കയ്പ്പേറിയ അനുഭവമവണ് 53കാരനായ സതികുമാറിന് പങ്കുവെക്കാനുള്ളത്.
തിരുവനന്തപുരം പള്ളിച്ചല്‍ സ്വദേശിയായ സതികുമാറിന് ബാല്യത്തിലേ മാതാപിതാക്കള്‍ നഷ്ടപ്പെട്ടു. മഞ്ചവിളാകം കൊല്ലയില്‍ മണ്ണറക്കാവ് വീട്ടില്‍ തങ്കത്തിനെ വിവാഹം കഴിച്ചതോടെ മൂന്നു പതിറ്റാണ്ടായി കൊല്ലയില്‍ പഞ്ചായത്തിലാണ് താമസം. ഏക മകന് അഭിജിത്ത്.
സമീപത്തെ ക്ഷേത്രോത്സവ ഗാനമേള വേദികളില്‍ പാടിയിട്ടുണ്ട്. കുന്നത്തുകാലിലെ പാട്ട് ലക്ഷങ്ങള്‍ നവമാധ്യമങ്ങളില്‍ കണ്ട ശേഷം പാടാനായി ഒട്ടേറെപ്പേര്‍ വിളിക്കുന്നുണ്ടെന്നും അടുത്തുള്ള ക്ഷേത്രോത്സവ വേദികളില്‍ പങ്കെടുക്കാനാണ് തീരുമാനമെന്നും സതികുമാര്‍ പറയുന്നു.
പ്രാഥമിക വിദ്യാഭ്യാസം പോലും ലഭ്യമാകാത്ത തനിക്ക് എഴുതാനും വായിക്കാനുമറിയില്ലെന്നും പാട്ടുകള്‍ വായിച്ച് പാടാന്‍ കഴിയാത്തതുകൊണ്ട് മനഃപാഠം പഠിച്ച് പാടുന്ന പാമരനായ പാട്ടുകാരനാണ് താനെന്നുമാണ് സതികുമാര്‍ പറയുന്നത്.
നാട്ടിലെ പാട്ടുകാരന് കൂടുതല്‍ ഉയരത്തിലെത്താനായി കാത്തിരിക്കുകയാണ് കൊല്ലയിലെ നാട്ടുകാരും വീട്ടുകാരും ഒപ്പം ഓട്ടോറിക്ഷാ തൊഴിലാളികളും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.