അനുകരണകലയിലെ കടത്തനാടൻ പ്രതിഭ
text_fieldsമനാമ: കടത്തനാടൻ വാമൊഴിയെ മിമിക്രിയിലൂടെ അവതരിപ്പിച്ച് ശ്രദ്ധ പിടിച്ചുപറ്റിയ കലാകാരനായ സിറാജ് പയ്യോളി ബഹ്റൈനിലെത്തി. കലാപരിപാടികൾക്കായി അരങ്ങിലെത്തിയാൽ, ഞൊടിയിടെ തന്റെ ഹെയർസ്റ്റൈലും ശബ്ദവും മാറ്റി, വിവിധ നടന്മാരെ അനുകരിച്ച് പൊട്ടിച്ചിരിപ്പിക്കുന്ന കലാകാരനാണ് സിറാജ് പയ്യോളി. വീ ഫോർ യു കാലിക്കറ്റ് കോമഡി സ്കിറ്റിലൂടെയാണ് സിറാജ് തന്റെ മികവ് തെളിയിച്ചത്.
സ്കൂളിൽ പഠിക്കുമ്പോൾ പാതിവഴിയിൽ പഠനം മുടങ്ങി. പിന്നീട് ചിത്രരചനയിലായിരുന്നു താൽപര്യം. പയ്യോളി ലക്ഷ്മി ടാക്കീസിന്റെ പിന്നിൽ ബോർഡ് എഴുത്തുമായി നടന്ന സമയത്താണ് തന്നിലെ ശബ്ദകലാകാരനെ സ്വയം തിരിച്ചറിയുന്നതെന്ന് സിറാജ് പറയുന്നു. തിയറ്ററിൽനിന്ന് കേൾക്കുന്ന നടന്മാരുടെ ഡയലോഗുകൾ പഠിച്ച് കൂട്ടുകാർക്കിടയിൽ അവതരിപ്പിച്ച് കൈയടി നേടി. പിന്നീട് നാട്ടിലെ ഉത്സവങ്ങളിലും ക്ലബുകളിലും സജീവമായതോടെ നാട്ടുകാർ ആ കലാകാരനെ അംഗീകരിക്കുകയും ചെയ്തു.
ജോയ് പീറ്ററിന്റെ ഗാനമേളക്കിടെ മിമിക്രി അവതരിപ്പിക്കാൻ അവസരം നൽകിയപ്പോൾ അറുപത് സിനിമാ നടന്മാരുടെ ശബ്ദ-ഭാവങ്ങൾ അനുകരിച്ച് സദസ്സിനെ കൈയിലെടുത്തു. പിന്നെ ജോയ് പീറ്ററിന്റെ ഗ്രൂപ്പിൽ മിമിക്രി അവതാരകനായി മാറി. പിന്നീട് വിനോദ് കോവൂരിന്റെ വിളിയിലൂടെ വീ ഫോർ യു കോഴിക്കോട് എന്ന ചിരിക്കുടുക്ക ഗ്രൂപ്പിലൂടെ നിർമൽ പാലാഴി, ഹരീഷ് കണാരൻ, പ്രദീപ് ബാലൻ, കബീർ തുടങ്ങിയവരോടൊപ്പം അരങ്ങിലെത്തി. പയ്യോളിയുടെ ഗ്രാമഭാഷയെ വിവിധ രാജ്യങ്ങളിൽ മിമിക്രിയിലൂടെ പ്രശസ്തമാക്കി. ജയറാമും നാദിർഷായും സുരാജ് വെഞ്ഞാറമൂടും വലിയ പ്രോത്സാഹനമാണ് നൽകിയത്.
കലാഭവൻ മണിക്കൊപ്പമുള്ള സ്റ്റേജ് ഷോ അവതരണത്തിനിടെ തന്റെ അനിയനാണിതെന്ന് പറഞ്ഞ് പരിചയപ്പെടുത്തി. സാമ്പത്തിക പ്രശ്നങ്ങൾ അറിഞ്ഞ് അദ്ദേഹം പലതവണ സഹായിച്ചിരുന്നു. ഹരീഷ് കാണാരനൊപ്പം അഭിനയിച്ച കാട്ടുമാക്കാൻ എന്ന സിനിമയിലെ ചെറിയ വേഷം കണ്ടിട്ടാണ് പുത്തൻപണം എന്ന സിനിമയിലെ വേഷത്തിലേക്ക് മമ്മൂട്ടി തന്റെ പേര് നിർദേശിച്ചതെന്ന് സിറാജ് ഓർക്കുന്നു. ഭാര്യ നസീറയും മക്കളായ ഷറ ഷെബിനും ഷെറിൻ ഇബാദിയുമടങ്ങുന്നതാണ് സിറാജിന്റെ കുടുംബം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.