സ്മൈൽ പ്ലീസ്...
text_fieldsദോഹ: ‘തമീം അൽ മജ്ദ്’ എന്ന ഒരൊറ്റ പോട്രെയ്റ്റിലൂടെ ഖത്തറിലെയും അറബ് ലോകത്തെയും പിന്നെ ലോകത്തിന്റെ മുക്കുമൂലകളിലെയും കാഴ്ചക്കാരന്റെ മനസ്സിൽ ഇടംനേടിയ കലാകാരനാണ് അഹമ്മദ് ബിൻ മാജിദ് അൽ മഅദീദ്. അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ കരുത്തും ആത്മവിശ്വാസവും തുടിക്കുന്ന മുഖവും ലിഖിതവും ചേർന്ന വര ലോകമെങ്ങും ശ്രദ്ധനേടി. ഗൾഫ് ഉപരോധകാലത്ത് മലയാളികൾ ഉൾപ്പെടെ പ്രവാസികൾ ഖത്തർ ഭരണാധികാരിയോടുള്ള ഇഷ്ടം പ്രകടിപ്പിക്കാൻ ഈ വരകളെ സ്വന്തമെന്നപോലെ കൊണ്ടുനടന്നു. ആ രചനയിലൂടെ പ്രിയങ്കരനായി മാറിയ അഹമ്മദ് ബിൻ മാജിദിന്റെ പുതിയ സൃഷ്ടി ദോഹ കോർണിഷിൽ ഇന്ന് കാഴ്ചക്കാർക്ക് അത്ഭുതവിരുന്നായി മാറുന്നു.
കഴിഞ്ഞ ദിവസം ഖത്തർ മ്യൂസിയംസ് ചെയർപേഴ്സൻ ശൈഖ അൽ മയാസ ബിൻത് ഹമദ് ബിൻ ഖലീഫ ആൽഥാനി ഉദ്ഘാടനം ചെയ്ത ‘സ്മൈൽ’ ശിൽപമാണ് ഇപ്പോൾ ദോഹയിൽ ആസ്വാദകരെ കാത്തിരിക്കുന്നത്. കാഴ്ചക്കാരനിൽ സ്ഥിരോത്സാഹവും ശുഭപ്രതീക്ഷയുമെല്ലാം പകരുക എന്ന നിലയിലാണ് പുഞ്ചിരി വിതറുന്ന ‘സ്മൈൽ’ തലയുയർത്തിനിൽക്കുന്നത്. ഇസ്ലാമിലെ പുഞ്ചിരിയുടെ പ്രാധാന്യം ഉൾക്കൊണ്ടാണ് ഈ കലാസൃഷ്ടി തയാറാക്കിയതെന്ന് അഹമ്മദ് പറയുന്നു. ‘മുഖത്ത് വിരിയുന്ന പുഞ്ചിരി നിന്റെ സുഹൃത്തിന് നീ നല്കുന്ന ദാനമാണെന്ന’ പ്രവാചക വചനവും പുഞ്ചിരിയെ ഭൂമിയിലെ ലാളിത്യമായി വിശേഷിപ്പിക്കുന്ന വാക്യങ്ങളുമെല്ലാമാണ് അഹമ്മദിന് ചിരി പടർത്തുന്ന ‘സ്മൈൽ’ എന്ന കലാസൃഷ്ടിക്ക് പ്രചോദനമായത്.
ഓരോ കാഴ്ചക്കാരനിലേക്കും പ്രതീക്ഷയും സമാധാനവും സ്ഥിരോത്സാഹവുമെല്ലാം ഈ ശിൽപം പകരുമെന്ന് അദ്ദേഹം പറയുന്നു. അറബ് കാലിഗ്രഫിയുടെ മാതൃകയിൽ ഇംഗ്ലീഷ് അക്ഷരങ്ങളിൽ തീർത്ത പുതിയ ശിൽപനിർമിതിയെ ശൈഖ അൽ മയാസ അഭിനന്ദിച്ചു. ഖത്തരി കലാകാരന്മാരുടെ സൃഷ്ടികൾ രാജ്യത്തിന്റെ പലഭാഗങ്ങളിലായി പ്രദർശിപ്പിക്കാൻ കഴിയുന്നത് സന്തോഷം നൽകുന്ന കാഴ്ചയാണെന്ന് അവർ പറഞ്ഞു. സൽമാൻ അൽ മാലികിന്റെ ‘തൗബ് തൗബ് യാ ബഹർ’, ഫ്രാൻസ് വെസ്റ്റിന്റെ ‘ഗിക്റോസ്’, സുകി സ്യുക്യോങ്ങ് കാങ്ങിന്റെ ‘ഹിയർ വി ഹിയർ’ തുടങ്ങിയ പ്രമുഖ കലാസൃഷ്ടികൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രദർശിപ്പിക്കുന്നതിന്റെ ഭാഗമായാണ് ‘സ്മൈൽ’ ദോഹ കോർണിഷിൽ ഇടംപിടിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.