സോമനും ബീനയ്ക്കും ഇനി പ്രണയത്തിന്റെ നാളുകൾ...
text_fieldsതിരുവല്ല: കതിർമണ്ഡപത്തിൽ 78കാരൻ സോമൻ നായരും 61ലെത്തിയ ബീനാകുമാരിയും പരസ്പരം വരണമാല്യം ചാർത്തുമ്പോൾ തൊട്ടടുത്ത് മക്കൾക്കും കൊച്ചുമക്കൾക്കും എന്തെന്നില്ലാത്ത ആഹ്ലാദം. ഈ പ്രായത്തിലും കല്യാണമോ എന്ന് ചോദിക്കുന്നവരോടുള്ള മറുപടിയാണ് ഈ മക്കൾ. ഒരു ഘട്ടത്തിൽ തുണകൾ മരണപ്പെട്ട ഇരുവരെയും ജീവിതത്തിന്റെ യൗവനത്തിലേക്ക് വീണ്ടും എത്തിച്ച അപൂർവ വിവാഹ വേദിക്ക് സാക്ഷിയായി തിരുവല്ല ശ്രീവല്ലഭ ക്ഷേത്രം.
വ്യോമസേന മുൻ ഉദ്യോഗസ്ഥനും എയർഫോഴ്സ് അസോസിയേഷൻ തിരുവനന്തപുരം ചാപ്റ്റർ എക്സിക്യൂട്ടിവ് അംഗവുമായ തിരുവനന്തപുരം ചിറയിൻകീഴ് കീഴ്വിലം പെരുമാമഠം വീട്ടിൽ കെ. സോമൻ നായരും കുട്ടനാട് തലവടി തുടങ്ങിയിൽ ബീനാകുമാരിയുമാണ് കഴിഞ്ഞ ദിവസം വിവാഹിതരായത്.
11 വർഷമായി കിടപ്പിലായിരുന്ന ഭാര്യ ഒരുവർഷം മുമ്പ് മരിച്ചതോടെ സോമൻ നായർ തനിച്ചായി. മൂന്നുമക്കളും ചെറുമക്കളുമായി കഴിയവെയാണ് അച്ഛനൊരു തുണ വേണമെന്ന് കുടുംബം ആഗ്രഹിക്കുന്നത്. ബീനാകുമാരിയുടെ ഭർത്താവ് പത്ത് വർഷം മുമ്പ് മരിച്ചു. ഒരു മകളുണ്ട്. സഹോദരൻ ടി.ഡി. പ്രദീപിന് ഒപ്പമായിരുന്നു ബീനാകുമാരിയുടെ താമസം. സഹോദരിക്കും ഒരു തുണയെ തേടുമ്പോൾ വിധവകളുടെ ഗ്രൂപ്പുവഴിയാണ് ആലോചന എത്തുന്നത്.
ഇരുവരുടെയും മക്കളും കൊച്ചുമക്കളും ചേർന്നാണ് പരസ്പരം സംസാരിച്ച് ആലോചന മുറുക്കിയത്. ആഭരണങ്ങളും വസ്ത്രവും ഭക്ഷണവും എല്ലാം ഇവർ ഒരുക്കി. ഇരുവരുടെയും അടുത്ത ബന്ധുക്കൾ വിവാഹത്തിന് സാക്ഷിയായി. വ്യോമസേനയിൽനിന്ന് വിരമിച്ച സോമാൻ നായർ പിന്നീട് സംസ്ഥാനത്തെ എൻ.സി.സി വിഭാഗത്തിൽ ജോലി നോക്കിയിരുന്നു. സോമന്റെയും ബീനയുടെയും താലി ചാർത്തൽ സമൂഹമാധ്യമങ്ങളിലും ചർച്ചയായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.