സോമൻ സൈക്കിളിലേറിയിട്ട് 18 വർഷമായി; ചവിട്ടിത്തിരിഞ്ഞ് റിയാദിലുമെത്തി
text_fieldsറിയാദ്: സോമൻ ദേബ്നാഥ് എന്ന ഇന്ത്യൻ പൗരൻ സൈക്കിൾ ചവിട്ടുന്നത് ചരിത്രത്തിലേക്കാണ്. തന്റെ രാജ്യത്തിന്റെ സംസ്കാരവും പൈതൃകവും ദേശാന്തരങ്ങളിലേക്ക് പകരുക, മാരകമായ എയ്ഡ്സ് രോഗത്തിനെതിരെ ലോകമാകെ നടക്കുന്ന ബോധവൽകരണ പ്രചാരണത്തിൽ പങ്കാളിയാകുക എന്നീ ലക്ഷ്യങ്ങൾ മനസ്സിലുറപ്പിച്ച് ലോകം മുഴുവൻ സൈക്കിളിൽ സഞ്ചരിക്കാൻ ഇറങ്ങിത്തിരിച്ച പശ്ചിമ ബംഗാൾ സ്വദേശിയായ യുവാവ് യാത്രക്കിടയിൽ റിയാദിലെത്തി.
ജന്മദേശമായ സുന്ദർബനിൽനിന്ന് 2004 മെയ് 27-ന് ചവിട്ടി തുടങ്ങിയ സൈക്കിൾ കഴിഞ്ഞ 18 വർഷത്തിനിടെ കടന്നുപോയത് 170 രാജ്യങ്ങളിലൂടെ. 1,85,400 കിലോമീറ്റർ താണ്ടി ഇപ്പോൾ സൗദി അറേബ്യയിൽ പ്രവേശിച്ചിരിക്കുകയാണ്.ഇനി 21 രാജ്യങ്ങൾ കൂടിയാണ് സഞ്ചരിക്കാനുള്ള ലിസ്റ്റിൽ ബാക്കിയുള്ളതെന്ന് റിയാദിൽ വെച്ച് 'ഗൾഫ് മാധ്യമ'ത്തോടെ സംസാരിക്കവേ സോമൻ വ്യക്തമാക്കി. നാല് ദിവസം മുമ്പാണ് റിയാദിലെത്തിയത്.
സൗദി തലസ്ഥാനത്തെ സുപ്രധാന ടൂറിസം കേന്ദ്രങ്ങൾ സന്ദർശിച്ചുകഴിഞ്ഞു. സൗദിയിലെ ആതിഥേയത്വത്തിന്റെ ഊഷ്മളതയെ കുറിച്ച് സോമൻ ദേബ്നാഥ് വാചാലനായി. ചെറിയ കുട്ടികൾ വരെ പരിചയപ്പെടുകയും സംസാരിക്കുകയും കാപ്പി കുടിക്കാൻ ക്ഷണിക്കുകയും ചെയ്യുന്നു. സ്കൂളുകളിലേക്ക് പോലും ക്ഷണിക്കുന്നു. ആബാല വൃദ്ധം ജനങ്ങളിൽനിന്ന് ഇത്രയും വലിയ സ്വീകരണം പ്രതീക്ഷിച്ചതായിരുന്നില്ലെന്നും യുവാവ് പറയുന്നു.
സൗദി കിരീടാവകാശിയുടെ പരിവർത്തന പദ്ധതിയായ 'വിഷൻ 2030' രാജ്യത്തുണ്ടാക്കിയ മാറ്റങ്ങൾ നേരിട്ട് അനുഭവിച്ചറിയാനുള്ള ഭാഗ്യം കൂടിയാണ് ഈ യാത്രയിലൂടെ സാധ്യമായതെന്ന് സോമൻ കൂട്ടിച്ചേർക്കുന്നു. യാത്രക്കിടയിൽ 38 രാജ്യങ്ങളിലെ പ്രസിഡന്റുമാരെയും 72 രാജ്യങ്ങളിലെ പ്രധാനമന്ത്രിമാരെയും നേരിട്ട് കാണാനും സംവദിക്കാനും അവസരം ലഭിച്ചിട്ടുണ്ട്. സൗദി ഭരണാധികാരികളെയും വിവിധ വകുപ്പ് മന്ത്രിമാരെയും കാണാൻ ആഗ്രഹമുണ്ടെന്ന് റിയാദിലെ ഇന്ത്യൻ എംബസിയെ അറിയിച്ചിട്ടുണ്ട്. സൗദിയിലെ യാത്രക്കുള്ള പിന്തുണ എംബസിയിൽനിന്ന് കിട്ടിയത് കൂടുതൽ ഊർജം പകരുമെന്നും ആദ്ദേഹം പറഞ്ഞു.
2004-2007 കാലയളവിൽ ഇന്ത്യയിലെ 28 സംസ്ഥാനങ്ങളും അഞ്ച് കേന്ദ്രഭരണ പ്രദേശങ്ങളും സൈക്കിളിൽ താണ്ടി. 2007-നും 2009-നുമിടയിൽ ഏഷ്യയിലെ 23 രാജ്യങ്ങൾ മറികടന്നു. 2009 മുതൽ 2012 വരെ യൂറോപ്പിലെ 45 രാജ്യങ്ങളും 2012-നും 2015-നും ഇടയിൽ ആഫ്രിക്കയിലെ 52 രാജ്യങ്ങളും മധ്യപൂർവേഷ്യയിലെ എട്ട് രാജ്യങ്ങളും സഞ്ചരിച്ചുകഴിഞ്ഞു.
2016-ന്റെ തുടക്കം മുതൽ 2017-ന്റെ ഒടുക്കം വരെ തെക്കേ അമേരിക്കയിലെ 13 രാജ്യങ്ങൾ, കരീബിയൻ ദ്വീപുകളിലെ ആറ് രാജ്യങ്ങൾ, അന്റാർട്ടിക്കയിലെ ദക്ഷിണധ്രുവം, 2018 മുതൽ 2021 വരെ മധ്യ അമേരിക്കയിലെ എട്ട് രാജ്യങ്ങൾ, ആർട്ടിക് സർക്കിൾ ഉൾപ്പെടെ വടക്കേ അമേരിക്കയിലെ എല്ലാ രാജ്യങ്ങളും, ആർട്ടിക് സർക്കിൾ അലാസ്ക, കാനഡ, ജപ്പാൻ, റഷ്യ, മംഗോളിയ, ചൈന, ദക്ഷിണ കൊറിയ, ന്യൂസിലാൻഡ് എന്നിവയുൾപ്പെടെ 48 രാജ്യങ്ങൾ, അമേരിക്ക, 2021-നും 2022-നുമിടയിൽ യൂറോപ്പ്, ഓസ്‌ട്രേലിയ, തെക്കുകിഴക്കൻ ഏഷ്യ എന്നിവിടങ്ങളിൽ എട്ട് രാജ്യങ്ങൾ എന്നിവയിലൂടെയും യാത്ര പൂർത്തിയാക്കി ഇന്ത്യയിലേക്ക് തിരിച്ചുപോക്കിനിടയിലാണ് ഇപ്പോൾ സൗദിയിൽ എത്തിയിരിക്കുന്നത്.
14-ാം വയസ്സിൽ 'എയ്ഡ്‌സ് കാൻസറിനേക്കാൾ മാരകമാണ്' എന്ന പേരിൽ ഒരു ലേഖനം വായിച്ചതാണ് സോമന്റെ യാത്രക്കുള്ള പ്രചോദനം. ആരാരും സംരക്ഷിക്കാനില്ലാതെ തെരുവിൽ മരിച്ച ഒരാളെ കുറിച്ചായിരുന്നു ആ ലേഖനം. ഈ ദുരനുഭവം എന്തുകൊണ്ട് സംഭവിച്ചു എന്ന ചോദ്യത്തിന് തൃപ്തികരമായ ഉത്തരം നൽകാൻ ആർക്കും കഴിഞ്ഞില്ല. മനസ്സിനെ അലട്ടിയ ആ ഉത്തരം കണ്ടെത്താനായി പിന്നീടുള്ള അന്വേഷണം. രണ്ട് വർഷത്തിന് ശേഷം, സൊസൈറ്റി ഓഫ് വെസ്റ്റ് ബംഗാൾ സ്റ്റേറ്റ് എയ്ഡ്‌സ് കൺട്രോളിൽനിന്ന് പ്രത്യേക പരിശീലനം നേടി, എച്ച്.ഐ.വി/എയ്ഡ്‌സിനെ കുറിച്ചും വിദ്യാഭ്യാസത്തെ കുറിച്ചും സ്വന്തം സ്‌കൂളിൽനിന്ന് ബോധവൽക്കരണ കാമ്പയിൻ ആരംഭിച്ചു. ആദ്യ ദൗത്യം ഇന്ത്യയിൽ അവബോധം നൽകുക എന്നതായിരുന്നു.
തുടർന്ന് ഈ ലക്ഷ്യം വെച്ച് 191 രാജ്യങ്ങളിലൂടെയുള്ള യാത്ര. 2020-ൽ പൂർത്തിയാകേണ്ടതായിരുന്നു യാത്ര. എന്നാൽ കോവിഡിൽ തട്ടി സഞ്ചാരം മുടങ്ങി. അഫ്ഗാനിൽ താലിബാനിന്റെ കൈയ്യിൽപെട്ട് 24 ദിവസത്തെ തടവ് അനുഭവിച്ചു. മധ്യേഷ്യയിൽ വെച്ച് ആറ് തവണ കൊള്ളയടിക്കപ്പെട്ടു. മരം കോച്ചും തണുപ്പിലൂടെ യാത്ര ചെയ്തു. വന്യമൃഗങ്ങൾക്കിടയിലൂടെയുള്ള ഭീതിജനകമായ യാത്രകൾ. ഗ്രീൻലാൻഡിലെ ഉത്തരധ്രുവത്തിലേ മൈനസ് 45 ഡിഗ്രിയിലെ അതിജീവനം. ഇങ്ങനെ നിരവധി പ്രസിസന്ധികളിലൂടെയാണ് യാത്ര പുരോഗമിക്കുന്നതെന്ന് സോമൻ ദേബ്നാഥ് പറഞ്ഞു.
ബോധവൽകരണത്തിന്റെ ഭാഗമായി റിയാദിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളും ആശുപത്രികളും സന്ദർശിക്കുന്നുണ്ട്. സാമൂഹിക-ജീവകാരുണ്യ സംഘടനകളുമായി കൂടിക്കാഴ്ച നടത്തും. 10 ദിവസം കൂടി റിയാദിൽ തുടരും. ഒരാഴ്ച ദമ്മാമിലും തങ്ങിയതിന് ശേഷം കുവൈത്തിലേക്ക് പോകുമെന്നും 'ഗൾഫ് മാധ്യമ'ത്തിന് അനുവദിച്ച അഭിമുഖത്തിൽ ദേബ്നാഥ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.