പിതാവിന്റെ സ്മരണയിൽ അംഗൻവാടി കെട്ടിടം നിർമിച്ചുനൽകി മകൻ
text_fieldsചേർപ്പ്: ചേർപ്പ് ഗ്രാമപഞ്ചായത്തിലെ ആദ്യ തൃശ്ശൂർ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് ആയിരുന്ന സി.ആർ. ഗോപാലന്റെ സ്മരണയിൽ മകൻ ചെങ്ങാലൂർ വീട്ടിൽ രാജീവ് സ്വന്തം സ്ഥലത്ത് നിർമിക്കുന്ന അംഗൻവാടി കെട്ടിട നിർമാണം പൂർത്തിയായി.
വ്യഴാഴ്ച ഉച്ചക്ക് രണ്ടിന് ടി.എൻ. പ്രതാപൻ എം.പി കെട്ടിടം ഉദ്ഘാടനം ചെയ്യും.
ഗ്രാമപഞ്ചായത്ത് എട്ടാം വാർഡിലെ അംഗൻവാടിക്ക് സ്വന്തമായി സ്ഥലമോ കെട്ടിടമോ ഇല്ലാതെ 20 വർഷമായി വാടക കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നതെന്നറിഞ്ഞാണ് നടപടി. മാതാവ് നളിനി ഗോപാലനും സി.ജി. രാജീവിന്റെ ഭാര്യ മീര രാജീവിന്റെയും കുടുംബാംഗങ്ങളുടെയും സഹായത്തോടെയാണ് സ്വന്തം ഭൂമിയിൽ എല്ലാ അടിസ്ഥാന സൗകര്യങ്ങളോടും ചുമർ ചിത്രങ്ങളോടും കൂടിയ അംഗൻവാടി നിർമിച്ചത്.
മജിസ്ട്രേറ്റ് സി.ആർ. ഗോപാലൻ സ്മാരക മഹാത്മ അംഗൻവാടി എന്ന നാമകരണവും നടത്തി. 700 സ്ക്വയർ ഫീറ്റിൽ ആധുനിക സൗകര്യത്തോടെ കെട്ടിടവും കിണറും ചുറ്റുമതിലുമുണ്ട്. മൂന്ന് സെൻറ് സ്ഥലത്തെ മുറ്റം പൂർണമായും ടൈൽസ് വിരിച്ച് ചുറ്റുമതിലും കിണറും കെട്ടിടത്തിന്റെ പുറംവശവും ഉൾവശവും ചിത്രപ്പണിയോടെ കുട്ടികൾക്ക് ആസ്വദിക്കാവുന്ന തരത്തിലാണ് അംഗൻവാടി കെട്ടിടം നിർമിച്ചിരിക്കുന്നത്. ചേർപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുജിഷ കള്ളിയത്ത്, വൈസ് പ്രസിഡന്റ് വി.എൻ. സുരേഷ്, വാർഡ് മെമ്പർ ശ്രുതി ശ്രീശങ്കർ, സി.ജി. രാജീവ്, അംഗൻവാടി വർക്കർ ചന്ദ്രവല്ലി തുടങ്ങിയവരും ഒരുക്കങ്ങൾക്കായി സജീവമായുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.