ഭിന്നശേഷിക്കാരന്റെ ധർമ്മസങ്കടങ്ങൾ
text_fieldsവീണ്ടുമൊരു ഭിന്നശേഷി ദിനം. അതെ, ഏറെ കരുതൽ വേണ്ട ദിനം. ഭിന്നശേഷിക്കാരുടെ വിഭിന്ന കഴിവുകള് കണ്ടെത്തി പരിപോഷിപ്പിക്കുന്നതിനും സമൂഹത്തിലെ ഉത്തമ പൗരരാക്കി, ഉന്നതഭാവി ഉറപ്പാക്കുന്നതിനും ആവശ്യമായ പ്രചോദനവും കരുതലും നല്കുന്നതിന് ദൃഢപ്രതിജ്ഞയെടുക്കേണ്ട ദിനം. പക്ഷേ, ഇവര്ക്ക് ആവശ്യം സഹതാപമല്ല, മറിച്ച് കരുതലും സ്നേഹവും അതിജീവനത്തിലേക്കുള്ള വഴിയുമാണ്... ഭിന്നശേഷിക്കാരെ സമൂഹത്തിന്റെ മുഖ്യധാരയിെലത്തിക്കുന്നതിനുള്ള ആര്ജവം കാണിക്കാൻ കേവലം ദിനാചരണത്തിനായി നാം കാത്തിരിക്കണോ?
ഈ ഭൂമിയിൽ പിറന്നുവീണ ഓരോ മനുഷ്യനും അനുഭവിക്കുന്ന വേദനകൾ ഏറെയാണ്. പലപ്പോഴും തൊട്ടടുത്ത് നിൽക്കുന്നവർക്കു പോലും തിരിച്ചറിയാൻ കഴിയാത്തവയാണത്. വാശിയും പകയും കുതിൽകാൽവെട്ടും എല്ലാം സ്വതസിദ്ധമായ ശൈലിയിൽ കൊണ്ടുനടക്കുന്നവരാണ് ഏറെപ്പേരും. ചിരിച്ചുകൊണ്ട് കഴുത്തറുക്കുന്നവരുമുണ്ട് ഇക്കൂട്ടത്തിൽ. ഇവിടെ, പറയുന്നത് അത്തരമൊരു അവസ്ഥയെ കുറിച്ചല്ല. ജന്മം തന്നെ സങ്കടക്കടലായി തീർന്ന മനുഷ്യനെ കുറിച്ച്.
അതെ, അഞ്ച് പതിറ്റാണ്ടിലേറെയായി ഈ മണ്ണിൽ ജീവിച്ചുപോരുന്നവന്റെ പ്രയാസങ്ങൾ. ഇത്, ദിലീപ് കീഴൂർ എന്ന മനുഷ്യന്റെ ജീവിതകഥയാണ്. വളഞ്ഞുകിടക്കുന്ന കാൽപാദവുമായി നടന്നുതീർത്ത ദൂരങ്ങൾ, അതാണ്, ഈ മനുഷ്യന്റെ ഇന്നലെകൾ... എന്നാൽ, അതുമാത്രമല്ല സമാന അവസ്ഥയിൽ ജീവിക്കുന്ന അനേകം പേരുടെ അനുഭവങ്ങൾകൂടിയാണിത്. ഇതിനെ ഭിന്നശേഷിക്കാരന്റെ ധർമസങ്കടങ്ങൾ എന്ന് വിളിക്കാം. ചിലപ്പോഴൊക്കെ അതിലപ്പുറമാണീ ജീവിതം.
ദിലീപിന്റെ വാക്കുകളിൽ അമർഷവും കണ്ണീരും വെറുപ്പും ചേർന്ന് കിടക്കുന്നു. ഭിന്നശേഷിയോട് പൊരുത്തപ്പെടാത്ത സാമൂഹിക നിയമങ്ങളെയെല്ലാം ഇക്കാരണം കൊണ്ടുതന്നെ, ദിലീപ് നിരസിക്കുന്നു. ഭിന്നശേഷിയെ പരിഹരിക്കാൻ ശ്രമിക്കുന്ന സർക്കാർ നിയമങ്ങളെല്ലാം കാപട്യമാണെന്നറിയാൻ വൈകിയില്ല. മെഡിക്കൽ ബോർഡ് മുതൽ സർക്കാർ നിയമനങ്ങൾ വരെ അശാസ്ത്രീയമായ ചട്ടങ്ങളിൽ കുടുങ്ങി കിടക്കുകയാണിപ്പോഴും... ചിത്രരചന, നാടകം, ചലച്ചിത്ര പ്രവർത്തനം അങ്ങനെ വിവിധ വഴികളിൽ സഞ്ചരിക്കുേമ്പാഴും എത്തിപ്പെട്ട പെരുവഴിയെ കുറിച്ച് സംസാരിക്കുകയാണിവിടെ...
വീട്ടിലേക്കുള്ള വഴി
ഓർമകളിലെന്നും വീട്ടിലേക്കുള്ള വഴിയുണ്ട്. ആദ്യമായി നടന്നു പഠിച്ചത്. അല്ല, വീഴാൻ പഠിച്ചത് ഈ വഴിയിലാണ്. ഞാൻ ജനിച്ചത് വിദ്യാഭ്യാസമുള്ളവരുടെയും, ഉയർന്ന ജോലിക്കാരുടെയും കുടുംബത്തിലാണ്. ഭിന്നശേഷിക്കാരനായതുകൊണ്ടാവാം ബാല്യം മുതൽ എന്റെ ഇഷ്ടങ്ങൾ നിഷേധിക്കപ്പെട്ടു. എന്തോ കുറ്റം ചെയ്തവനെപ്പോലെ എല്ലാവരും പെരുമാറി. നിനക്ക് അതൊക്കെ മതി എന്ന നിശ്ചിതപ്പെടുത്തിയ തീരുമാനങ്ങളിൽ ഞാൻ കുടുങ്ങി. കൗമാരം വരെ കളിയിലും ഉല്ലാസങ്ങളിലും ഒറ്റപ്പെട്ടു . എന്നെ പ്രസവിച്ചു എന്ന കാരണത്താലാവാം അമ്മയും ഈ ഉന്നത ജോലിക്കാരുടെ ആർത്തിപിടിച്ച ഔദ്യോഗിക വഷളത്തങ്ങളിൽ കുടുങ്ങി. സമ്പത്ത് തട്ടിപ്പും സുഖജീവിതവും മാത്രം ലക്ഷ്യമിട്ട ചിലർ ഏറെ ചൂഷണം ചെയ്തു.
അതെ, കോഴിക്കോട് പയ്യോളി, കിഴൂരിലെ കെഞ്ചേരിത്താഴ വീട്. അച്ഛൻ ഇ.ടി. ബാലകൃഷ്ണൻ, സൈനികനായിരുന്നു. കേളപ്പജിയുടെ നവോത്ഥാന പ്രസ്ഥാനത്തിൽ അണിചേർന്ന മനുഷ്യൻ. 20 സെന്റ് ഭൂമി ദാനം ചെയ്തിറങ്ങി. അമ്മവീട്ടിൽ താമസമാക്കിയ അച്ഛന് ആറടി മണ്ണേ ഉണ്ടായിരുന്നുള്ളൂ. എന്നെ നടത്തം പഠിപ്പിച്ചത് അച്ഛനാണ്. അമ്മ ജാനകി പ്രധാനാധ്യാപികയായിരുന്നു. നേരത്തേ വിധവയായതിനാൽ ആണധികാരത്തോട് പൊരുതിയായിരുന്നു അമ്മയുടെ ജീവിതം.
കുട്ടിക്കാലത്തെ ആരുമായും ഇപ്പോൾ സൗഹൃദമില്ല. ഭിന്നശേഷിയെ കുറിച്ച് ഡോക്യുമെന്ററി ചെയ്തിരുന്നു. ഭിന്നശേഷിയുള്ള എല്ലാവരും ചങ്ങാതിമാരാണ്. മാഷാവുക എന്നത് സ്വപ്നമായിരുന്നു. അച്ഛൻ ചെറുപ്പത്തിലേ കുട്ടികൾക്ക് കഥ പറഞ്ഞുകൊടുക്കും, പലരും മാഷേ എന്ന് വിളിക്കും. അങ്ങനെ കയറിക്കൂടിയ സ്വപ്നം.
കുട്ടിക്കാലത്ത് സ്വാധീനിച്ച പേര് ‘പെലെ’ എന്നാണ്. എങ്ങനെയാണെന്നറിയില്ല. പെലെയെക്കുറിച്ച് പാഠപുസ്തകത്തിലുണ്ടായിരുന്നു. അതുകൊണ്ടാവാം ഫുട്ബാൾ കളിച്ചത്, എക്കാലവും ഗോളിയായിരുന്നു.
വള്ളിച്ചെരുപ്പെന്ന ചങ്ങാതി
എന്റെ വള്ളിച്ചെരുപ്പാണ് ആദ്യ ചങ്ങാതി എന്നെനിക്ക് തോന്നാറുണ്ട്. കാലിലൊട്ടി നിൽക്കുന്നത് ഈ ചെരുപ്പാണല്ലോ? പിന്നിടുണ്ടായ സൗഹൃദകാലവും ഭിന്നശേഷിയിൽ മാത്രം ഒട്ടിച്ചുതന്ന ചങ്ങാത്തമായിരുന്നു. ശാരീരിക മികവുള്ളവരോട് എല്ലായിടത്തും എനിക്ക് മത്സരിക്കേണ്ടിവന്നു. ഒരു ദാക്ഷിണ്യവും തരാതെ കൗമാരം വരെ ഞാൻ മത്സരിച്ചു. എനിക്ക് പാകമാവാത്ത വഴികൾ, ഇറക്കങ്ങൾ, കയറ്റങ്ങൾ, കളിയിടങ്ങൾ എല്ലാം എന്നെ പ്രചോദിപ്പിച്ചു.
കാൽപന്തുകളിച്ച്, ഞാൻ എന്റെ കൂട്ടുകാരോട് പകവീട്ടി. എന്നോട്, സഹകരിക്കാതെ എന്റെ യൗവനത്തെ മുഴുവൻ മത്സരിപ്പിച്ചതിന്റെ ശിക്ഷ സൗഹൃദത്തിനുണ്ട്. അവരെന്നെ മത്സരിപ്പിച്ചു കൊണ്ടുനടന്ന് തുലച്ചുകളഞ്ഞു. സമത്വം എന്നൊക്കെ ജാതി തിരിച്ചും, ജെൻഡർ തിരിച്ചും മഹത്ത്വവത്കരിക്കുന്ന വ്യവസ്ഥകളുണ്ടിവിടെ. ഇതെല്ലാം, ഭിന്നശേഷിയെ നിർവചിക്കുന്നതിൽ ശരിക്കും പരാജയപ്പെട്ടു. ബോഡി ഷെയിമിങ് എന്നതിൽനിന്നും മാറി, ഇപ്പോഴും ഭിന്നമായ മനുഷ്യരുടെ ശേഷികൾ ക്രിയാത്മകമായി നിർവചിക്കപ്പെട്ടിട്ടില്ല.
ഭിന്നശേഷിയുടെ തളച്ചിടലിൽനിന്ന് മോചിതമാകാനാണ് എപ്പോഴും ശ്രമിച്ചത്. വരച്ചും എഴുതിയും പറഞ്ഞും നടക്കാനാരംഭിച്ചു. എന്നെ ഏറ്റവും ക്രൂരമായി നേരിട്ടത് ബന്ധുക്കളാണ്. ശാരീരിക മികവും അധിക ലാഭവും ഉണ്ടാക്കിത്തരാൻ കഴിയുന്ന ജന്തുവിനെയാണ് അവർക്കാവശ്യം, ഒരു പക്ഷേ സ്വത്തു തട്ടിപ്പും ധനവെട്ടിപ്പും നടത്തി വിഹരിച്ചവർ എന്നെ അപകടപ്പെടുത്താത്തത് ഭാഗ്യമെന്നേ കരുതാവൂ. എല്ലാവരും എന്നെ ഉപേക്ഷിച്ച് രക്ഷപ്പെട്ടിരുന്നു. ഏതാണ്ട് മൂന്നുവർഷം ഒറ്റക്ക് ഒരു വീട്ടിൽ ഏകാകിയായി ജീവിച്ചു.
അതിജീവനം വെറും വാക്കല്ല...
അതിജീവനമെന്നത് വെറും വാക്കല്ലെന്ന് ജീവിതം പഠിപ്പിച്ചു. എന്റെ നട്ടെല്ലിനും നാവിനും ഭിന്നശേഷിയില്ലെന്നു തെളിയിക്കുക, കാമമോഹിതവും ലാഭമോഹിതവുമായ ഈ സമൂഹത്തിൽ ഇരകളായ മനുഷ്യർക്കും ജിവിതമുണ്ടെന്ന് തെളിയിക്കലാണ് എന്റെ കലാപ്രവർത്തനം. രണ്ടായിരത്തിലധികം ഇലസ്ട്രേഷൻ, 50 പുസ്തക കവർ, 50 ചിത്ര പ്രദർശനങ്ങൾ, സിനിമയെഴുത്ത്, നാടകം, കവിത എല്ലാം എനിക്ക് പ്രതിരോധ പ്രവർത്തനങ്ങളാണ്.
ആവിഷ്കാരമാണ് ഏറ്റവും വലിയ രാഷ്ട്രീയ പ്രവർത്തനമെന്നും, അതുൽപാദിപ്പിക്കുന്ന ഊർജമാണ് ജീവിതത്തിന്റെ കരുത്തുമെന്നാണ് എന്റെ ജീവിത പാഠം. മറ്റൊരു പേടിപ്പെടുത്തുന്ന കാര്യം ജാതി ഭ്രാന്തൻമാരായ കൂട്ടുകാരാണ്. പലമേഖലകളിലേക്ക് മാറിയ സുഹൃത്തുക്കൾപോലും അങ്ങേയറ്റം അവഹേളിച്ചു. നീ ഭിന്നശേഷിയുടെ കാര്യംപറഞ്ഞ് മുതലെടുക്കുന്നുവെന്ന് പറഞ്ഞ് ഒഴിവാക്കി. പിന്നെ വരയും എഴുത്തും നാടകവും സിനിമയും വായനയുമായി കൂട്ട്. ഒറ്റുകൊടുക്കാത്ത ചങ്ങാതിമാർ. അതിഭയങ്കരമായ പേടിയിൽ അകപ്പെട്ട ലോകത്തെ മുടന്തനാണ് ഞാൻ. പക്ഷേ, ഈ ലോകത്തെ ജാഗ്രതയോടെ നോക്കിക്കണ്ട് നടക്കുന്നുവെന്നു മാത്രം.
മുടന്തന്റെ സുവിശേഷം
‘കൽപറ്റ നാരായണൻ മാഷുടെ ‘മുടന്തന്റെ സുവിശേഷം’ വായിച്ച് സുഹൃത്ത് തമാശയായി ചോദിച്ചു. മാഷ് നിന്നെപ്പറ്റി കവിത എഴുതിയിട്ടുണ്ട് വായിച്ചോ? എന്നെപ്പറ്റി എന്നത് ഭിന്നശേഷിക്കാരനായ എന്നെ കുറിച്ചാണ്. മുടന്തുന്ന ലോകത്തെ കുറിച്ചാണ് കവിതയെന്ന് മാഷ് പറയുന്നുണ്ട്. അത്, എല്ലാവരുടെയും വ്യസനമാണ്. കവിത വായിച്ച ആവേശത്തിൽ മാഷിന് കത്തയച്ചു. നേരിൽ കണ്ടപ്പോൾ ഒന്നും പറയാൻ കഴിഞ്ഞില്ല. ഒരു പക്ഷേ, അതുതന്നെയാണല്ലോ മുടന്തന്റെ സുവിശേഷം.
അന്ധനായതും മുടന്തനായതും ബധിരനായതും ആരുമറിയുന്നില്ല. എല്ലാവരും അംഗപരിമിതർ. അംഗപരിമിതനായ എന്നോട് നിന്നെക്കാൾ കഷ്ടമാണ് എന്റെ നടത്തം എന്ന് ചങ്ങാതി പറയുേമ്പാൾ ഒരു സമത്വബോധം തോന്നും. ഇങ്ങനെ ഓരോ മുടന്തനും മറ്റുള്ളവരുടെ മുടന്തിനെ നോക്കി പരിഹസിക്കുകയാണ്. രക്ഷപ്പെട്ടവരൊക്കെ ഓടി രക്ഷപ്പെട്ടവരല്ല. വെറുതെ വിട്ടവരാണ്. വെറുതെ വിട്ടവരുടെ ജനാധിപത്യം ഒരാളെയും രക്ഷപ്പെടുത്തുകയില്ല. കുടുങ്ങിപ്പോയവർ രക്ഷപ്പെട്ടവരുടെ ചിരിയാൽ വിഡ്ഢിയാക്കപ്പെടും. ‘ഞാൻ രക്ഷപ്പെട്ടു’ എന്നുമാത്രം സ്വസ്ഥനാവുന്ന ആരുടെ കൂടെയും ഞാനുണ്ടായിരുന്നില്ല.
എന്തുകൊണ്ട് അംഗപരിമിതരെ കുടുംബവ്യവസ്ഥക്കുള്ളിലെ സുരക്ഷക്കുള്ളിൽ ഉൾപ്പെടുത്തുന്നില്ല? അവർ വല്ലാതെ ചൂഷണം ചെയ്യപ്പെടുന്നത് എന്തുകൊണ്ട്? തീവ്രമായ ദുരിതകാലത്ത് ഞാനുള്ളിൽ ചോദിച്ചു. എന്റെ ആവശ്യങ്ങളൊന്നും ആരും ചെവിക്കൊള്ളുന്നില്ല. എന്റെ വൈകല്യം ജീവിതത്തിന്റെ ശിക്ഷയും കുറ്റവുമായി മാറുന്നപോലെ... എല്ലാറ്റിനിടയിലും ചേർന്ന് നിൽക്കുകയാണ് സഖി എൽ. സോണി. മക്കൾ: ഗസൽ, ഗയ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.