ദേ ഇതാണ് ആ ഓട്ടക്കാരൻ
text_fieldsസി.പി.ഒ ശശികുമാർ
കോട്ടയം: കഴിഞ്ഞ ദിവസം കോടതി വളപ്പിൽനിന്ന് ഒരു പ്രതി രക്ഷപ്പെടാൻ ശ്രമിച്ചു; ഫലമോ അയാൾ പിടിയിലായെന്നു മാത്രമല്ല ട്രാഫിക് പൊലീസിലെ ഓട്ടക്കാരനെ പുറംലോകമറിയുകയും ചെയ്തു. വെച്ചൂർ സ്വദേശിയായ സി.പി.ഒ ശശികുമാറാണ് പ്രതിയെ ഓടിച്ചിട്ടു പിടികൂടിയ സ്പോർട്സസ്മാൻ. ചെറുപ്പം മുതൽ ഓട്ടവും ചാട്ടവും ശീലമാക്കിയ അദ്ദേഹം മാരത്തൺ ഓട്ടക്കാരനാണ്.
വെറ്ററൻസ് ദേശീയ മത്സരത്തിൽ 45 വയസ്സിനു മുകളിലുള്ളവരുടെ വിഭാഗത്തിൽ പോൾവാൾട്ടിൽ വെള്ളിയും ട്രിപ്പിൾ ജംപിൽ വെങ്കലവും നേടിയിട്ടുണ്ട്. സെവൻസ് മത്സരങ്ങളിൽ സജീവമായ ഇദ്ദേഹത്തിന്
വോളിബാളും പ്രിയം. പ്രാരബ്ധങ്ങൾക്കു നടുവിലെ ജീവിതമാണ് ശശികുമാറിനെ കായികതാരമാക്കിയത്. വെച്ചൂർ ഗവ. എച്ച്.എസിലായിരുന്നു സ്കൂൾപഠനം. കൊതവറ സെന്റ് സേവ്യേഴ്സ് പ്രീഡിഗ്രി പൂർത്തിയാക്കിയ ശേഷം വീടുനോക്കാൻ കൂലിപ്പണിക്കിറങ്ങി. അതിനിടയിൽ കിട്ടുന്ന സമയമാണ് നാട്ടുമ്പുറത്തെ ഫുട്ബാളിനും വോളിബാളിനുമായി മാറ്റിവെച്ചത്. 32ാം വയസ്സിലാണ് സർവിസിൽ കയറിയത്. കോട്ടയത്തെത്തിയിട്ട് 15വർഷം. ഒന്നര വർഷമായി ട്രാഫിക്കിലാണ്. ആലപ്പുഴ മണ്ണഞ്ചേരി സ്റ്റേഷനിലെ എ.എസ്.ഐ പി.എസ്. സിന്ധുവാണ് ഭാര്യ. പ്ലസ് വൺ വിദ്യാർഥിയായ അമിത്ആരോമലും രണ്ടാംക്ലാസുകാരനായ അമൃത് ഇഷാനുമാണ് മക്കൾ. 52കാരനായ ഇദ്ദേഹം ഇപ്പോൾ ആലപ്പുഴയിലാണ് താമസം.
കഴിഞ്ഞ വ്യാഴാഴ്ച കലക്ടറേറ്റ് ഭാഗത്ത് ഡ്യൂട്ടിയിലിരിക്കെയാണ് പ്രതി ഓടി വരുന്നത് ശശികുമാർ കണ്ടത്. തൊഴിലാളികൾ തമ്മിലുള്ള കശപിശയാണെന്നാണ് ആദ്യം കരുതിയത്. ഇയാൾ കടന്നുപോയ ശേഷം പിറകെ പൊലീസുകാരനെക്കൂടി കണ്ടതോടെ സംശയമായി. പ്രതി ആ സമയം കൺമുന്നിൽനിന്നു മറഞ്ഞിരുന്നില്ല. ഉടൻ പുറകെ ഓടി. സമീപത്തെ ഇടവഴി കയറിയ ഇയാൾ കാടുപിടിച്ച ഭാഗത്തേക്കാണ് ഓടി വലതുഭാഗത്തെ വലിയ കുഴിയിലേക്ക് ചാടി. ശശികുമാറും പിന്നാലെ ചാടി പ്രതിയെ പിടിച്ചുവെച്ചു. അപ്പോഴേക്കും പുറകെ എത്തിയ പൊലീസുകാരനും കുഴിയിലേക്ക് ചാടി. പ്രതി ധരിച്ചിരുന്ന ബനിയൻ ഊരി കൈ പുറകിലാക്കി കെട്ടി. മറ്റ് പൊലീസുകാർ കൂടി എത്തി ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. രാത്രി ട്രെയിനിലും റെയിൽവേ സ്റ്റേഷനുകളിലും ചുറ്റിക്കറങ്ങി മോഷണം നടത്തുന്ന കുപ്രസിദ്ധ മോഷ്ടാവായ 28കാരനായ അസം സ്വദേശിയാണ് കോടതിയിൽ ഹാജരാക്കാനെത്തിച്ചപ്പോൾ രക്ഷപ്പെടാൻ ശ്രമിച്ചത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.