ശ്രീനിവാസൻ പവർഫുള്ളാണ്
text_fieldsപ്രായം 72 കഴിഞ്ഞു. ‘എയ്ജ് ഈസ് ജസ്റ്റ് എ നമ്പർ’ എന്ന് ശ്രീനിവാസൻ വെറുതെ പറയുന്നതല്ല; അത് തെളിയിക്കുക കൂടിയാണ്. സംസ്ഥാന-ദേശീയ തലങ്ങളിൽ ഭാരോദ്വഹന ചാമ്പ്യൻഷിപ്പുകളിലെ സ്ഥിരം സാന്നിധ്യമാണ് എറണാകുളം കലൂർ സ്വദേശി കെ.സി. ശ്രീനിവാസൻ. തെലങ്കാനയിലെ ദേശീയ മാസ്റ്റേഴ്സ് വെയ്റ്റ് ലിഫ്റ്റിങ് ചാമ്പ്യൻഷിപ്പിൽ 70 വയസ്സിന് മുകളിലുള്ളവരുടെ വിഭാഗത്തിൽ സ്വർണമെഡൽകൂടിയുണ്ട് ഇദ്ദേഹത്തിന്റെ കസ്റ്റഡിയിൽ.
‘ആരും വിരമിച്ച ശേഷം ഒതുങ്ങിക്കൂടരുത്. നിങ്ങളെ വാർധക്യം പിടികൂടും’ ഇതാണ് ശ്രീനിവാസന് പറയാനുള്ളത്. പ്രായമായെന്ന തോന്നലിന്റെ ആവശ്യമേയില്ലെന്നാണ് ഇദ്ദേഹത്തിന്റെ പക്ഷം. മരുന്നുകളല്ല, മത്സരങ്ങളാണ് തന്റെ കൂട്ടുകാരെന്ന് അദ്ദേഹം ജീവിതത്തിലൂടെ തെളിയിക്കുന്നു. ഈ പ്രായത്തിലും ജിമ്മിൽ പോയി വർക്കൗട്ട് ചെയ്യുന്നു. പ്രസിലും അറ്റൻഡറായും ജോലിചെയ്ത ശേഷമാണ് അദ്ദേഹം ഭാരോദ്വഹനത്തിലേക്ക് വന്നത്.
പോസിറ്റിവാകണം, ആക്ടിവാകണം
ഇത്രയും കാലം പണിയെടുത്തു, ഇനി ഒതുങ്ങിയിരിക്കാമെന്നു കരുതുന്നത് ശരിയല്ലെന്നാണ് ശ്രീനിവാസന് പറയാനുള്ളത്. ആ ഒതുങ്ങിക്കൂടലാണ് വാർധക്യത്തിലേക്ക് നയിക്കുന്നത്. മുമ്പ് ചെയ്ത ജോലിതന്നെ തുടരണമെന്നില്ല, പുതിയ മേഖലകൾ കണ്ടെത്തണം. ദിവസവും വ്യായാമം ചെയ്യണം. പോസിറ്റിവ് ആറ്റിറ്റ്യൂഡ് വളർത്തിയെടുക്കണം.
ഭക്ഷണവും ശ്രദ്ധിക്കണം
കൃത്യമായ, പോഷകങ്ങളടങ്ങിയ ഭക്ഷണം കഴിക്കാൻ മറക്കരുത് എന്നുകൂടി ശ്രീനിവാസൻ പറയുന്നു. അതേസമയം, മറ്റ് ബോഡി ബിൽഡേഴ്സും ഭാരോദ്വഹരുമൊക്കെ കഴിക്കുന്നതുപോലുള്ള ഭക്ഷണക്രമമൊന്നും ശ്രീനിവാസനില്ല. രാവിലെ ഒരു ഏത്തപ്പഴം. പത്തുമണിക്ക് പുട്ടും കടലയും അല്ലെങ്കിൽ നാല് ഇഡ്ഡലിയും ചട്ണിയും അതുമല്ലെങ്കിൽ നാല് ചപ്പാത്തി. ഉച്ചക്ക് കുറച്ച് ചോറ്. വെജിറ്റബിൾ കറിയും മീനും. രാവിലെയും വൈകീട്ടും കട്ടൻചായ. രാത്രി അൽപം ചോറും കറിയും. ഇതാണ് മെനു. രാവിലെ ആറുമണിക്ക് എഴുന്നേൽക്കും. പിന്നെ വീട്ടു കാര്യങ്ങൾ. ഉച്ചക്ക് അൽപ്പം വിശ്രമം. നാലുമണി മുതൽ ഏഴുവരെ ജിമ്മിൽ.
അധ്വാനിക്കണം
ബോഡി ബിൽഡറാകണമെന്നുള്ള ആഗ്രഹത്തോടെ 19ാമത്തെ വയസ്സിലാണ് ശ്രീനിവാസൻ പരിശീലനം തുടങ്ങിയത്. 1984ൽ എറണാകുളത്ത് നടന്ന മത്സരത്തിൽ ഒന്നാമനായി. തുടർന്ന് സംസ്ഥാന, ദക്ഷിണേന്ത്യ തലങ്ങളിലേക്ക്. 60 വയസ്സിന് ശേഷമാണ് ഭാരോദ്വഹനത്തിലേക്കുകൂടെ കടക്കണമെന്ന ആഗ്രഹം വരുന്നത്. എണ്ണിയാൽ തീരാത്തത്രയും നേട്ടങ്ങളുണ്ട് ശ്രീനിവാസന്റെ അക്കൗണ്ടിൽ. പവർ ലിഫ്റ്റിങ്ങിൽ 23 സ്വർണ മെഡൽ, 15 വെള്ളി, ഒമ്പത് വെങ്കലം. 11 വർഷത്തിനിടയിലാണ് ഈ നേട്ടങ്ങളൊക്കെ കൈയിലൊതുക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.