മമ്മൂട്ടിക്ക് സമ്മാനിക്കും; ഉണ്ണി കാനായിയുടെ ‘മമ്മൂട്ടി’യെ
text_fieldsകൊല്ലം: തിങ്കളാഴ്ച സംസ്ഥാന സ്കൂൾ കലോത്സവത്തിനെത്തുന്ന നടൻ മമ്മൂട്ടിയെ കാത്ത് മറ്റൊരു ‘മമ്മൂട്ടി’ ഇരിപ്പുണ്ട്. ശിൽപി ഉണ്ണി കാനായി തയാറാക്കിയ മമ്മൂട്ടിയുടെ ശിൽപമാണത്. വൺ എന്ന ചിത്രത്തിൽ മുഖ്യമന്ത്രിയായി പകർന്നാടിയ മമ്മൂട്ടിയെയാണ് ശിൽപമാക്കിയിരിക്കുന്നത്. ‘വിദ്യാഭ്യാസ വകുപ്പിൽ നിന്ന് വിളിച്ചാണ് മമ്മൂട്ടിക്ക് സ്നേഹോപഹാരം നൽകാൻ ചെറിയ ശിൽപമടങ്ങുന്ന സമ്മാനം ചെയ്തുനൽകാൻ പറ്റുമോ എന്ന് ചോദിച്ചത്. കുറഞ്ഞ ദിവസങ്ങളും തിരക്കും മൂലം ആദ്യം ഉറപ്പ് പറയാനായില്ല.
ഏറ്റെടുക്കാതിരിക്കാനും മനസ്സ് വന്നില്ല. ആദ്യമായി കണ്ട മമ്മൂട്ടി ചിത്രം തനിയാവർത്തനം മുതൽ അവസാനം കണ്ട ഭീഷ്മപർവം വരെ ചിത്രങ്ങൾ മനസ്സിലേക്ക് ഓടിയെത്തി. ഒടുവിലാണ് വൺ എന്ന സിനിമയിലെ മുഖ്യമന്ത്രി കടക്കൽ ചന്ദ്രനെ തീരുമാനിച്ചത്’ ഉണ്ണി കാനായി പറയുന്നു. ആദ്യം കളിമണ്ണിൽ 16 ഇഞ്ച് ഉയരത്തിൽ മമ്മൂട്ടിയുടെ രൂപമുണ്ടാക്കി പ്ലാസ്റ്റർ ഓഫ് പാരീസ് കൊണ്ട് മോൾഡ് എടുത്ത് ഗ്ലാസ് മെറ്റലിലേക്ക് കാസ്റ്റ് ചെയ്ത് വെങ്കല നിറം പൂശൂകയായിരുന്നു. നാലുദിവസം കൊണ്ടാണ് ശിൽപം പൂർത്തിയാക്കിയത്. മമ്മൂട്ടിക്ക് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി സ്നേഹോപഹാരമായി ശില്പം സമ്മാനിക്കും.
പാതിവഴിയിൽ നിർത്തി പിതാവ്; ഏറ്റെടുത്ത് സൂര്യ
കൊല്ലം: മിമിക്രി വേദിയില്‍ ആസ്വാദകസദസ്സിനെ ആഹ്ലാദിപ്പിക്കുകയും കൈയടി വാങ്ങുകയും ചെയ്യുമ്പോഴും സൂര്യയുടെ മനസ്സില്‍ നെരിപ്പോട് പുകയുന്നുണ്ട്. മത്സരാർഥിയായിരുന്ന കാലത്ത് പിതാവ് ബാലസുബ്രഹ്മണ്യം ആഗ്രഹിച്ച് പരിശീലിച്ച മിമിക്രിയെ പകുതിവഴിയില്‍ ഉപേക്ഷിച്ച് ഉപജീവനത്തിന് ഇറങ്ങിയതിന്റെ വേദന. ഇപ്പോഴും തന്റെ ജീവിതം ഓര്‍ത്തെടുക്കുമ്പോള്‍ ആ പിതാവിന്റെ കണ്ണുകള്‍ നിറയും.
അതിനാല്‍ തന്നെ മകള്‍ സംസ്ഥാനതല മത്സരത്തിലേക്ക് യോഗ്യത നേടിയപ്പോള്‍ ആ മാതാപിതാക്കള്‍ തങ്ങളുടെ നിത്യചെലവിന്റെ ഒരു വിഹിതമെന്നും മാറ്റിവെച്ചു. കൊല്ലത്തെത്തി മത്സരവേദിയില്‍ മകള്‍ കയറുന്നതുവരെ അവര്‍ പ്രാർഥനയോടെ കാത്തിരുന്നു. പാലക്കാട് വെള്ളിനേഴി പഞ്ചായത്തിലെ കുളക്കാട് തെക്കുംഭാഗം ലക്ഷംവീട് കോളനിയിലെ താമസക്കാരായ ബാലസുബ്രഹ്മണ്യം-രഞ്ജിനി ദമ്പതികളുടെ മകളും ശ്രീകൃഷ്ണപുരം എച്ച്.എസ്.എസിലെ പ്ലസ് ടു വിദ്യാർഥിനി ബി.സി. സൂര്യയുമാണ് പരാധീനതകള്‍ക്ക് നടുവിലും കലയെ നെഞ്ചോട് ചേര്‍ത്ത് പിടിക്കുന്നത്. പിതാവിന്റെ ശിക്ഷണത്തിലാണ് പരിശീലനം. തനിക്ക് നഷ്ടമായ വേദികളില്‍ മകള്‍ പങ്കെടുക്കണമെന്നത് മാത്രമാണ് അദ്ദേഹത്തിന്റെ ആഗ്രഹം. കോളനിയില്‍ ഇന്ദിര ഗാന്ധി ഭവനനിര്‍മാണ പദ്ധതി പ്രകാരം ലഭിച്ച വീട്ടിലാണ് ഈ കുടുംബം താമസിക്കുന്നത്.
1998ലെ സംസ്ഥാന കലോത്സവത്തില്‍ മിമിക്രി വേദിയില്‍ ബാലസുബ്രഹ്മണ്യം വിജയിച്ചിരുന്നു. എന്നാല്‍, വീട്ടിലെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം മിമിക്രി രംഗത്ത് സജീവമാകാന്‍ കഴിഞ്ഞില്ല. ആഗ്രഹം മാറ്റിവെച്ച് ഇലക്ട്രീഷ്യനായി ജോലിചെയ്ത് കുടുംബം പോറ്റാനായി ഇറങ്ങിത്തിരിച്ചു. മിമിക്രിക്ക് പുറമെ സംഗീതത്തിലും താല്പര്യമുള്ള സൂര്യയുടെ വാസന തിരിച്ചറിഞ്ഞ് കോവിഡിന് മുമ്പ് സുബ്രഹ്മണ്യം കര്‍ണാടകസംഗീതം പഠിപ്പിച്ചിരുന്നു. സ്കൂളിലെ അധ്യാപകരുടെയും അയല്‍വാസികളുടെയും സഹായത്തോടെയാണ് വിവിധ പരിപാടികള്‍ക്ക് സൂര്യ പോകുന്നത്. അനുജന് യദുകൃഷ്ണനും മിമിക്രി അഭ്യസിക്കുന്നുണ്ട്.
പ്രതിസന്ധികളെ പ്രകാശമാക്കി കൃഷ്ണപ്രഭ
കൊല്ലം: പ്രതിബന്ധങ്ങളിൽ തളർന്ന് പിൻവാങ്ങാനായിരുന്നെങ്കിൽ കൃഷ്ണപ്രഭക്ക് അത് എന്നേ ആകാമായിരുന്നു. എന്നാൽ, വേദനയെ നിശ്ചയദാർഢ്യത്തിനു മുന്നിൽ അടിയറവ് പറയിച്ച് കേരള നടന വേദിയിൽ കൃഷ്ണപ്രഭ നിറഞ്ഞാടി. സാമ്പത്തിക പ്രയാസം നേരിടുമ്പോഴും സ്വപ്നത്തിനൊപ്പം കൂടെനിന്ന കുടുംബത്തിനും പ്രതിഫലം ചോദിക്കാതെ പിന്തുണച്ച അധ്യാപകനുമാണ് മിന്നും പ്രകടനത്തിന്റെ പ്രതിഭപ്പൂക്കൾ ഈ മിടുക്കി സമർപ്പിക്കുന്നത്.
എറണാകുളം നോർത്ത് പറവൂർ എസ്.എൻ.വി.എസ്.കെ.ടി എച്ച്.എസ്.എസ് വിദ്യാർഥിയായ എൻ.പി. കൃഷ്ണപ്രഭ ആദ്യമായാണ് സംസ്ഥാന കലോത്സവ വേദിയിലെത്തിയത്. ഇതിനായി നിരവധി തടസ്സങ്ങളെ വിദ്യാർഥിനിക്ക് നേരിടേണ്ടി വന്നു. ജില്ല കലോത്സവത്തിന് ദിവസങ്ങൾക്ക് മുമ്പ് കാലിന്റെ ലിഗ്മെന്റിന് പരിക്കേറ്റ് ചികിത്സയിലായി. എന്നിട്ടും കേരളനടനത്തിൽ മത്സരിച്ച് ഒന്നാമതെത്തി.
തുടർന്ന് സംസ്ഥാന മത്സരത്തിന് തയാറെടുക്കവെ, വീട്ടിൽ തെന്നി വീണ് നടുവിന് പരിക്കേറ്റു. വീണ്ടും ചികിത്സ തേടി പരിശീലനം തുടർന്നു. സംസ്ഥാന കലോത്സവത്തിന് രണ്ടു ദിവസം ബാക്കിനിൽക്കെ, പരിക്കിന്റെ വേദന കഠിനമായി തിരിച്ചെത്തി. പൂർണ വിശ്രമം നിർദേശിക്കപ്പെട്ടെങ്കിലും ആഗ്രഹത്തിൽ നിന്ന് പിന്മാറിയില്ല. മരുന്നുകളുമായെത്തി കുച്ചിപ്പുടിയിൽ മത്സരിച്ച് ആദ്യ എ ഗ്രേഡ് ശനിയാഴ്ച നേടി. അപ്പീൽ മുഖാന്തരമാണ് കുച്ചിപ്പുടിക്കെത്തിയത്. മത്സരം കഴിഞ്ഞ് മുറിയിലെത്തിയപ്പോൾ വേദന വീണ്ടും കലശലായി. ഞായറാഴ്ച നടക്കാനിരിക്കുന്ന കേരള നടനത്തിൽ പങ്കെടുക്കാനാകുമോയെന്ന ആശങ്ക അവളെ കരച്ചിലോളമെത്തിച്ചെങ്കിലും തളർന്നില്ല.
കേരളനടനത്തിലും മത്സരിച്ച് നേടിയത് മികച്ച വിജയം. വലിയ സാമ്പത്തികമൊന്നുമില്ലെങ്കിലും മാതാവ്സുരഭിക്ക് മകളുടെ കഴിവിൽ ആത്മവിശ്വാസമുണ്ടായിരുന്നു. ചെറുപ്പം മുതൽ കൃഷ്ണപ്രഭയെ നൃത്തം അഭ്യസിപ്പിച്ചു. സ്വകാര്യ ആശുപത്രിയിൽ ജീവനക്കാരിയായിരുന്ന സുരഭിക്ക് ഇതിനിടെ അപകടം സംഭവിച്ച് ജോലിക്ക് പോകാൻ കഴിയാത്ത സ്ഥിതിയായി. ഇപ്പോൾ ചേരാനെല്ലൂരിൽ ജ്യൂസ് കട തുടങ്ങിയാണ് കുടുംബം നയിക്കുന്നത്. വസ്ത്രങ്ങൾക്കും പരിശീലനത്തിനുമൊക്കെ നൃത്താധ്യാപകൻ സൂരജ് നായർ പണം മുടക്കിയെന്നും സുരഭി ‘മാധ്യമ’ത്തോട് പറഞ്ഞു. മാതാവിനും ഓട്ടിസം ബാധിതനായ സഹോദൻ സുദീപിനും മുത്തശ്ശി രഘുപതിക്കുമൊപ്പമാണ് കൃഷ്ണപ്രഭയെത്തിയത്.
കൊല്ലവും കീഴടക്കി ഗുരുകുലം
കൊല്ലം: സംസ്ഥാന സ്കൂൾ കലോത്സവ വേദികൾ അടക്കിവാണ് ആലത്തൂർ ഗുരുകുലം. നാലാം ദിനം അവസാന ഫലങ്ങൾ ലഭ്യമാവുമ്പോൾ സ്കൂൾതല ഫലങ്ങളിൽ 184 പോയന്റുകളുമായി പാലക്കാട് ആലത്തൂർ ബി.എസ്.എസ് ഗുരുകുലം സ്കൂൾ പതിവുപോലെ ജൈത്രയാത്ര തുടരുകയാണ്. ഒരു പതിറ്റാണ്ടായി സ്കൂൾ തലത്തിൽ തുടരുന്ന അപ്രമാദിത്വം ഇക്കുറിയും ഇളകില്ലെന്ന ആത്മവിശ്വാസത്തിലാണ് സ്കൂൾ.
പതിവായി സ്കുളിന് മേൽക്കെയുള്ള 40ഓളം ഇനങ്ങളിൽ നേട്ടം നിലനിർത്താനായിട്ടുണ്ട്. കഴിഞ്ഞ കലോത്സവത്തിന് 151 വിദ്യാർഥികളുമായി എത്തിയ സ്കൂളിൽനിന്ന് ഇക്കുറി 71 ഇനങ്ങളിലായി 202 വിദ്യാർഥികളാണ് മത്സരരംഗത്തുള്ളത്. സംസ്ഥാന കലോത്സവത്തിൽ ഏറ്റവും കൂടുതൽ കുട്ടികളെ പങ്കെടുപ്പിക്കുന്ന സ്കൂളെന്ന ബഹുമതിയും ഗുരുകുലത്തിന് സ്വന്തം. സംഘഗാനം, സംഘനൃത്തം, ദേശഭക്തിഗാനം, കോൽക്കളി, പരിചമുട്ട്, ഒപ്പന, യക്ഷഗാനം, ചവിട്ടുനാടകം, വട്ടപ്പാട്ട്, ഇംഗ്ലീഷ് സ്കിറ്റ്, മൂകാഭിനയം എന്നീ ഇനങ്ങളിലാണ് സ്കൂളിന്റെ ആധിപത്യം. അന്തിമഫലമെത്തുമ്പോൾ തങ്ങൾ തന്നെ ഒന്നാമതെത്തുമെന്ന ആത്മവിശ്വാസംത്തിന് ഗുരുകുലം ക്യാമ്പിന് ഒരേ സ്വരം. 98 പോയന്റുകളുമായി തിരുവനന്തപുരം വഴുതക്കാട് കാർമൽ ഹയർസെക്കൻഡറി സ്കൂളാണ് രണ്ടാംസ്ഥാനത്തുള്ളത്. മൂന്നാം സ്ഥാനത്ത് നിലയുറപ്പിച്ച പത്തനംതിട്ട എസ്.വി.ജി.എച്ച്.എസ്.എസിന് 78 പോയന്റാണ് കൈയിലുള്ളത്.
ഇർഷാദ് സാമ്പ്രിക്കൽ: മാപ്പിള ഈണങ്ങളിലെ ഒറ്റ കൈയൊപ്പ്
കൊല്ലം: ഇശലുകൾ പെയ്തിറങ്ങിയ കലോത്സവ നഗരിയിൽനിന്ന് മറ്റൊരു മേൽവിലാസവുമായാണ് ഇർഷാദ് സാമ്പ്രിക്കൽ കൊല്ലത്തുനിന്ന് കാളികാവിലേക്ക് വണ്ടികയറുന്നത്. മാപ്പിളപ്പാട്ടിലെ പ്രഗല്ഭരായ അഞ്ചു രചയിതാക്കളുടെ എട്ട് ഗാനങ്ങൾക്ക് ഈണം പകർന്നെന്ന് മാത്രമല്ല, തന്റെ ഈണങ്ങളുമായി ഏഴ് ജില്ലകളെ പ്രതിനിധീകരിച്ച് വിജയം കൈവരിച്ചത് 10 മത്സരാർഥികളാണെന്നതുമാണ് പ്രത്യേകത.
ഒ.എം. കരുവാരക്കുണ്ട് എഴുതിയ ‘അതെനിടെ മതിശയ കൊശിയെണ്ടും...’, ഹുനൈൻ യുദ്ധ ചരിത്രം ആസ്പദമാക്കി ബദറുദ്ദീൻ പാറന്നൂർ രചിച്ച ‘ജുനൂദാക്കൾ ഹവാസിൻ’.., ‘സീറത്തുന്നബവിയ്യയിലെ തെരികനെ അപ്പോളുത്...’, ഫസൽ കൊടുവള്ളി രചിച്ച ‘അലിയാരെ തരുൽനാരി..’, വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ നെഞ്ചൂക്കിന്റെ ചരിത്രം പറയുന്ന ‘വാരിയൻ കുന്നത്ത് ഹാജി വീരരാം...’, നസ്റുദ്ദീൻ മണ്ണാർക്കാടിന്റെ ‘ബദറങ്കമൊരുങ്കി ഖുറൈശിയുടെ..’, കുഞ്ഞഹമ്മദുബ്നു കുഞ്ഞു മരക്കാറിന്റെ ആയിശത്ത് മാലയിലെ ‘ഫാരിതമാം ഫൈസാമ്പരെ..’ എന്ന് തുടങ്ങുന്ന വരികൾക്കാണ് ഈണം പകർന്നത്.
ഇത്തവണത്തേത് ‘ക്ലീന്‍’ കലോത്സവം
കൊല്ലം: മാലിന്യമുക്ത കേരളത്തിന് പുതുമാതൃക സൃഷ്ടിക്കുകയാണ് സംസ്ഥാന സ്കൂള്‍ കലോത്സവം. പൂര്‍ണമായ ഹരിതചട്ടപാലനത്തിന് ഹരിതചട്ടകമ്മിറ്റിയും ജില്ല ശുചിത്വ മിഷനും ചേര്‍ന്നാണ് നേതൃത്വം നല്‍കിയത്. പൂര്‍ണമായും 'ക്ലീന്‍' ആയിരുന്നു വേദികളും പരിസരവും. ഹരിതചട്ട പാലനത്തിന് വളന്റിയേഴ്സിനും തൊഴിലാളികള്‍ക്കും പ്രത്യേകം പരിശീലനം നല്‍കിയിരുന്നു.
കലോത്സവവേദിയില്‍ ഉപയോഗിക്കാനും ഹരിതചട്ടം പാലിക്കുന്നവര്‍ക്ക് സമ്മാനം നല്കാനുമായി പേപ്പര്‍ ബാഗ്, പേന എന്നിവയാണുണ്ടായിരുന്നത്. 300 എന്‍.എസ്.എസ് വളന്റിയര്‍മാര്‍, സ്കൗട്ട് ആന്‍ഡ് ഗൈഡ്സ്, ഹരിതകര്‍മസേന അംഗങ്ങള്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, വിവിധ സ്കൂളുകളിലെ 60 പ്രധാന അധ്യാപകര്‍, വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി അധ്യാപകര്‍ തുടങ്ങിയവരാണ് ഹരിതമേളയുടെ പിന്നില്‍ പ്രവര്‍ത്തിച്ചത്.
മാലിന്യം ശേഖരിക്കാന്‍ പ്രധാന വേദികളിലായി ബാംബൂ കോര്‍പറേഷന്റെ ഈറക്കുട്ടകള് സ്ഥാപിച്ചു. ഓലവല്ലങ്ങളും വേദികളിലും പരിസരങ്ങളിലും സ്ഥാപിച്ചു. മാലിന്യം ഇവയില്‍ത്തന്നെ നിക്ഷേപിക്കപ്പെടുന്നുണ്ട് എന്ന് ഉറപ്പുവരുത്തി. ഹാം റേഡിയോയും നിരീക്ഷണത്തിനായി ഉപയോഗപ്പെടുത്തി. ശേഖരിക്കപ്പെടുന്ന മാലിന്യം ദിവസവും മൂന്നുതവണയായി ഹരിതകര്‍മസേനയുടെ നേതൃത്വത്തില്‍ സംസ്കരണകേന്ദ്രത്തിലേക്ക് മാറ്റി. കുടിവെള്ളത്തിനായി പ്രത്യേകം മണ്‍കൂജകളും സ്ഥാപിച്ചിരുന്നു. വീടുകളിലെ പ്ലാസ്റ്റിക് മാലിന്യസംസ്കരണപാഠങ്ങളും പ്ലാസ്റ്റിക് മാലിന്യംകൊണ്ട് ഇക്കോബ്രിക്സ് നിര്‍മിക്കാനുള്ള പദ്ധതിയുടെ മാതൃകയും കലോത്സവവേദിയിലെ ഹരിതസ്റ്റാളില് സജ്ജമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.