വരയാണ് അതിജീവന ഊർജം
text_fieldsകുണ്ടറ: വൃക്കരോഗവും ഡയാലിസിസും സാധാരണക്കാരെ ഭയചകിതരും നിരാശരുമാക്കുമ്പോള് മനക്കരുത്തില്‍ ചിറ്റുമലയുടെ ചിത്രകാരന് ജയരാജ് വരയുടെ മായികപ്രപഞ്ചത്തില്‍ ഉല്ലാസപ്പൂത്തിരികള്‍ കത്തിക്കുകയാണ്. ഡയാലിസിസും രോഗവും തളർത്തുന്നവർ വീടിന് പുറത്തിറങ്ങാതെ ചിരിയും കളിയുമെല്ലാം മറന്ന് ഇരുട്ടിന്റെ ഉള്ളിലേക്ക് ഒളിക്കുമ്പോള്‍, ജയരാജ് വ്യത്യസ്തനാണ്. ഡയാലിസിസ് മുറിയില്‍നിന്ന് നേരെ വരയിടത്തേക്കാണ് അദ്ദേഹത്തിന്റെ സഞ്ചാരം.
സ്കൂള്‍ തലത്തില്‍ തുടങ്ങിയ ചിത്രരചന രോഗപീഡയെ തോൽപിക്കാൻ കൂടെ കൂട്ടുന്ന അദ്ദേഹം പ്രചോദനത്തിന്റെ മറുപേരാണ്. ജീവിതത്തിലെ ഈ വ്യത്യസ്തത ചിത്രരചനയിലും പുലര്‍ത്തുന്നു. സ്കൂള്‍ കെട്ടിടങ്ങളെ തീവണ്ടിയാക്കിയും സ്കൂളാകെ കാനനഭംഗിയില്‍ കുളിപ്പിച്ചും വ്യത്യസ്ത രീതിയിലാണ് അദ്ദേഹത്തിന്റെ വരകളെല്ലാം.
വൃക്കരോഗവുമായുള്ള പോരാട്ടത്തിൽ ആഴ്ചയില്‍ മൂന്ന് ഡയാലിസിസ് വീതം ചെയ്യുമ്പോഴും മുറിയില്‍നിന്ന് നേരെ പോകുന്നത് വിശ്രമിക്കാനല്ല, തുടങ്ങിവെച്ച ചിത്രം പൂര്‍ത്തിയാക്കാനാണ്. ജില്ലയിലെ പല പ്രൈമറി സ്കൂളുകളും തീവണ്ടിയുടെയും കൊടുംവനത്തിന്റെയും സുന്ദര ലാന്റ് സ്കേപ്പിന്റെയും മായിക പ്രപഞ്ചമാക്കി തീര്‍ക്കുന്നയാളാണ് ജയരാജ് ചിറ്റുമല.
സമ്പന്നരുടെ വലിയ വീടുകളില്‍ ഉള്‍ഭിത്തികളില്‍ മനോഹര ചിത്രങ്ങള്‍ വരക്കാനും ചിലപ്പോഴൊക്കെ ജയരാജിനെ ക്ഷണിക്കാരുണ്ട്. ക്ഷേത്രങ്ങളുടെ ചുവരുകളിലും മറ്റും മനോഹരമായ മ്യൂറല്‍ പെയിന്റിങ്ങുകളും ധാരാളമുണ്ട്. സാമൂഹ്യ ബോധവത്കരണത്തിന്റെ ഭാഗമായി ലഹരിവിരുദ്ധ ചിത്രങ്ങള്‍, ട്രാഫിക് ബോധവത്കരണ ചിത്രങ്ങള്‍, മദ്യത്തിനും മയക്കുമരുന്നിനും എതിരായ ചിത്രങ്ങള്‍ എല്ലാം ജയരാജിന്റെ ബ്രഷിന് വഴങ്ങും.
രണ്ടാഴ്ച മുമ്പാണ് ജലജീവന്‍ മിഷന്റെ പ്രചാരണാർഥം ചിറ്റുമല ജങ്ഷനിലെ കാത്തിരിപ്പ് കേന്ദ്രം മൂന്നുദിവസം കൊണ്ട് സുന്ദരകാഴ്ചയുടെ ഇടമാക്കി മാറ്റിയത്. ഒരു സഹായി പോലും ഇല്ലാതെയാണ് വര. ചാരേണിയുടെ മുകളില്‍നിന്ന് മണിക്കൂറുകളെടുത്താണ് പല ചിത്രങ്ങളും പൂര്‍ത്തിയാക്കുന്നത്. അവിവാഹിതനാണ്. മാതാപിതാക്കള്‍ മരിച്ചതോടെ ഒറ്റക്കാണ് താമസം.
അസുഖത്തെ പുണരാതെ കലയെ നിറങ്ങളെ ഓരോ ശ്വാസനിശ്വാസത്തിലും സജീവമാക്കുന്ന അദ്ദേഹം രോഗപീഡയാല്‍ നിരാശരാകുന്നവര്‍ക്ക് ഉത്തേജനാഷൗധമാണ്. വരയില്‍ നിന്നുള്ള തുച്ഛവരുമാനം മാത്രമാണ് ആശ്രയം. ഇത് പലപ്പോഴും ചികിത്സ ചെലവിന് പോലും തികയില്ല. നാട്ടുകാരുടെയും സുഹൃത്തുക്കളുടെയും സഹായങ്ങള്‍ വല്ലപ്പോഴും ലഭിക്കുന്നതും കൂടിച്ചേർത്താണ് അദ്ദേഹം തന്റെ വരജീവിതം മുന്നോട്ടുനയിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.