അതിജീവനതാളം സാക്ഷി; അകക്കണ്ണിൽ കൊട്ടിക്കയറി അതുൽ
text_fieldsപട്ടാമ്പി: ചെണ്ടയിൽ താളവിസ്മയം തീർക്കാൻ അതുൽ കൃഷ്ണക്ക് കാഴ്ച തടസ്സമാവുന്നില്ല. കണ്ണിലെ ഇരുട്ടിനെ വകഞ്ഞു മാറ്റി മനസ്സിന്റെ നിശ്ചയദാർഢ്യം കൊണ്ട് ചെണ്ടയിൽ കാലങ്ങൾ കൊട്ടിക്കയറുമ്പോൾ തായമ്പകക്കൊപ്പം അതുൽ കൃഷ്ണ എന്ന കലാകാരനേയും ഹൃദയത്തിലേറ്റുവാങ്ങുകയാണ് മേളക്കമ്പക്കാർ. കേരളത്തിന്റെ ജനകീയ ക്ഷേത്ര കലയായ തായമ്പകയിൽ വ്യത്യസ്തനാവുകയാണ് ജന്മനാ കാഴ്ചയില്ലാത്ത അതുൽ കൃഷ്ണ. ഇരുപത്തഞ്ചോളം വേദികളിൽ തായമ്പക അവതരിപ്പിച്ച് കൈയടി നേടിയിട്ടുണ്ട്. 2022ലെ സംസ്ഥാന സ്പെഷൽ സ്കൂൾ കലോത്സവത്തിൽ തായമ്പകയിൽ രണ്ടാം സ്ഥാനവും എ ഗ്രേഡും കരസ്ഥമാക്കി. ചെണ്ടയോടുള്ള താൽപര്യം കൊണ്ടാണ് കൊടുമുണ്ട മാലാറമ്പത്ത് മണികണ്ഠന്റെ ശിക്ഷണത്തിൽ പഠനം തുടങ്ങിയത്.
കൈസ്ഥാനങ്ങൾക്ക് വളരെയേറെ പ്രാധാന്യമുള്ള തായമ്പകയിൽ അനായാസം മികവ് തെളിയിച്ച അതുൽ ഏഴാം വയസ്സിൽ അരങ്ങേറ്റം നടത്തി. നൂറോളം കുട്ടികളെ ചെണ്ട അഭ്യസിപ്പിച്ച മണികണ്ഠന് പുതിയൊരനുഭവമായിരുന്നു അതുലിന്റെ തായമ്പക പരിശീലനം. അതുകൊണ്ടുതന്നെ വെല്ലുവിളിയായാണ് പരിശീലനം പൂർത്തീകരിച്ചത്. പരുതൂർ ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വൺ വിദ്യാർഥിയായ അതുൽ പഠനത്തിലും മുൻപന്തിയിൽ ആണ്.
മോണോ ആക്ട്, കഥാ പ്രസംഗം, അഭിനയം എന്നിവയിൽ മികവ് തെളിയിച്ചിട്ടുണ്ട്. വിവിധ മേഖലകളിലെ കഴിവിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന സർക്കാറിന്റെ ‘ഉജ്ജ്വല ബാല്യം’ പുരസ്കാരത്തിന് അർഹനായി. പരുതൂർ സന്ധ്യരാമത്തിൽ രാമചന്ദ്രൻ-സന്ധ്യ ദമ്പതികളുടെ മകനാണ്. അമൽ കൃഷ്ണ, ശ്രീലക്ഷ്മി എന്നിവർ സഹോദരങ്ങളാണ്. അതുൽ കൃഷ്ണയുടെ തായമ്പകക്ക് ഞായറാഴ്ച നെടുങ്ങനാട് മുത്തശ്ശിയാർ കാവ് വേദിയാവും. കൊടുമുണ്ട ദേശക്കൂത്തിനോടനുബന്ധിച്ച് രാത്രി ഒമ്പതിനാണ് ഈ ‘ഉജ്ജ്വല’ ബാലന്റെ തായമ്പക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.