ഒാർമച്ചിത്രങ്ങളുമായി സ്റ്റുഡിയോ ദിവാകരന്‍
text_fieldsനെടുങ്കണ്ടം: ഹൈറേഞ്ചില്‍ വൈദ്യുതി പോലും സുലഭമാകും മുമ്പ് ഔട്ട്ഡോറില്‍ ഗ്രൂപ് ഫോട്ടോകള്‍ എടുക്കുന്നതിനായി ഫീല്‍ഡ് കാമറയുമായി ഇറങ്ങിയ ഫോട്ടോഗ്രാഫർ ഓർമചിത്രങ്ങളുമായി രംഗത്ത്. കോവിഡ് പ്രതിസന്ധിയില്‍ നട്ടംതിരിയുന്ന ന്യൂജനറേഷന്‍ ഫോട്ടോഗ്രാഫര്‍മാരുടെ മുന്നില്‍ പഴയകാല ചരിത്രം വരച്ചുകാട്ടുകയാണ് സ്റ്റുഡിയോ ദിവാകരന്‍. ഫീല്‍ഡ് കാമറയില്‍ ഒപ്പിയെടുത്ത് മികവുറ്റതാക്കിയ നിരവധി ചിത്രങ്ങളാണ് ദിവാകരന്‍റെ കൈവശമുള്ളത്.
അരനൂറ്റാണ്ട് ഫോട്ടോഗ്രഫി രംഗത്ത് പ്രവര്‍ത്തിച്ച തൂക്കുപാലം സ്വദേശി ദിവാകരന്‍റെ കാമറക്ക് ഇടുക്കിയുടെ ചരിത്രത്തില്‍ ഇടംപിടിച്ച സംഭവങ്ങള്‍ പകർത്തിയ ഒരുപാട് കഥകള്‍ പറയാനുണ്ട്. ഹൈറേഞ്ചിലെ ആദ്യകാല ഫോട്ടോഗ്രാഫര്‍മാരില്‍ ഒരാളാണ് ദിവാകരൻ. ഇടുക്കി ഡാം നിര്‍മാണം, പദ്ധതിയുടെ ഭാഗമായി കല്ലാര്‍ മുതല്‍ മന്നാക്കുടി വരെ തുരങ്കം നിര്‍മാണം.
ഉദ്ഘാടനത്തിനായി പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ സന്ദര്‍ശനം എന്നിങ്ങനെ ദിവാകരന്‍റെ കാമറയില്‍ പതിഞ്ഞത് നിരവധി അപൂര്‍വ ചിത്രങ്ങളാണ്. 1968 ല്‍ കട്ടപ്പന റോയല്‍ സ്റ്റുഡിയോയിലൂടെയാണ് ഫോട്ടോഗ്രഫി രംഗത്ത് എത്തിയത്. തുടര്‍ന്ന് തൂക്കുപാലം കേന്ദ്രീകരിച്ച് ഇന്ദു സ്റ്റുഡിയോ തുറന്നു. പുല്ലുമേഞ്ഞകെട്ടിടത്തിലായിരുന്നു ആദ്യം സ്റ്റുഡിയോ പ്രവര്‍ത്തിച്ചിരുന്നത്.
വൈദ്യുതി ഉണ്ടായിരുന്നില്ല. അക്കാലത്താണ് ഔട്ട്ഡോര്‍ ഗ്രൂപ് ഫോട്ടോകള്‍ എടുക്കാൻ ഫീല്‍ഡ് കാമറ സ്വന്തമാക്കിയത്. ഹൈറേഞ്ചില്‍ ചുരുക്കം ചില സ്റ്റുഡിയോകളില്‍ മാത്രമാണ് അന്ന് ഈ കാമറ ഉണ്ടായിരുന്നത്. തടിപ്പെട്ടിയില്‍ സൂക്ഷിക്കുന്ന ഫീൽഡ് കാമറയുമായി പോകുന്നതു തന്നെ ദുഷ്‌കരമായിരുന്നു. ആവശ്യക്കാർ വാഹനവുമായി എത്തും. ആദ്യ കാലങ്ങളില്‍ മധുരയിലും പിന്നീട് തേനിയിലും എത്തിച്ചാണ് ഫിലിം കഴുകിയിരുന്നത്.
40 വര്‍ഷം തൂക്കുപാലത്ത് പ്രവർത്തിച്ചു. ഡിജിറ്റല്‍ യുഗത്തിലെ നിരവധി കാമറകള്‍ ഉപയോഗിച്ചിട്ടുണ്ടെങ്കിലും ഫീല്‍ഡ് കാമറ ഇപ്പോഴും നിധി പോലെ സൂക്ഷിക്കുകയാണ് ദിവാകരന്‍. കാമറയെക്കുറിച്ച് കേട്ടറിഞ്ഞെത്തുന്നവര്‍ക്ക് പ്രവര്‍ത്തന രീതികള്‍ വിശദീകരിച്ചുനല്‍കാനും ഇദ്ദേഹം തയാറാണ്. താന്‍ പകര്‍ത്തിയ അപൂര്‍വ ചിത്രങ്ങള്‍ ശേഖരിച്ച് കാമറയും ചിത്രങ്ങളും പുതുതലമുറക്കായി പ്രദര്‍ശിപ്പിക്കാനുള്ള തയാറെടുപ്പിലാണ് ദിവാകരൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.