വെള്ളിത്തിരക്ക് പിന്നിലെ താരത്തിളക്കം
text_fieldsനാലര പതിറ്റാണ്ടിലധികമായി വെള്ളിത്തിരയുടെ പിന്നാമ്പുറത്തിരുന്ന് പ്രേക്ഷകരുടെ ആരവങ്ങൾക്ക് വർണ്ണ വെളിച്ചം പകരുകയാണ് കണ്ണൂർ പഴയങ്ങാടി സ്വദേശി പള്ളിക്കരുവത്ത് സുബൈർ. ഷാർജ അൽ ഹംറ തിയേറ്ററിൽ ഒപ്പറേറ്ററായ ഇദ്ദേഹം യു.എ.ഇ യിൽ മാത്രം വിവിധ സിനിമാ ശാലകളിലെ പ്രൊജക്ടർ റൂമിലിരുന്ന് റീൽ കറക്കി പിന്നിട്ടത് 40 വർഷം. ഈ കൈകള് വഴി തിരശ്ശീലയിലെത്തിയ സിനിമകള്ക്ക് എണ്ണമില്ല. സിനിമയുടെയും തിയേറ്ററിന്റെയും മാറ്റങ്ങള്ക്കനുസരിച്ചു സുബൈറും മാറി.
ഇരുണ്ട മുറിയിലെ കാർബൺ പ്രൊജക്റ്ററിൽ കറക്കി തുടങ്ങിയ റീൽ ഇപ്പോൾ സാറ്റലൈറ്റ് സിഗ്നൽ ക്രമീകരിച്ച് കമ്പ്യൂട്ടർ ബട്ടണുകൾ അമർത്തുന്നതിലേക്ക് എത്തി. പുതു തലമുറയിലെ നിരവധി യുവാക്കൾ പ്രവാസലോകത്ത് ഈ രംഗത്ത് സജീവമാണെങ്കിലും നിലവിൽ യു.എ.ഇ യിൽ സുബൈറിനോളം പഴക്കം ചെന്ന മറ്റൊരാളില്ല.
വർഷങ്ങൾക്കു മുമ്പേ നാട്ടിലെ അറിയപ്പെടുന്ന സിനിമാ ഓപ്പറേറ്ററായി മാറിയ സുബൈർ പതിനാറാം വയസ്സിൽ തുടങ്ങിയതാണ് സിനിമാ സ്നേഹികൾക്കായി വർണ്ണ ചിത്രങ്ങൾ വിതറിയുള്ള ഫിലിം റോൾ തിരിക്കൽ. ഹൈസ്കൂൾ പഠനം കഴിഞ്ഞയുടനെ കണ്ണൂർ പഴയങ്ങാടിയിലെ സ്റ്റാർ ടാക്കീസിൽ സിനിമ ഒപ്പറേറ്റർ ആയാണ് വെള്ളിത്തിരയുടെ പിന്നാമ്പുറത്തെ തുടക്കം.
ഓല മേഞ്ഞ അക്കാലത്തെ പ്രശസ്തമായ തിയേറ്ററിൽ ജോലി ചെയ്തു കൊണ്ടിരിക്കെയാണ് ഒരു സുഹൃത്ത് വഴി ദുബൈയിൽ ഒപ്പറേറ്ററുടെ ഒഴിവുള്ള വിവരം അറിഞ്ഞത്. ഉടനെ വിസ തരപ്പെടുത്തി വിമാനം കയറി. 1983 ലാണ് ആദ്യമായി ദുബൈയിലെത്തിയത്. ഉടനെ തന്നെ ദേരയിലെ ഹയാത്ത് റീജൻസിയിലെ ഗലേറിയ തിയേറ്ററിൽ ആദ്യം ജോലിക്ക് കയറി. അക്കാലത്ത് ഗലധാരി ഗ്രൂപ്പിന്റെ ഉടമസ്ഥതയിൽ ആയിരുന്നു ഗലേറിയ തിയേറ്റർ. ഇംഗ്ലീഷ് സിനിമകളായിരുന്നു അവിടെ പ്രധാനമായും പ്രദർശിപ്പിച്ചിരുന്നത്. ഏറെ വർഷങ്ങൾക്കു ശേഷമാണ് മലയാളം, തമിഴ്, ഹിന്ദി സിനിമകൾ പ്രദർശനത്തിനെത്തി തുടങ്ങിയത്. ഗലേറിയയിൽ ‘ഉമർ മുക്താർ’ എന്ന ഇംഗ്ലീഷ് സിനിമയാണ് ആദ്യമായി പ്രദർശിപ്പിക്കാൻ അവസരം ലഭിച്ചതെന്ന് സുബൈർ ഓർക്കുന്നു.
14 വർഷത്തോളം അവിടെ തന്നെ ജോലി ചെയ്തു. ശേഷം അതേ കമ്പനിയുടെ തന്നെ ബർദുബൈയിലെ അൽ നാസർ സിനിമയിലേക്ക് മാറി. പിന്നീട് ഷാർജ കോൺകോഡ് സിനിമയിൽ എട്ടു വർഷം. അവിടെ നിന്നും ഉമ്മുൽ ഖുവൈൻ ഗ്രാനഡാ സിനിമയിൽ ഏഴ് വർഷത്തോളം ജോലിയിരിക്കെയാണ് കൊറോണ പടർന്നു പിടിച്ചത്. മഹാമാരിയിൽ ആളുകൾ വരാതായി സിനിമാ തിയേറ്ററുകളെല്ലാം അടച്ചിട്ടതോടെ കുറച്ചുകാലം നാട്ടിൽ നിന്നു. ഷാർജ അൽ ഹംറ ടാക്കീസിലെ പാകിസ്താനികളായ പുതിയ ഉടമസ്ഥരാണ് വീണ്ടും ജോലിക്ക് ക്ഷണിച്ചത്.
അങ്ങനെ അൽ ഹംറയിലെ ഏക മലയാളി ജീവനക്കാരനായ സുബൈറിന്റെ രണ്ടാം സിനിമാക്കാലവും രണ്ടു വർഷം മുമ്പ് ഷാർജയിൽ തുടങ്ങി. ആദ്യകാലത്ത് ജോലിചെയ്ത പല തീയേറ്ററുകളും ഇന്നില്ല. എങ്കിലും അന്നത്തെ സിനിമ കണ്ട പല മലയാളി ആസ്വാദകരും ഇന്നും ഇദ്ദേഹത്തിന് പരിചയക്കാരാണ്.
ഫിലിം ഒപ്പറേറ്റിങ് രംഗത്ത് സുബൈറിനു മുമ്പേ മലയാളികൾ ഈ രംഗത്തുണ്ട്. എന്നാൽ നിലവിൽ സുബൈറാണ് യു.എ.ഇയിലെ ഏറ്റവും പഴക്കം ചേന്ന മലയാളി സിനിമ ഒപ്പറേറ്റർ. പത്താം ക്ലാസ് കഴിഞ്ഞ ഉടനെ തന്നെ സുബൈർ സിനിമ ശാലകളിൽ ജോലി തുടങ്ങി. ജേഷ്ഠ സഹോദരന്റെ നിർബന്ധപ്രകാരം പഴയങ്ങാടിയിലെ സ്റ്റാർ തിയേറ്ററിലെ ചെറിയ ഇലക്ട്രിക്കൽ പ്ലബിങ് ജോലിക്കായാണ് എത്തുന്നത്. താമസിയാതെ സിനിമ ഒപ്പറേറ്റിങ് രംഗത്തേക്ക് ചുവട് മാറ്റാനായി. ഇന്നിപ്പോൾ ആ സിനിമ ശാലയില്ല. നാട്ടിലെല്ലാം അക്കാലത്ത് കാർബൻ കത്തിച്ച് ഫിലിം കറക്കുന്ന പ്രോജക്റ്ററായിരുന്നു ഉപയോഗിച്ചിരുന്നത്. എന്നാൽ ഗൾഫിൽ വന്നതോടെ ഒട്ടും പരിചയമില്ലാത്ത ബൾബ് പ്രൊജക്ടർ ഉപയോഗിച്ചാണ് സിനിമ പ്രദർശിപ്പിക്കേണ്ടി വന്നത്.
ഓപ്പറേറ്റ് ചെയ്യാനുള്ള ട്രെയിനിങ് നൽകിയിരുന്നു. പെട്ടെന്ന് പൊട്ടിപോകുന്ന ഫിലിം റോളുകൾ തന്നെയായിരുന്നു ഇതിലും ഉപയോഗിച്ചിരുന്നത്. ഇത് കൈകാര്യം ചെയ്യുക ഏറെ ശ്രമകരമാണ്. പ്രൊജക്ടറിൽ മനസ്സും ശരീരവും അർപ്പിച്ചുകൊണ്ടുള്ള കഠിനമായ ജോലി. ഫിലിമിൽ വർണ വെളിച്ചം കടത്തിവിട്ടുള്ള ഏറ്റവും സൂക്ഷ്മമായ ജോലി. ഫിലിം പൊട്ടാനും ഓവർ ലാപ്പിങ്, ഫ്ളൈമിങ്, വൈബ്രേഷൻ എല്ലാം സംഭവിക്കുക പതിവാണ്. പ്രോജക്റ്ററിൽ നിന്ന് വിട്ടുപോരാൻ കഴിയില്ല. ഒന്നുപാളിയാൽ വെള്ളിത്തിരയിൽ സിനിമ നിശ്ചലമാകും. അത്രയും കഷ്ടപ്പാടുള്ള ജോലി 46 വർഷം ഇദ്ദേഹം പൂർത്തിയാക്കി.
90 കൾക്ക് ശേഷമാണ് ബലമുള്ള പോളിസ്റ്റർ പ്രിന്റ് ഫിലിം റോളുകൾ വന്നു തുടങ്ങിയത്. പെട്ടെന്ന് പൊട്ടി പോവില്ലെങ്കിലും സ്ക്രാച്ചസ് വരാൻ സാധ്യത കൂടുതലായിരുന്നു. ഓരോ റീലുകളും ഓരോ ബോക്സിലാണ് വരിക. 16 റീൽ ഉണ്ടെങ്കിൽ പതിനാറും പ്ലൈസർ ഉപയോഗിച്ച് ഓരോ ഭാഗങ്ങളാക്കി കൂട്ടിയോജിപ്പിച്ച് എഡിറ്റ് ചെയ്യണം. ഈ പണിയും അത്ര എളുപ്പമല്ല. അനുവദിച്ച പ്രദർശന ദിവസങ്ങൾ കഴിഞ്ഞാൽ പഴയത് പോലെ റീലുകൾ വേർതിരിച്ച് അതാത് പെട്ടികളിൽ തന്നെയാക്കി തിരിച്ചയക്കുകയും വേണം. ‘ഫിലിം പെട്ടികൾ’ വഴി തീയേറ്ററിൽ സിനിമ എത്തിയ കാലം കഴിഞ്ഞു.
പുതിയകാലത്തിൽ ഹാർഡ് ഡിസ്ക്കിന് പുറമെ ഇപ്പോൾ സാറ്റലൈറ്റ് വഴിയും ചലച്ചിത്രമെത്തുന്നു. 2007 മുതലാണ് ഗൾഫിൽ ഡിജിറ്റൽ സിസ്റ്റത്തിലേക്ക് മാറിയതും ഹാർഡ് ഡിസ്ക്കിൽ സിനിമകൾ എത്തി തുടങ്ങിയതും. കൊഡാക്ക് ഫിലിമുകൾ നിർമാണം നിർത്തി ഹാർഡ് ഡിസ്ക്കിലേക്ക് മാറിയതോടെ അക്കാലത്ത് ഈ രംഗത്ത് ജോലി ചെയ്തിരുന്ന നിരവധി പേർക്ക് ജോലി നഷ്ടപ്പെടുന്ന സാഹചര്യവും ഉണ്ടായി. യു.എ.ഇയിലെ മാളുകളിലും മറ്റും സാറ്റലൈറ്റ് വഴി സിനിമ പ്രദർശിപ്പിക്കുമ്പോൾ വേറിട്ട തീയേറ്ററുകളിൽ ഹാർഡ് ഡിസ്കിലൂടെയാണ് പ്രദർശനം. സിനിമ ഒപ്പറേറ്റിങ് ഡിജിറ്റൽ സംവിധാനത്തിലേക്കു വന്നതോടെ ഒപ്പറേറ്റർമാർക്ക് ഒട്ടും ബുദ്ധിമുട്ടേണ്ടി വരുന്നില്ല. എല്ലാം വളരെ എളുപ്പമാണ്. സിനിമ തുടങ്ങി അവസാനം വരെ പ്രൊജക്റ്ററിനെയും മറ്റും നിയന്ത്രിക്കുന്ന മുഴു നീളെ ജോലി ഇപ്പോൾ ആവശ്യമില്ല. എല്ലാം ഓട്ടോമാറ്റിക് സംവിധാനമാണ്.
സംഭവം ഡിജിറ്റലൊക്കെയാണെങ്കിലും പഴയ ഫിലിം പ്രൊജക്ടറാണ് മികച്ചതെന്ന് സുബൈർ പറയുന്നു. നെഗറ്റീവ്–പോസിറ്റീവ് സംഗമത്തിലൂടെ വെളിച്ചം വിതറിയായിരുന്നു മുമ്പ് പ്രൊജക്ടർ പ്രവർത്തിപ്പിച്ചിരുന്നത്. എന്തെങ്കിലും പ്രശ്നമുണ്ടായാൽ നമുക്ക് തന്നെ പരിഹരിക്കാൻ സാധിക്കുമായിരുന്നു. എന്നാൽ പുതിയ സാങ്കേതിക സിസ്റ്റത്തിൽ പ്രശ്നമുണ്ടായാൽ കമ്പനിയുടെ ആളെത്തിയാലേ പരിഹരിക്കാനാകൂ എന്ന ഒരു പ്രതിസന്ധി കൂടിയുണ്ട്. ഇതൊക്കെ കൊണ്ട് സുബൈർ ഇപ്പോഴും ഇഷ്ടപ്പെടുന്നത് പഴയ കാലത്തെ പ്രൊജക്ടർ ശൈലിയാണ്. ജോലി കുറച്ച് കൂടുതലാണെങ്കിലും വലിയ സമ്മർദങ്ങളില്ലാതെ സിനിമയോട്ടാം.
ഇന്നത്തേപോലെ മറ്റു വിനോദങ്ങൾ ഒട്ടും ഇല്ലാത്തത് കൊണ്ട് തന്നെ പാണ്ടുകാലത്ത് പ്രവാസി മലയാളികൾ കൂട്ടത്തോടെയും കുടുംബ സമേതവും സിനിമക്കെത്തുക പതിവാണ്. വ്യാഴം, വെള്ളി ശനി നല്ല തിരക്കാവും. ഗൾഫിൽ വെള്ളിയാഴ്ചകളിലാണ് പടങ്ങൾ കൂടുതലും റിലീസിന് എത്തുക. മുമ്പൊക്കെ സിനിമയുടെ പേരും സമയവും പ്രദർശിപ്പിക്കുന്ന സിനിമ പോസ്റ്ററുകൾ ദുബൈയിലെ ചായ കടകൾക്കു മുന്നിലും മതിലുകളിലും ഒട്ടിക്കുന്ന പതിവുണ്ടായിരുന്നു. ഇന്നത്തെ ഓൺലൈൻ ബുക്കിങ്ങിനു പകരം ഇത് നോക്കിയാണ് ആളുകൾ എത്തുക. നേരത്തെ വന്നു പറഞ്ഞാൽ സീറ്റ് പിടിച്ചു വെക്കും. പഴയ കാലത്തെ ഹിറ്റ് പടങ്ങൾക്ക് കാലുകുത്താൻ ഇടമില്ലാത്ത തിരക്കായിരിക്കും.
രാജാവിന്റെ മകൻ, ഇൻസ്പെക്ടർ ബൽറാം, ഭരതം, ദളപതി തുടങ്ങി പല ഹിറ്റ് സിനിമകൾക്കും തിരക്ക് കാരണം പലപ്പോഴും അടിപിടി വരെ ഉണ്ടായതായി ഓർക്കുന്നു. നാട്ടിലേതു പോലെ ബ്ലാക്കിന് ടിക്കറ്റ് വിൽക്കാനും വാങ്ങാനും ആളുകൾ ഉണ്ടായിരുന്ന കാലം. ഇറാനി, പാകിസ്താനി സിനിമകളും തിയേറ്ററുകളിൽ നിറഞ്ഞാടും. പല സിനിമകളും മാസങ്ങൾ കഴിഞ്ഞാണ് ഗൾഫിൽ റിലീസിങ്ങിന് എത്താറ്. റിലീസിങ് ഷോക്ക് പലപ്പോഴായി ദുബൈയിൽ എത്തിയ മലയാളം, തമിഴ്,ഹിന്ദി സിനിമകളിലെ അക്കാലത്തെ പ്രമുഖ നടന്മാരെ എല്ലാം നേരിൽ കാണാനും ഇടപഴകാനുമുള്ള സാഹചര്യം സുബൈറിനുണ്ടായി.
ഗാന്ധി സിനിമയിലെ പ്രമുഖ ഇംഗ്ലീഷ് നടന്മാരെല്ലാം പ്രദർശനം കാണാൻ ദുബൈയിൽ എത്തിയതും ഓർത്തെടുക്കുന്നു. എ.സി ഇല്ലാത്തത് കൊണ്ടും ഇടക്കൊക്കെ വൈദ്യുതി നിയന്ത്രണം ഉണ്ടായിരുന്നത് കൊണ്ടും മേൽക്കൂര ഇല്ലാത്ത ഓപ്പൺ സിനിമ ശാലകളും 80 കളുടെ തുടക്കത്തിൽ ഉണ്ടായിരുന്നു. ഫാൻ മാത്രമേ ഉണ്ടാവുകയുള്ളു. അത്തരം കേന്ദ്രങ്ങളിൽ രാത്രിയിൽ മാത്രമാണ് പ്രദർശനം ഉണ്ടാവുക. അതുകൊണ്ട് തന്നെ ജീവനക്കാർ പലരും പാർട്ട് ടൈം തൊഴിലാളികളായിരുന്നു. പറ്റാവുന്നത്ര കാലത്തോളം തിരശീലക്ക് പിന്നിൽ നിന്ന് സിനിമാ ആസ്വാദകരുടെ ആരവങ്ങൾക്ക് സാക്ഷിയാവാനാണ് സുബൈറിന് ആഗ്രഹം. സാബിറയാണ് ഭാര്യ. ഷബീർ, സഹാന എന്നിവർ മക്കളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.