പ്രവാസത്തിൽനിന്ന് സുജാതൻ വീണ്ടും നാടകത്തിലേക്ക്
text_fieldsപരപ്പനങ്ങാടി: വർഷങ്ങളോളം നാടക കലയിൽ ഇഴുകിച്ചേർന്ന സുജാതൻ ആവത്താംവീട്ടിൽ നീണ്ട ഇടവേളക്കുശേഷം നാടക രചനയിലും സംവിധാനത്തിലും സജീവമാകുന്നു.
ജീവിതംതേടി പ്രവാസത്തിലേക്ക് പറന്നതോടെയാണ് നാടകത്തിന്റെ അരങ്ങൊഴിഞ്ഞത്.
പണ്ട് സ്കൂൾ, കോളജ് കലോത്സവങ്ങളിലും മത്സരവേദികളിലും നാടകങ്ങളും ഏകാംഗങ്ങളുമായി സുജാതന് തിരക്കൊഴിഞ്ഞ നേരമുണ്ടായിരുന്നില്ല. 90കളിൽ ജില്ലതലത്തിലും സംസ്ഥാന തലത്തിലും മാറ്റുരച്ച ഏകാംഗ മത്സരങ്ങളുടെ പിറകിൽ സുജാതന്റെ കൈയൊപ്പുണ്ടായിരുന്നു.
രചനയും സംവിധാനവും നടത്തുന്ന എ.വി. സുജാതൻ പ്രഫഷനൽ നാടക രംഗത്തും കഴിവ് തെളിയിച്ചിട്ടുണ്ട്.
വിദ്യാർഥികളുടെ അഭിനയ മികവ് പ്രകടമാകുന്ന സ്കൂൾ, ഇന്റർസോൺ, യുവജനോത്സവങ്ങളിലും കേരളോത്സവ വേദികളിലും സുജാതന്റെ നാടകം അരങ്ങേറി.
നീണ്ടകാലത്തെ പ്രവാസത്തിനു ശേഷം ക്ഷേത്രോത്സവങ്ങളിൽ നാടക സാന്നിധ്യമറിയിച്ചാണ് സുജാതൻ തിരിച്ചുവരവിന് നാന്ദി കുറിച്ചത്.
നാറാണത്ത് ഭ്രാന്തൻ എന്ന നാടകമാണ് ഇപ്പോൾ ക്ഷേത്രോത്സവ വേദികളിൽ കളിക്കുന്നത്. സംസ്ഥാന സർക്കാർ ശുചിത്വം ലക്ഷ്യമിട്ട് നടത്തുന്ന ‘വലിച്ചെറിയരുത് ’ കാമ്പയിനോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പരപ്പനങ്ങാടി രാജീവ് ഗാന്ധി കൾചറൽ ഫൗണ്ടേഷൻ സമർപ്പിച്ച തെരുവ് നാടകത്തിന്റെ ശില്പിയും ഇദ്ദേഹമാണ്.
നാടക മാഷിന്റെ തിരിച്ചുവരവ് നാട്ടിൽ പാട്ടായതോടെ പഴയ ശിഷ്യരും പുതിയ രക്ഷിതാക്കളുമായ തലമുറ നാടകങ്ങൾ തേടി ആവത്താം വീട്ടിലെത്തുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.