മൗണ്ട് വിൻസണും കീഴടക്കി; വിജയ കൊടുമുടിയിൽ സുലൈമാൻ ബിൻ ഹമൂദ് അൽ നാബി
text_fieldsമസ്കത്ത്: ലോകത്തിലെ ഏറ്റവും ഉയർന്ന ഏഴു കൊടുമുടികൾ കീഴടക്കുന്ന ആദ്യ ഒമാനി യുവാവായി സുലൈമാൻ ബിൻ ഹമൂദ് അൽ നാബി. പർവതാരോഹകനായ ഇദ്ദേഹം അന്റാർട്ടിക്കയിലെ ഏറ്റവും ഉയരംകൂടിയ കൊടുമുടിയായ മൗണ്ട് വിൻസൺ ഡിസംബർ 24നാണ് കീഴടക്കുന്നത്. ഇതിനുമുമ്പ് എവറസ്റ്റ്, അക്കോൺകാഗ്വ, ഡെനാലി, കിളിമഞ്ചാരോ, എൽബ്രസ്, കോസ്സിയൂസ്കോ എന്നിവയുടെ മുകളിലും അൽനബാനി എത്തിയിരുന്നു.
‘‘ഡിസംബർ രണ്ടിനാണ് ഞാൻ സാഹസികയാത്ര ആരംഭിക്കുന്നത്. ആദ്യം, എട്ടു ദിവസംകൊണ്ട് 120 കിലോമീറ്റർ സ്കീയിങ് നടത്തിയാണ് 16ന് ഭൂമിയുടെ ദക്ഷിണ ധ്രുവത്തിൽ എത്തുന്നത്. ഇവിടെനിന്നാണ് ഘട്ടം ഘട്ടമായി മൗണ്ട് വിൻസണിലെത്തി ഒമാന്റെ പതാകയും സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ ചിത്രവും ഉയർത്തിയത്’’ -സുലൈമാൻ ബിൻ ഹമൂദ് അൽ നാബി പറഞ്ഞു. താപനില താഴ്ന്ന് മൈനസ് 60 ഡിഗ്രി സെൽഷ്യസിലെത്തിയതും ശക്തമായ കാറ്റും യാത്രയിൽ അസ്ഥികളെ തണുപ്പിക്കുന്നതായിരുന്നു. പെട്ടെന്നുള്ള മഞ്ഞുവീഴ്ച കാഴ്ചയെ ബാധിച്ചെന്നും ഇത് ദക്ഷിണധ്രുവത്തിൽ എത്തുന്നതിനും വിൻസൺ കീഴടക്കുന്നതിനുമുള്ള പ്രധാന വെല്ലുവിളികളായിരുന്നു.
30 കിലോയിൽ കൂടുതലുള്ള തന്റെ ബാക്ക്പാക്ക് പലപ്പോഴും യാത്രയെ കൂടുതൽ വെല്ലുവിളി നിറഞ്ഞതാക്കിയെന്നും അദ്ദേഹം പറഞ്ഞു. സാഹസികരുടെ ഗ്രാൻഡ് സ്ലാം എന്നു വിളിക്കുന്ന ‘എക്സ്പ്ലോറേഴ്സ് ഗ്രാൻഡ് സ്ലാം’ പ്രോഗ്രാമിന്റെ ഭാഗമായിരുന്നു നാബിയുടെ സാഹസിക യാത്ര. എല്ലാ ഭൂഖണ്ഡങ്ങളിലെയും ഏറ്റവും ഉയരമുള്ള ഏഴു കൊടുമുടികൾ (എവറസ്റ്റ്, അക്കോൺകാഗ്വ, ഡെനാലി, കിളിമഞ്ചാരോ, എൽബ്രസ്, വിൻസൺ, പൻകാക് ജയ അല്ലെങ്കിൽ കോസ്സിയൂസ്കോ) കീഴടക്കുന്നതും ഉത്തര, ദക്ഷിണ ധ്രുവങ്ങളിലേക്കുള്ള സ്കീയും പൂർത്തിയാക്കാനുള്ള വെല്ലുവിളിയാണ് ഇതിന്റെ ഭാഗമായി വരുന്നത്.
ലോകത്തിൽതന്നെ ചുരുക്കം ചില ആളുകൾ മാത്രമേ ഇതുവരെ ഈ ലക്ഷ്യം പൂർത്തിയാക്കിയിട്ടുള്ളൂ. ഏഴു കൊടുമുടികൾക്കു പുറമെ ആൽപ്സിലെയും പടിഞ്ഞാറൻ യൂറോപ്പിലെയും ഏറ്റവും ഉയർന്ന പർവതമായ ഫ്രാൻസിലെ മൗണ്ട് ബ്ലാങ്കും നവാബി കീഴടക്കിയിട്ടുണ്ട്. 4807.81 മീറ്റർ ആണ് ഇതിന്റെ ഉയരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.