‘സുല്ലി’, ഇന്ത്യൻ പവലിയന്റെ ഐശ്വര്യം
text_fieldsദുബൈ: ആഘോഷത്തിന്റെ അതിശയ വേദിയായ ഗ്ലോബൽ വില്ലേജിലെ ഇന്ത്യൻ പവലിയൻ സന്ദർശിച്ചവരാരും മറക്കാത്ത ഒരു മുഖമുണ്ട്. നീണ്ട മരക്കാലുകളിൽ നടന്നും നൃത്തം ചെയ്തും ആൾക്കൂട്ടത്തിനിടയിൽ സഞ്ചരിക്കുന്നയാൾ. മിക്കവരും ഇന്ത്യൻ പവലിയന്റെ പ്രവേശന കവാടത്തിൽ തന്നെയാണ് ഇദ്ദേഹത്തെ കാണുന്നത്. അസാധാരണ നീളമുള്ള കാലുകളാണ് ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റുന്ന ഘടകം.
ഇത്തരം കാലുകളിൽ സഞ്ചരിക്കുന്ന നർത്തകനെ ഇന്ത്യക്കാർക്ക് ചിലർക്കെങ്കിലും, പ്രത്യേകിച്ച് ഉത്തരേന്ത്യക്കാർക്ക് പരിചയമുണ്ടാകാം. എന്നാൽ, മറ്റു രാജ്യക്കാരെ സംബന്ധിച്ചിടത്തോളം ഒരത്ഭുതമാണിത്. അവരിൽ പലരും ഈ നർത്തകനൊപ്പം സെൽഫിയെടുക്കുന്നു, ഹസ്തദാനം ചെയ്യുന്നു, മറ്റു ചിലർ കുട്ടികളെ അദ്ദേഹത്തിന്റെ കൈയിൽ കൊടുത്ത് ഫോട്ടോയെടുക്കുന്നു. ഇത്തരത്തിൽ ഇത്തവണത്തെ ഗ്ലോബൽ വില്ലേജിലെ താരമായ നർത്തകൻ ഡൽഹി സ്വദേശിയായ സുല്ലിയാണ്.
ഉത്തരേന്ത്യയിൽ ചില ഗ്രാമങ്ങളിലും നഗരങ്ങളിലും സജീവമായ നാടോടിനൃത്ത കലാരൂപമാണിദ്ദേഹം അവതരിപ്പിക്കുന്നത്. നീളമുള്ള മരക്കാലിൽ വീഴാതെ ബാലൻസ് ചെയ്ത് നിൽക്കുക എന്നത് വർഷങ്ങളുടെ പരിശീലനത്തിലൂടെ നേടിയെടുക്കുന്ന കഴിവാണ്. ആദ്യമായാണ് ഗ്ലോബൽ വില്ലേജ് എന്ന ആറുമാസം നീളുന്ന ആഘോഷ വേദിയിലേക്ക് സുല്ലി എത്തുന്നത്. കൂടെ ഡൽഹിയിൽനിന്നുള്ള നൃത്തസംഘവുമുണ്ട്. ഇവർ പ്രധാന വേദിയിലും മറ്റും ചില പരിപാടികൾ അവതരിപ്പിക്കുന്നുണ്ട്. രാജസ്ഥാനി നാടോടിനൃത്തമാണ് പ്രധാനമായും ഇവർ അവതരിപ്പിക്കുന്നത്.
എല്ലാ ദിവസവും വൈകീട്ട് ആറു മുതൽ പത്തു വരെ നൃത്തവേഷത്തിൽ മരക്കാലിന് മുകളിൽ നിൽക്കുമെന്ന് സുല്ലി ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു. ഡൽഹി പട്ടേൽ നഗറിലാണ് ഇദ്ദേഹം താമസിക്കുന്നത്. മെലിഞ്ഞ ശരീര പ്രകൃതിയായതിനാൽ വലിയ പ്രയാസമില്ലാതെ നിൽക്കാനാവും. വിവിധ രാജ്യക്കാരും വേഷക്കാരും എത്തുന്ന ഗ്ലോബൽ വില്ലേജിൽ ശ്രദ്ധിക്കപ്പെടുന്നതിൽ സന്തുഷ്ടനാണ് സുല്ലി. എങ്കിലും തിരക്കേറിയ ദിവസങ്ങളിൽ നടന്നുനീങ്ങാനും മറ്റും പ്രയാസപ്പെടുന്നുണ്ട്.
ഒരു കലാരൂപം അവതരിപ്പിക്കുക എന്നതുപോലെ ജീവിതോപാധി എന്ന നിലയിൽകൂടിയാണ് സുല്ലി സാഹസിക നൃത്തം ചെയ്യുന്നത്. ആൾക്കൂട്ടത്തിലായിരിക്കുമ്പോഴും ബുദ്ധിമുട്ടിക്കുന്ന അനുഭവങ്ങളില്ലെന്ന് സുല്ലി പറയുന്നു. ഇന്ത്യയിലും നിരവധി സ്ഥലങ്ങളിൽ ഇദ്ദേഹം നൃത്തം അവതരിപ്പിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.