അൽ നിയാദിയുമായി പൊതുജനങ്ങൾക്ക് സംവദിക്കാം
text_fieldsദുബൈ: ബഹിരാകാശ യാത്രികൻ സുൽത്താൻ അൽ നിയാദിയുമായി യു.എ.ഇയിലെ പൊതുജനങ്ങൾക്ക് സംവദിക്കാൻ അവസരമൊരുങ്ങുന്നു. ‘എ കാൾ വിത് സ്പേസ്’ എന്നുപേരിട്ട സംവാദ പരിപാടി രാജ്യത്തെ എല്ലാ എമിറേറ്റുകളിലെയും വിവിധ കേന്ദ്രങ്ങളിൽ ഒരുക്കുമെന്ന് മുഹമ്മദ് ബിൻ റാശിദ് ബഹിരാകാശ കേന്ദ്രം അറിയിച്ചു.
പരിപാടിയിൽ തത്സമയം അൽ നിയാദി പൊതുജനങ്ങളുടെ അന്വേഷണങ്ങൾക്ക് മറുപടി നൽകും. മാർച്ച് 21ന് ഉച്ച 2.30ന് ദുബൈ ഓപറയിലാണ് ആദ്യ പരിപാടി അരങ്ങേറുക. രണ്ടു മണി മുതൽ ഇവിടെ പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിക്കും. പരിമിതമായ ഇരിപ്പിടങ്ങൾ മാത്രമുള്ളതിനാൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ഓപറ വെബ്സൈറ്റിൽ നേരത്തേ ബുക്ക് ചെയ്യണമെന്ന് അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്. ബഹിരാകാശ നിലയത്തിലെ വിശേഷങ്ങളെയും യാത്രികരുടെ ദൈനംദിന പ്രവർത്തനങ്ങളെയും സംബന്ധിച്ച് ചോദ്യങ്ങൾ ചോദിക്കാം.
ബഹിരാകാശത്തെ കുറിച്ച് കൂടുതലറിയാൻ താൽപര്യമുള്ള ഏതൊരാൾക്കും അവിസ്മരണീയ അനുഭവമായിരിക്കും പരിപാടിയെന്നും ബഹിരാകാശ അറിവുകൾ എല്ലാവർക്കും ലഭ്യമാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് പരിപാടിയെന്നും മുഹമ്മദ് ബിൻ റാശിദ് ബഹിരാകാശ കേന്ദ്രം ഡയറക്ടർ ജനറൽ സാലിം ഹുമൈദ് അൽ മർറി പറഞ്ഞു. പരിപാടികളിലൂടെ, ബഹിരാകാശ പര്യവേക്ഷണത്തോട് ആജീവനാന്ത അഭിനിവേശം ഉണ്ടാക്കാനും യു.എ.ഇയിൽ ശാസ്ത്രീയ പഠനത്തിന്റെയും പര്യവേക്ഷണത്തിന്റെയും സംസ്കാരം വളർത്തിയെടുക്കാനും സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
യു.എസിലെ ഫ്ലോറിഡ കെന്നഡി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽനിന്ന് മാർച്ച് രണ്ടിനാണ് അൽ നിയാദി ബഹിരാകാശത്തേക്ക് പറന്നുയർന്നത്. പിറ്റേന്ന് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ സുരക്ഷിതമായി എത്തിയ അൽ നിയാദിയും സഹയാത്രികരും കഴിഞ്ഞ ആഴ്ച മുതൽ പര്യവേക്ഷണങ്ങൾ ആരംഭിച്ചിട്ടുണ്ട്. അറബ് ലോകത്തെ ആദ്യ ദീർഘകാല ബഹിരാകാശ യാത്രികൻ എന്ന പദവിയിലെത്തിയ അദ്ദേഹം ആറുമാസം നിലയത്തിൽ തുടരും
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.