ചരിത്ര ദൗത്യത്തിന് സുൽത്താൻ അൽ നിയാദി; ആറുമാസം ബഹിരാകാശത്ത് ചെലവഴിക്കും
text_fieldsദുബൈ: രാജ്യാന്തര ബഹിരാകാശ നിലയത്തിൽ (ഐ.എസ്.എസ്) ആറുമാസം ചെലവഴിക്കുന്ന ആദ്യ അറബ് ബഹിരാകാശ സഞ്ചാരിയാകാനൊരുങ്ങി യു.എ.ഇ സുൽത്താൻ അൽ നിയാദി. 2023ല്‍ ആരംഭിക്കുന്ന ദൗത്യത്തിന്‍റെ ഭാഗമാകാൻ യു.എ.ഇ തെരഞ്ഞെടുത്തിരിക്കുന്നത് സുൽത്താൻ അൽ നിയാദിയെ ആണ്.
ഫ്ലോറിഡയിലെ കെന്നഡി സ്‌പേസ് സെന്‍ററിൽനിന്ന് 2023 സെപ്റ്റംബറിൽ വിക്ഷേപിക്കാനൊരുങ്ങുന്ന സ്‌പേസ് എക്‌സ് ക്രൂ 6 പേടകത്തിലാണ് അൽ നിയാദി ബഹിരാകാശത്തേക്ക് പോകുക. 180 ദിവസം അദ്ദേഹം ബഹിരാകാശത്ത് ചെലവഴിക്കുന്നത് രാജ്യത്തിന്റെ ബഹിരാകാശ ദൗത്യ ചരിത്രത്തിലെ സുവർണ അധ്യായമാകും. ബഹിരാകാശത്തേക്ക് ദീർഘകാലത്തേക്ക് സഞ്ചാരികളെ അയക്കുന്ന 11ാമത്തെ രാജ്യമായും യു.എ.ഇ മാറും. യു.എ.ഇ ഉടൻ നടത്താനിരിക്കുന്ന രണ്ട് ബഹിരാകാശ ദൗത്യങ്ങളിൽ ഏറെ പ്രധാനപ്പെട്ടതായാണ് സുൽത്താൻ അൽ നിയാദിയുടെ സഞ്ചാരം കണക്കാക്കപ്പെടുന്നത്. യു.എ.ഇയുടെ ആദ്യ ചാന്ദ്രദൗത്യമായ 'റാശിദ് റോവർ' ഈ വർഷം നവംബറിൽ വിക്ഷേപിക്കുമെന്ന് അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.
ബഹിരാകാശ ദൗത്യത്തിന് തയാറെടുക്കുന്ന സുൽത്താൻ അൽ നിയാദിക്ക് യു.എ.ഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ ആശംസകൾ അർപ്പിച്ചു. യു.എ.ഇയുടെ പുരോഗമിച്ചുകൊണ്ടിരിക്കുന്ന ബഹിരാകാശ പദ്ധതിയുടെ ശക്തമായ അടിത്തറയിലാണ് ഈ ചരിത്രദൗത്യം കെട്ടിപ്പടുക്കുന്നതെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമും സുൽത്താൻ അൽ നിയാദിയുടെ നേട്ടത്തിൽ അഭിമാനം പങ്കുവെച്ചു. നമ്മുടെ യുവത യു.എ.ഇയുടെ ശിരസ്സ് വാനോളം ഉയർത്തിയതായി ശൈഖ് മുഹമ്മദ് ട്വീറ്റ് ചെയ്തു.
യു.എ.ഇയിൽ നിന്നും ബഹിരാകാശ ദൗത്യത്തിനായി ആദ്യമായി തെരഞ്ഞെടുത്ത സഞ്ചാരികളിൽ ഒരാളാണ് സുൽത്താൻ അൽ നിയാദി. 2019 സെപ്റ്റംബറിലായിരുന്നു രാജ്യാന്തര ബഹിരാകാശ നിലയത്തിലെ യു.എ.ഇയുടെ ആദ്യ ദൗത്യം. ഇതിനായി യു.എ.ഇയുടെ ആദ്യ ബഹിരാകാശ യാത്രികൻ ഹസ്സ അൽ മൻസൂരിക്കൊപ്പം സുൽത്താൻ അൽ നിയാദിയെയും തെരഞ്ഞെടുത്തിരുന്നു. യു.എ.ഇയുടെ ആദ്യ ബഹിരാകാശ യാത്രികർ ആകുന്നതിന് നിരവധി ടെസ്റ്റുകൾ നടത്തിയ ശേഷം 4,022 പേരിൽ നിന്നാണ് ഹസ്സ അൽ മൻസൂരിയെയും സുൽത്താൻ അൽ നിയാദിയും തെരഞ്ഞെടുക്കപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.