Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
അവൻ വന്നു, കൈപിടിച്ചവരെ കാണാൻ
cancel
camera_alt

റിയാദിൽ തിരിച്ചെത്തിയ അബ്​ദുൽ ഹനാൻ സാമൂഹിക പ്രവർത്തകൻ ശിഹാബ് കൊട്ടുകാടിനോടൊപ്പം

റിയാദ് എയർപോർട്ടിൽനിന്ന് ബത്ഹ ലക്ഷ്യമാക്കി ടാക്സി കുതിക്കുമ്പോൾ അബ്ദുൽ ഹനാന്റെ ഓർമകൾ ദിശതെറ്റി ഹാരയിലേക്ക് ഓടിപ്പോയി. പത്തു വർഷം മുെമ്പാരു ശരത്കാല സന്ധ്യയിലെ നടുക്കത്തിൽ അവിടെയൊരു തെരുവിൽ ആ ഓർമവണ്ടി സഡൻബ്രേക്കിട്ടു. ഇരുട്ട് കട്ടകുത്തിയ ഫ്ലാറ്റിനുള്ളിൽ ഉമ്മ അനീസ് ബീഗത്തിന്റെ ചിറകിനടിയിൽ ഭയന്നുവിറച്ചിരുന്ന ആ വൈകുന്നേരം. വാതിലിൽ തുടരത്തുടരെ മുട്ടൽ. നെഞ്ചിൽ തീയാളുന്നു. മുനിഞ്ഞുകത്തുന്ന മെഴുകുതിരിവെട്ടത്തിൽ കൂടപ്പിറപ്പുകളുടെ കണ്ണുകളിൽ ഭയമാളുന്നു. കൈനീട്ടി ഉമ്മ ആറു മക്കളെയും അണച്ചുപിടിക്കുന്നു.

ഇൗ അന്തിമയങ്ങിയ നേരത്ത് വാതിലിൽ മുട്ടുന്നത് ആരാണെന്ന് അവർക്കറിയാം... താമസിക്കുന്ന ഫ്ലാറ്റിന്റെ വാടക പിരിക്കാൻ വരുന്നയാൾ. വാടക കൊടുക്കാതായിട്ട് കാലം കുറെയായി. ഇനിയും ക്ഷമിക്കാനാവില്ലെന്നും ഇറക്കിവിടുമെന്നും കഴിഞ്ഞ തവണയും പറഞ്ഞുപോയതാണ്. അന്ന് ഉപ്പ അബ്ദുൽ അസീസ് ഉണ്ടായിരുന്നു. ഉമ്മയും മക്കളും പേടിച്ച് മുറിക്കുള്ളിൽ ഒതുങ്ങിക്കൂടിയിരുന്നു. പക്ഷേ, ഇപ്പോൾ ഗൃഹനാഥൻ വീട്ടിലില്ല. രണ്ടു ദിവസമായി ഭക്ഷിക്കാൻ ഒന്നുമില്ല. കുറച്ചുദിവസത്തിനുശേഷം ഇന്ന് കാറിനൊരു ഓട്ടം കിട്ടിയിട്ടുണ്ട്.

അതുംകൊണ്ട് പോയിരിക്കുകയാണ്. എപ്പോൾ വരുമെന്ന് അറിയില്ല. ഓരോ തവണ പുറത്തുപോകുമ്പോഴും ഉപ്പയുടെ മുഖത്ത് ആ ആശങ്ക നിഴലിടും. എപ്പോഴാണ് പൊലീസിന്റെ കൈയിലകപ്പെടുകയെന്ന് ഉറപ്പില്ലല്ലോ. നിയമാനുസൃതം നിലകൊള്ളുന്നയാളെന്ന് തെളിയിക്കുന്ന ഒരു രേഖയും കൈയിലില്ല. പോരാത്തതിന് ഓടിക്കുന്നത് കള്ളടാക്സിയും. പക്ഷേ, പോകാതിരിക്കാൻ പറ്റില്ലല്ലോ. അടുപ്പ് പുകയണമെങ്കിൽ, പശിയകറ്റാൻ എന്തെങ്കിലും കിട്ടണമെങ്കിൽ, കിട്ടുന്ന പൈസക്ക് കാറോടിച്ചേ പറ്റൂ. പൊലീസ് പിടിക്കും എന്നു കരുതി പേടിച്ച് അകത്തിരിക്കാനാവില്ല.

അബ്ദുൽ ഹനാൻ സഹോദരങ്ങളായ അബ്ദുൽ ഹാദി, അബ്ദുൽ സുബുഹാൻ എന്നിവരോടൊപ്പം

വാതിലിൽ മുട്ടലിന്റെ ശക്തികൂടുന്നു. വാതിൽ ഇപ്പോൾ പൊട്ടിത്തകരും എന്നപോലെ. ഹനാൻ ഉമ്മയുടെ നേർക്കു നോക്കി. വാതിൽ തുറക്കാൻ ഉമ്മയുടെ അനുവാദം കിട്ടിയതും എഴുന്നേറ്റ് വേഗം അങ്ങോട്ട് നീങ്ങി. വാതിൽ തുറന്നതും തെരുവിന്റെ വൈദ്യുതിവെട്ടവും ഒരു മനുഷ്യനിഴലും അകത്തേക്ക് അലച്ചുവീണു. ഒപ്പം ഒരലർച്ചയും, ‘കുല്ലും ബർറാാാാ’ (എല്ലാം പുറത്തിറങ്ങ്). ആ ഒച്ചയിൽ നടുങ്ങിവിറച്ചുപോയി ഉമ്മയും ആറു കുട്ടികളും. അടുത്ത അലർച്ചയിൽ അവർ പുറത്തേക്കു തെറിച്ചു. എല്ലാവരും പുറത്തെത്തിയെന്ന് ഉറപ്പായപ്പോൾ വാതിൽ പൂട്ടി പേടിച്ചരണ്ടുനിൽക്കുന്ന ജീവികളുടെ നേർക്ക് ഒരു നോട്ടംകൊണ്ടുപോലും ദയ കാണിക്കാതെ അയാൾ നടന്നുമറഞ്ഞു. എന്ത് ചെയ്യണമെന്നറിയാതെ മക്കളെയും ചേർത്തുപിടിച്ച് കെട്ടിടത്തിനു മുന്നിൽ തെരുവിന്റെ ഓരത്ത് നിന്നുപോയി ഉമ്മ.

കൈയിലെ ഫോണെടുത്ത് മിസ് കാൾ അടിക്കാൻ മാത്രം പണമുള്ള അതിൽനിന്നൊരു കാൾ ഭർത്താവിന് അയച്ചു. ഫോൺ തിരികെ വെച്ച ശേഷം ബാഗിനുള്ളിൽ വീണ്ടും പരതി. ചില്ലറ നോട്ടുകൾ. തെരുവിന്റെ വെളിച്ചത്തിൽ എണ്ണിനോക്കി. മക്കളെയും കൂട്ടി റോഡിന്റെ ഓരത്ത് നിന്നു. തലയിൽ ടാക്സി ബോർഡ് പേറി വന്ന കാറിനു നേരെ കൈനീട്ടി. സൗദി പബ്ലിക് ട്രാൻസ്പോർട്ട് കമ്പനിയുടെ ബസ് സ്റ്റാൻഡിലേക്ക് ആ കാർ കുതിച്ചു.

രാത്രിയിലും യാത്രക്കാരുടെ തിരക്കൊഴിയാത്ത സ്റ്റാൻഡിൽ അവരെ ഇറക്കിവിട്ട് കൂലിയും വാങ്ങി ടാക്സി പോയി. അകത്തു കയറി എങ്ങോേട്ടക്കോ പോകുന്ന ബസ് കാത്തിരിക്കുന്നവരെന്ന നാട്യത്തിൽ വെയ്റ്റിങ് ടെർമിനലിലെ കസേരകളിൽ ഉമ്മയും മക്കളും ഇരുന്നു. ഒരു അഭയസ്ഥാനം മാത്രമാണ് അതവർക്ക്. രാത്രിയിൽ എപ്പോഴോ മിസ്ഡ് കാളിന് മറുപടിയായി വിളിയെത്തി. വിറയാർന്ന ശബ്ദത്തിൽ ഉമ്മ ആ വൈകുന്നേരം സംഭവിച്ചതെല്ലാം പറഞ്ഞു. കിതക്കുന്ന കാറിൽ ആർത്തലച്ച് ബസ് സ്റ്റേഷനിൽ അയാളെത്തുമ്പോൾ രാവണയാൻ തുടങ്ങിയിരുന്നു. അവരെ സ്റ്റേഷനു പുറത്തിറക്കി കാറിൽ കയറ്റുമ്പോൾ അയാൾക്കൊരു പിടിയുമുണ്ടായിരുന്നില്ല, എങ്ങോട്ടു പോകണമെന്ന്. എന്നാൽ, ആ പകലൊടുങ്ങുംമുമ്പ് അഭയത്തിന്റെ കരങ്ങൾ അവർക്കുനേരെ നീണ്ടുവന്നു. ജീവകാരുണ്യത്തിന്റെ തനിസ്വരൂപം ശിഹാബ് കൊട്ടുകാട്. അദ്ദേഹം അവരെ ഏറ്റെടുത്തു. അന്തിയുറങ്ങാൻ ഒരിടം, വയറ്റിലെ തീയണക്കാൻ ഭക്ഷണം, ദുരിതങ്ങൾക്കറുതിവരുമെന്ന പ്രത്യാശ. അദ്ദേഹം നൽകിയത് അതാണ്. അതുവരെ തങ്ങൾക്കു മുന്നിൽ സ്തംഭിച്ചുനിന്ന കാലം അപ്പോൾ മുതൽ ഓടിത്തുടങ്ങുകയായിരുന്നു. ഇപ്പോൾ പത്തുവർഷം പിന്നിട്ടിരിക്കുന്നു.

ഓർമയിൽനിന്നുണർന്ന ഹനാൻ സീറ്റിലൊന്നിളകിയിരുന്നു. ഒരു ദീർഘശ്വാസമയച്ചു. നഗരകേന്ദ്രം ലക്ഷ്യമാക്കി ടാക്സി യാത്ര തുടരുകയാണ്. വാതിൽ ചില്ലിലൂടെ പുറത്തേക്ക് കണ്ണോടിച്ചു. പത്തു വർഷത്തിനിടെ റിയാദ് നഗരത്തിന് വലിയ മാറ്റം സംഭവിച്ചതായി അവന് തോന്നി. കാലത്തിന്റെ പ്രയാണത്തിൽ മാറ്റം അനിവാര്യമാണ്. ചിലത് നല്ലതാവും ചിലത് കെട്ടതും. തങ്ങളുടെ ജീവിതത്തിൽ സംഭവിച്ചത് നല്ല മാറ്റങ്ങളാണ്. ഒരാൾക്കുമുണ്ടാകരുതേ എന്ന് പ്രാർഥിച്ചുപോകുന്ന ദുരനുഭവങ്ങളുടെ നെരിപ്പോടിൽ വെന്തുരുകിയ ജീവിതം ഇന്ന് നൊമ്പരപ്പെടുത്തുന്ന ഒരു ഓർമ മാത്രമായി മാറി. ദുരിതങ്ങളുടെ കാറുംകോളുമിളകിയ ജീവിതക്കടലിൽനിന്ന് കൈപിടിച്ചുയർത്തിയ, കടലിനിക്കരെയുള്ള ആ മനുഷ്യസ്നേഹികളെ വീണ്ടും കാണാനും അവർക്കും ദൈവത്തിനും നന്ദി പറയാനുമാണ് ഹൈദരാബാദിൽനിന്ന് അവൻ വന്നത്.


നെരിപ്പോടിലെരിഞ്ഞ 15 വർഷങ്ങൾ

സമാനതകളില്ലാത്ത ദുരിതമാണ് ഒന്നര പതിറ്റാണ്ടിൽ ഹനാന്റെ കുടുംബം അനുഭവിച്ചുതീർത്തത്. ഹൈദരാബാദ് സ്വദേശിയായ അബ്ദുൽ അസീസ് 1995ൽ ഒരു ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽ സെയിൽസ്മാനായാണ് റിയാദിലെത്തിയത്. മൂന്നുവർഷത്തിനുശേഷം ഭാര്യ അനീസ് ബീഗത്തെയും മൂത്ത മക്കളായ അബ്ദുൽ ഹാദി, അബ്ദുൽ ഹനാൻ എന്നിവരെയും കൊണ്ടുവന്നു. അബ്ദുൽ സുബുഹാൻ, ആയിഷ അസീസ്, നൂറ അസീസ്, അബ്ദുൽ മന്നാൻ എന്നീ നാലുമക്കൾ കൂടി ഇവിടെവെച്ച് ജനിച്ചു. അങ്ങനെ ആറു മക്കളും ഭാര്യയുമടങ്ങുന്ന കുടുംബവുമൊത്ത് റിയാദിലെ ഹാരയിൽ ജീവിച്ചുവരുകയായിരുന്നു. അതിനിടയിലാണ് കമ്പനിയിൽ ശമ്പളം മുടങ്ങുന്നതും ഇഖാമ (റെസിഡൻറ് പെർമിറ്റ്) പുതുക്കാതാവുന്നതും. 2003 മുതൽ ഇഖാമ പുതുക്കിയിട്ടില്ല.

മാതാപിതാക്കളുടെ രേഖകളുടെ കാലാവധി കഴിഞ്ഞതോടെ മൂത്തമക്കളുടെ രേഖകളും പുതുക്കാനായില്ല. ഇവിടെ ജനിച്ച മക്കൾക്ക് ജനന സർട്ടിഫിക്കറ്റോ പാസ്പോർട്ടോ ഒന്നും നേടാനും കഴിഞ്ഞില്ല. മക്കളെ ആരെയും സ്കൂളിൽ ചേർക്കാനുമായില്ല. ബിരുദധാരിയായ ഉമ്മ അനീസ് ബീഗം വീട്ടിലിരുന്ന് കുട്ടികളെ പഠിപ്പിച്ചു. അതിനാവശ്യമായ പുസ്തകങ്ങൾ അബ്ദുൽ അസീസ് സംഘടിപ്പിച്ചുകൊണ്ടുവന്ന് കൊടുത്തു. ശമ്പളം മുടങ്ങി ദുരിതത്തിലായതോടെ സ്വന്തമായുണ്ടായിരുന്ന കാർ ടാക്സിയായിട്ട് ഓടിച്ചും മറ്റുമാണ് കുടുംബത്തിന്റെ നിത്യച്ചെലവുകൾക്കുള്ള പണം അയാൾ കണ്ടെത്തിയിരുന്നത്. കൂടാതെ ഭാര്യയുടെ കൈയിലുണ്ടായിരുന്ന 40 പവനോളം സ്വർണം പലപ്പോഴായി വിറ്റാണ് വീട്ടുവാടക ഉൾപ്പെടെ ചെലവുകളും നടത്തിക്കൊണ്ടുപോയത്. കുടുംബമെത്തി അധികം വൈകാതെ രേഖകളുടെ കാലാവധി കഴിഞ്ഞതിനാൽ സൗദിയിലെത്തിയ ശേഷം നാട്ടിൽ പോയിട്ടേയുണ്ടായിരുന്നില്ല. ഒരിക്കൽ അസീസ് കാറുംകൊണ്ട് ഓട്ടം പോയ വൈകുന്നേരം കുടുംബത്തെ വാടക പിരിവുകാരൻ ഫ്ലാറ്റിൽനിന്ന് ഇറക്കിവിട്ടു. അന്തിയുറങ്ങാൻ ഇടമില്ലാത്തതിനാൽ അന്ന് പകലും രാത്രിയും ആ ഉമ്മ ആറു മക്കളെയുംകൊണ്ട് അസീസിയയിലെ പബ്ലിക് ട്രാൻസ്പോർട്ട് ബസ് സ്റ്റേഷനിലാണ് ചെലവഴിച്ചത്. ഇതറിഞ്ഞ് ശിഹാബ് കൊട്ടുകാട് ഇവരെ ഏറ്റെടുത്ത് ബത്ഹയിലെത്തിച്ച് ഷിഫ അൽജസീറ പോളിക്ലിനിക്കിലെ ഓഡിറ്റോറിയത്തിൽ അഭയമൊരുക്കി. മൂന്നര മാസം അവിടെ കഴിഞ്ഞു. ഇതിനിടെ ഇഖാമയില്ലാത്തതിന് പൊലീസ് പിടിച്ച് അബ്ദുൽ അസീസ് ജയിലിലുമായി. ഇതോടെ ഉമ്മയും ആറു മക്കളും തീർത്തും അനാഥരായി. ശിഹാബ് കൊട്ടുകാടും ഷിഫ അൽജസീറ ക്ലിനിക് മാനേജ്മെന്റും മാത്രമായിരുന്നു ആശ്രയം. മൂന്നു മാസത്തിനുശേഷം മലയാളികളായ അബ്ദുൽ ബാരി, ബഷീർ വാടാനപ്പള്ളി എന്നിവർ നടത്തുന്ന അൽഖലീജ് ഹോട്ടലിലേക്ക് അവരെ മാറ്റി. അവിടെയും കുറച്ചുകാലം കഴിഞ്ഞു. അപ്പോഴേക്കും ഇന്ത്യൻ എംബസി, സൗദി നാടുകടത്തൽ കേന്ദ്രം (തർഹീൽ), ജവാസാത്ത് (സൗദി പാസ്പോർട്ട് വകുപ്പ്) എന്നിവിടങ്ങളിൽ ശിഹാബ് കൊട്ടുകാട് നടത്തിയ ശ്രമങ്ങളുടെ ഫലമായി നാട്ടിൽ പോകാനുള്ള രേഖകളെല്ലാം ശരിയാക്കാനായി.


16 വർഷം ഇഖാമ പുതുക്കാതെ അനധികൃതമായി കഴിഞ്ഞതിനുള്ള പിഴയും അത്രയും കാലത്തെ ഫീസും ഉൾപ്പെടെ വലിയൊരു തുക സർക്കാറിൽ അടക്കാനുണ്ടായിരുന്നു. എന്നാൽ, കുടുംബത്തിന്റെ ദയനീയ കഥ കേട്ടറിഞ്ഞ ജവാസാത്ത് ഉദ്യോഗസ്ഥൻ അബ്ദുൽ നാസർ ഉന്നതതലത്തിൽ ഇടപെടൽ നടത്തി അതെല്ലാം ഒഴിവാക്കി എക്സിറ്റ് വിസ അടിച്ചുനൽകി. അതൊരു റമദാൻ കാലത്തായിരുന്നു. അത്തവണത്തെ പെരുന്നാൾ ആ കുടുംബം ഏറെ മധുരത്തോടെ ആഘോഷിച്ചു. അതുവരെ ആ കുട്ടികളുടെ ഓർമയിൽ ഒരു ആഹ്ലാദപ്പെരുന്നാൾ പോലുമുണ്ടായിരുന്നില്ല. അന്നാദ്യമായി അവർ പെരുന്നാൾ മധുരം രുചിച്ചു. പുലർച്ച തന്നെ കുളിച്ചൊരുങ്ങി സമ്മാനമായി കിട്ടിയ പുതുവസ്ത്രങ്ങളണിഞ്ഞ് ഉമ്മയുടെ കൈപിടിച്ച് ദീറയിലെ ഈദ്ഗാഹിലേക്ക് പോയി. തങ്ങളെ സഹായിക്കാൻ മനുഷ്യസ്നേഹികളെ അയച്ച ദൈവത്തിനു മുന്നിൽ അവർ കൃതജ്ഞതയോടെ മുട്ടുകുത്തി. പെരുന്നാൾ കഴിഞ്ഞ് ഏതാനും ദിവസത്തിനുള്ളിൽ നാട്ടിലേക്കുള്ള വിമാന ടിക്കറ്റുകളെത്തി. തർഹീലിൽനിന്ന് അബ്ദുൽ അസീസിനെ ജയിലുദ്യോഗസ്ഥർ റിയാദ് എയർപോർട്ടിലെത്തിച്ചു. അവിടെവെച്ച് കുടുംബവും അയാളും പുനഃസംഗമിച്ചു. ഒരുമിച്ച് നാട്ടിലേക്ക് പറന്നു.


ജീവിതം വീണ്ടെടുക്കുന്നു

നാട്ടിലെത്തിയശേഷം പുതിയ ജീവിതം കരുപ്പിടിക്കാൻ കുടുംബം ഏറെ കഷ്ടപ്പെട്ടു. സ്വന്തമായി വീടോ വസ്തുവോ ഉണ്ടായിരുന്നില്ല. കൂട്ടുകാരൻ ഇട്ടുകൊടുത്ത ഒരു ഫാർമസിയിൽനിന്നാണ് അബ്ദുൽ അസീസ് രണ്ടാമതൊരു ജീവിതം കെട്ടിപ്പടുത്തത്. ഔപചാരിക വിദ്യാഭ്യാസത്തിന്റെ രേഖകളൊന്നും കൈയിലില്ലായിരുന്നെങ്കിലും മിടുക്കുള്ള കുട്ടികൾ ഹൈദരാബാദിലെ നല്ല സ്കൂളിൽ തന്നെ പ്രവേശന പരീക്ഷ പാസായി പ്രവേശനം നേടി. അബ്ദുൽ ഹാദി എം.ബി.എ പാസായി പ്രമുഖ കമ്പനിയിൽ എച്ച്.ആർ എക്സിക്യൂട്ടിവായി. അബ്ദുൽ ഹനാൻ മെറിറ്റോടെ പ്രമുഖ കോളജിൽ പ്രവേശനം നേടി ഐ.ടി എൻജിനീയറായി. തുടർന്ന് പ്രമുഖ കമ്പനിയിൽ ടെക്നിക്കൽ സപ്പോർട്ട് സ്റ്റാഫായി. അബ്ദുൽ സുബുഹാൻ ബി.എസ്.സി കമ്പ്യൂട്ടർ സയൻസിന് പഠിക്കുന്നു. ആയിഷ പ്ലസ് ടുവിലും നൂറ പ്ലസ് വണിലും. ഇളയ മകൻ അബ്ദുൽ മന്നാന് ജന്മനാ ശ്വാസകോശ പ്രശ്നമുണ്ടായിരുന്നു. കോവിഡ് കാലത്ത് മരിച്ചു. ആ നൊമ്പരം മാത്രമാണ് പുതിയ ജീവിതത്തിൽ ആ കുടുംബത്തിന് ബാക്കിയായത്. റിയാദിൽ അന്ന് കുടിച്ചുവറ്റിച്ച കയ്പേറിയ അനുഭവങ്ങളുടെ ആ കടൽ അബ്ദുൽ ഹനാന്റെ ഉള്ളിൽ ബാക്കികിടന്നു. അവന്റെ മാത്രമല്ല, മുഴുവൻ കുടുംബാംഗങ്ങളുടെയും. നല്ല ജീവിതം കൈയിൽ കിട്ടിയപ്പോൾ അതിന്റെ മൂല്യം എത്ര വലുതാണെന്ന് ഉള്ളിലെ ഇനിയും നൊമ്പരമടങ്ങാത്ത കടൽത്തിരകൾ അവരെ ഓർമിപ്പിച്ചുകൊണ്ടിരുന്നു. തങ്ങളെ ഒരിക്കൽ കരുണയോടെ ചേർത്തുപിടിച്ചവരിലേക്ക് ഓടിയണയാൻ അവരെല്ലാം കൊതിച്ചു. അങ്ങനെയാണ് കുടുംബത്തിലെ എല്ലാവർക്കും വേണ്ടി ആ ദൗത്യമേറ്റെടുത്ത് അബ്ദുൽ ഹനാൻ ടൂറിസ്റ്റ് വിസയിൽ റിയാദിലേക്ക് പുറപ്പെട്ടത്.


ബാക്കിയായ കടം

ടാക്സി ബത്ഹയിലെത്തി. അവന്റെ ഹൃദയം തുടിച്ചു. ഒരിക്കൽ ഇരുകൈയും നീട്ടി അണച്ചുപിടിച്ച് അഭയമേകിയ തെരുവാണിത്. മനുഷ്യസ്നേഹികൾ ഏറ്റെടുത്ത് അന്തിയുറങ്ങാൻ ഇടം നൽകിയ ഷിഫ അൽജസീറ പോളിക്ലിനിക്കും അൽഖലീജ് ഹോട്ടലും ഇവിടെയാണ്. ഖലീജ് ഹോട്ടലിനു മുന്നിലാണ് അവൻ ആദ്യമെത്തിയത്. ടാക്സി ഡ്രൈവറോട് പറഞ്ഞ സ്ഥല അടയാളം അതായിരുന്നു. അവിടെ മുറിയെടുത്തു. പത്തുവർഷം മുമ്പ് തങ്ങൾ അഭയാർഥികളായി കഴിഞ്ഞ ഹോട്ടലാണിതെന്ന് അവൻ അവിടത്തെ ജീവനക്കാരോട് പറഞ്ഞു. ശിഹാബ് കൊട്ടുകാടിനെ കാണാൻ അവരുടെ സഹായം തേടി. ഫോൺ നമ്പർ അവർ സംഘടിപ്പിച്ചുകൊടുത്തു. കിട്ടിയ നമ്പറിൽ വിളിച്ചപ്പോൾ ഫോണെടുത്ത ശിഹാബിന് അത്ഭുതം. രണ്ടര പതിറ്റാണ്ടത്തെ സാമൂഹിക പ്രവർത്തനത്തിനിടയിൽ ഇതുപോലൊന്ന് ആദ്യമായാണ്. എത്രയോ ആളുകളെ ദുരിതങ്ങളിൽനിന്ന് രക്ഷപ്പെടുത്തി നാടുകളിലേക്ക് കയറ്റിവിട്ടിട്ടുണ്ട്. പക്ഷേ, ഇതാദ്യമാണ് അങ്ങനെ പോയവരിലൊരാൾ നന്ദി പറയാൻ തിരികെയെത്തുന്നത്. നേരിൽ കണ്ടുമുട്ടിയ നിമിഷത്തെക്കുറിച്ച് വിവരിക്കാൻ വാക്കുകൾ മതിയാകുന്നില്ലെന്ന് ശിഹാബ് പറഞ്ഞു. പരസ്പരം ആശ്ലേഷിച്ചു. അവൻ തങ്ങൾക്ക് കിട്ടിയ ഇപ്പോഴത്തെ നല്ല ജീവിതത്തെക്കുറിച്ച് ശിഹാബിനോട് വിശദീകരിച്ചു. കുടുംബത്തിന്റെ നന്ദിയും സ്നേഹവും അറിയിച്ചു. ശിഹാബിനൊപ്പം സെൽഫിയെടുത്ത് ഉമ്മക്ക് അയച്ചുകൊടുത്തു. ശേഷം മക്കയിൽ പോയി ഉംറ നിർവഹിക്കുകയും ഉള്ളുരുകി ദൈവത്തെ സ്തുതിക്കുകയും ചെയ്തു. നാട്ടിലേക്ക് മടങ്ങിയ അവൻ ഇനി ഉമ്മയെയും കൂട്ടി വീണ്ടും റിയാദിലേക്ക് വരും. അവർക്കുമുണ്ട് മനുഷ്യരോടും ദൈവത്തോടും കൃതജ്ഞത പറയാനുള്ള കടം ബാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:familysurvival storygulf
News Summary - survival story of a family
Next Story