അതിജീവിച്ച ഉബീഷ് പറയുന്നു, ഭയക്കരുത് നിപയെ
text_fieldsകോഴിക്കോട്: ‘നീ... പോ, നിപേ... ഞങ്ങളിവിടെ തന്നെ ജീവിക്കും’ എന്ന മനക്കരുത്തോടെ ജാഗ്രത പാലിച്ചും പ്രതിരോധമുയർത്തിയും മാരക വൈറസിനെ നാം നേരിടണമെന്ന് നിപയെ അതിജീവിച്ച് ജീവിതത്തിലേക്ക് മടങ്ങിയ ഉബീഷ്. ഭയക്കേണ്ട, അതിജാഗ്രതയോടെ പ്രതിരോധിച്ചാൽ മതി. മുമ്പത്തേക്കാൾ പരിശോധനക്കടക്കം സംവിധാനങ്ങളുള്ളതും ഈ രംഗത്തെ മുൻപരിചയവുമെല്ലാം നമുക്കിന്ന് മുതൽക്കൂട്ടാണ്. വ്യാപനശേഷി കുറവെങ്കിലും നിപക്ക് മരണനിരക്ക് കൂടുതലാണെന്നത് നാം മറക്കരുതെന്നും ഉബീഷ് ‘മാധ്യമ’ത്തോട് പറഞ്ഞു.
2018ൽ കേരളത്തിലാദ്യമായി നിപ റിപ്പോർട്ട് ചെയ്ത വേളയിലാണ് മലപ്പുറം തെന്നല കൊടക്കല്ല് സ്വദേശി ഉബീഷിന് വൈറസ് ബാധയുണ്ടായത്. അന്ന് രോഗം ബാധിച്ച ഇരുപതോളം പേർ മരിച്ചപ്പോൾ ജീവിതത്തിലേക്ക് മടങ്ങിവന്നവരാണ് ഉബീഷും കോഴിക്കോട് മൂടാടി സ്വദേശിയും നഴ്സിങ് വിദ്യാർഥിനിയുമായിരുന്ന അജന്യയും. അന്നത്തെ നിപ പോരാട്ടത്തിലെ പൊൻതൂവൽതന്നെ ഇവരിരുവരുടെയും ജീവൻ രക്ഷിക്കാനായതാണ്. പിന്നീട് 2019ൽ എറണാകുളത്ത് രോഗം വന്നയാളെയും രക്ഷിച്ചെങ്കിലും 2021ൽ കോഴിക്കോട്ട് വീണ്ടും രോഗം വന്ന പന്ത്രണ്ടുകാരനെ രക്ഷിക്കാനായിട്ടുമില്ല.
2018 ഏപ്രിലിൽ ബൈക്കപകടത്തിൽ ഉബീഷിന് പരിക്കേറ്റിരുന്നു. ഇതിന്റെ തുടർ ചികിത്സക്ക് രണ്ടാഴ്ച കഴിഞ്ഞ് ഇദ്ദേഹവും ഭാര്യ ഷിജിതയും കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെത്തി. ഈ സമയം ചങ്ങരോത്ത് സൂപ്പിക്കടയിൽനിന്ന് ചികിത്സക്കെത്തിയ ആളിൽനിന്ന് ഷിജിതക്ക് വൈറസ് ബാധയുണ്ടാവുകയായിരുന്നു. മൂന്നുദിവസം കഴിഞ്ഞതോടെ ഭാര്യക്ക് പനിയടക്കം കടുത്ത ആരോഗ്യ പ്രശ്നങ്ങളുണ്ടായി. തിരൂരങ്ങാടിയിലെ ആശുപത്രിയിൽ ചികിത്സിച്ചെങ്കിലും തലച്ചോറിൽ അണുബാധയുണ്ടെന്ന് പറഞ്ഞ് അവർ മെഡിക്കൽ കോളജിലേക്ക് റഫറൻസ് നൽകി. മെഡിക്കൽ കോളജിൽ ചികിത്സ തുടങ്ങിയെങ്കിലും മൂന്നാംനാൾ ഷിജിത മരിച്ചു. ഈ സമയമൊന്നും നിപയാണെന്ന് അറിഞ്ഞിരുന്നില്ല. നിരവധിയാളുടെ സാന്നിധ്യത്തിലാണ് അന്ന് സംസ്കാരം നടന്നത്.
പിന്നീട് ദിവസങ്ങൾക്കുള്ളിൽ ഉബീഷിനും സമാന ആരോഗ്യ പ്രശ്നമുണ്ടായി മെഡിക്കൽ കോളജിലെത്തി. ഇതിനിടെയാണ് സംസ്ഥാനത്താദ്യമായി നിപ സ്ഥിരീകരിക്കുന്നത്. സംശയമുയർന്നതോടെ നടത്തിയ പരിശോധനയിൽ ഉബീഷിന് വൈറസ് ബാധ കണ്ടെത്തി.
നിപ ബാധിതർ ഓരോരുത്തരായി മരണപ്പെട്ടതോടെ ബന്ധുക്കളും ഭാര്യയുടെ സംസ്കാര ചടങ്ങിൽ പങ്കെടുത്ത നാട്ടുകാരുമെല്ലാം ആശങ്കയിലായി. നഴ്സ് ലിനി ഉൾപ്പെടെ മരിക്കുന്നത് ഇക്കാലത്താണ്. അതിനിടെ നഴ്സിങ് വിദ്യാർഥിനി മൂടാടിയിലെ അജന്യക്കും രോഗം സ്ഥിരീകരിച്ചു. ദിവസങ്ങൾ നീണ്ട ചികിത്സക്കൊടുവിലാണ് ഇരുവരും ജീവിതത്തിലേക്ക് മടങ്ങിവന്നത്.
ആദ്യഘട്ടത്തിൽ മെഡിക്കൽ കോളജിലെ അധികൃതർപോലും തന്നെ ഭയത്തോടെയാണ് കണ്ടതെങ്കിലും ചികിത്സിച്ച ഡോ. ചാന്ദ്നി അടക്കമുള്ളവർ അടുത്തിടപഴകിയെന്നും വലിയ മനോധൈര്യം പകർന്നെന്നും ഉബീഷ് ഓർക്കുന്നു. ഒരുതവണയാണ് വിദേശത്തുനിന്ന് കൊണ്ടുവന്ന മരുന്ന് ഇദ്ദേഹത്തിന് നൽകിയത്. രോഗം മാറിയിട്ടും മൂന്നാഴ്ച മെഡിക്കൽ കോളജിലും രണ്ടാഴ്ച വീട്ടിലും ക്വാറന്റീനിൽ കഴിഞ്ഞശേഷമാണ് ഉബീഷ് പുറത്തിറങ്ങിയത്. പുനർവിവാഹിതനായി എറണാകുളത്ത് താമസിക്കുന്ന ഉബീഷിപ്പോൾ സ്വകാര്യ ബാങ്കിലാണ് ജോലിചെയ്യുന്നത്.
-
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.