അറബിക്കടലിലെ അലമാലകളിൽ ഡൊമിനിക് ആശാന്റെ നീന്തൽ പഠനം
text_fieldsകൊച്ചി: ‘‘ആർത്തലച്ചു വരുന്ന തിരമാലകളാണ് ചുറ്റും, ആദ്യമായി കടലിലേക്കിറങ്ങുന്നവർ പോലുമുണ്ട് കൂട്ടത്തിൽ. നന്നായി ശ്രദ്ധിച്ചില്ലെങ്കിൽ വലിയ അപകടം തന്നെ വിളിച്ചുവരുത്തിയേക്കാം. കാത്തോളണേ, നാഥാ’’ ഓരോ തവണ കടലിലേക്ക് ശിഷ്യന്മാരുമായി നീന്തൽ പരിശീലനത്തിനിറങ്ങുമ്പോഴും ആകാശത്തേക്കുനോക്കി ഒന്നു പ്രാർഥിച്ചിട്ടേ ഡൊമിനിക് സിമേന്തി എന്ന ഡൊമിനിക് ആശാൻ തുടങ്ങൂ.
ഇന്നും ഇന്നലെയുമല്ല, വർഷങ്ങളായി പുതുവൈപ്പ് ലൈറ്റ് ഹൗസിനടുത്ത് വൈപ്പിൻ ബീച്ചിൽ നീന്തൽ പരിശീലനത്തിലാണ് ഇദ്ദേഹം. ജീവിക്കാനായി കൊച്ചി നഗരത്തിൽ ഓട്ടോറിക്ഷ ഓടിക്കുന്ന ഡൊമിനിക് നീന്തൽ മാത്രമല്ല, വൈപ്പിൻ ബീച്ച് ക്ലബ് എന്ന കൂട്ടായ്മയിലൂടെ കുട്ടികൾക്കും ചെറുപ്പക്കാർക്കുമെല്ലാം ബോഡി ഫിറ്റ്നസ് പരിശീലനവും നൽകുന്നു. 56ാം വയസ്സിലും ശാരീരികമായി ഫിറ്റ് ആൻഡ് സ്ട്രോങ് ആണ് ഈ മനുഷ്യൻ.
2015ൽ മക്കളായ സ്റ്റ്യുവർട്ട് ജോസഫിനും സ്റ്റെവിൻ ജോസഫിനും നീന്തൽ പഠിപ്പിച്ചാണ് ബോൾഗാട്ടി സ്വദേശിയായ ഡൊമിനിക്കിന്റെ തുടക്കം. അടുത്ത വർഷം മുതൽ ചെറിയ തോതിൽ പരിശീലനം തുടങ്ങിയെങ്കിലും പഠിതാക്കൾ കുറവായിരുന്നു. കടലായതിനാൽ പലരും പേടിച്ച് മാറിനിന്നു. എന്നാൽ, പിന്നീട് ചെറുതും വലുതുമായി നിരവധിപേർ ആശാന്റെ കൈപിടിച്ച് അറബിക്കടലിൽ നീന്താനിറങ്ങി. ഇന്ന് 200ഓളം കുട്ടികളുൾപ്പെടെ 500ലേറെപ്പേർ ഇദ്ദേഹത്തിൽനിന്ന് കടലിൽ നീന്താൻ പഠിച്ചവരാണ്.
നീന്താനിറക്കുന്നതിനുമുമ്പ് കടലിന്റെ സ്വഭാവമെന്താണെന്നും എങ്ങനെയെല്ലാം കടലിൽ സ്വയം പ്രതിരോധം തീർക്കണമെന്നുമുള്ള കാര്യങ്ങളാണ് ഡൊമിനിക് പഠിപ്പിക്കുന്നത്. ലൈഫ് ബോയ ഉൾപ്പെടെ സുരക്ഷാ സംവിധാനങ്ങളുപയോഗിച്ചാണ് പരിശീലനം. കൊച്ചി ബോൾഗാട്ടി ദ്വീപിൽ താമസിക്കുന്ന ഇദ്ദേഹം നിത്യേന വെളുപ്പിന് തന്റെ ഓട്ടോയുമെടുത്ത് എട്ടുകിലോമീറ്റർ സഞ്ചരിച്ച് ബീച്ചിലെത്തി പരിശീലനം തുടങ്ങും. രാവിലെ ആറുമുതൽ എട്ടുവരെയാണ് ക്ലാസ്. ശനിയും ഞായറും ഇത് ഒമ്പതും പത്തും മണിവരെ നീളും. ആസ്വദിച്ച് നീന്തിയാൽ മറ്റേത് ജലാശയത്തിലും നീന്തുന്നതിനെക്കാൾ രസകരമാണ് കടലിലെ നീന്തലെന്ന് ഡൊമിനിക് പറയുന്നു.
ബീച്ചും പരിസരവും സുന്ദരമാക്കി ക്ലൈംബിങ് നെറ്റ് ഉൾപ്പെടെ ബീച്ച് സ്പോർട്സ് ആക്ടിവിറ്റികളും സജ്ജീകരിച്ചിട്ടുണ്ട്. കൂടാതെ, ഓട്ടവും ചാട്ടവും പരിശീലിപ്പിച്ച് ശിഷ്യരെ ഫിറ്റാക്കുകയാണ് ഈ കോച്ച്. ക്ലബിന്റെ പ്രവർത്തനങ്ങൾക്കായി പുറത്തുനിന്ന് വരുന്ന സാമ്പത്തികമായി ഭേദപ്പെട്ട കുട്ടികളിൽനിന്ന് മാത്രമേ ഫീസ് ഈടാക്കുന്നുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു. വീട്ടമ്മയായ റിൻസിയാണ് ഭാര്യ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.