അറബിക് അധ്യാപകനിൽനിന്ന് ലോഗോ മാഷിലേക്ക്
text_fieldsതിരൂർ: അറബിക് അധ്യാപകനിൽനിന്ന് ലോഗോ രൂപകൽപനയിൽ നേട്ടങ്ങൾ കൈവരിച്ച് മുന്നേറുകയാണ് തിരൂർ സ്വദേശിയായ അസ്ലം. ലോഗോ രൂപകൽപനയിൽ ഇതിനോടകം സെഞ്ച്വറിയും പിന്നിട്ടിരിക്കുകയാണ് തുമരക്കാവ് എ.എൽ.പി സ്കൂൾ അറബിക് അധ്യാപകനായ അസ്ലം.
22 വർഷത്തെ അധ്യാപന ജീവിതത്തിനിടെ ലോഗോ രൂപകൽപനയിൽ സംസ്ഥാനതലത്തിൽതന്നെ മികവ് തെളിയിച്ചുകഴിഞ്ഞു. അധ്യാപകർക്കിടയിലും കൂട്ടുകാർക്കിടയിലും ‘ലോഗോ മാഷ്’ എന്നാണ് അറിയപ്പെടുന്നത്.
2010ൽ കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ സംസ്ഥാന സമ്മേളനത്തിന് അസ്ലം രൂപകൽപന ചെയ്ത ലോഗോ തെരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ വർഷം യൂനിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നടന്ന 38ാമത് ഓൾ കേരള ടെക്നിക്കൽ ഹൈസ്കൂൾ അത്ലറ്റിക് മീറ്റിന്റെ ലോഗോയോടെ സെഞ്ച്വറിയും കടന്നു.
സംസ്ഥാന കലോത്സവങ്ങൾക്കും സംസ്ഥാന കായികോത്സവത്തിനും ദേശീയ സ്കൂൾ ഗെയിംസിനും ഉൾപ്പെടെ നിരവധി ലോഗോകൾ രൂപകൽപന ചെയ്തു. തിരുവനന്തപുരത്തു നടന്ന പ്രഥമ കേര ഗെയിംസിന്റെ ലോഗോയും ഇദ്ദേഹത്തിന്റേതാണ്. 115ലധികം ലോഗോകൾ ഇതിനകം തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
ചിത്രരചനയിലും ഗാനരചനയിലും വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. വർഷാവസാനം ക്യാമ്പ് നടത്തി കുട്ടികൾ വരച്ചവയിൽനിന്ന് മികച്ച ഒരു ഡസൻ ചിത്രങ്ങളുപയോഗിച്ച് വിദ്യാലയത്തിൽ ഒരു ആർട്ട് ഗാലറി അസ്ലമിന്റെ നേതൃത്വത്തിൽ തുടങ്ങിയത് കഴിഞ്ഞ വർഷമാണ്. നാലാംതരം വരെയുള്ള ഒരു പ്രാഥമിക വിദ്യാലയത്തിൽ, സംസ്ഥാനതലത്തിൽതന്നെ കുട്ടികൾ വരച്ച ചിത്രങ്ങളുപയോഗിച്ച് തയാറാക്കിയ ആദ്യ ആർട്ട് ഗാലറിയാണിത്. കോവിഡ് കാലത്തിനു മുമ്പും ശേഷവുമായി മൂന്നു വർഷങ്ങളിലും വിദ്യാലയത്തിൽനിന്ന് നാലാം തരം കഴിഞ്ഞുപോകുന്ന മുഴുവൻ കുട്ടികളുടെയും ഛായചിത്രങ്ങൾ വരച്ച് കുട്ടികൾക്ക് സമ്മാനമായി നൽകിയ വാർത്ത വൈറലായിരുന്നു. കോവിഡ് കാലത്ത് വിക്ടേഴ്സ് ചാനലിലൂടെ ഒന്നാം തരത്തിലെ കുരുന്നുകൾക്കു വേണ്ടി ക്ലാസുകൾ അവതരിപ്പിക്കുകയും ചെയ്തിരുന്നു. പാഠപുസ്തകങ്ങൾക്കു വേണ്ടിയും ചിത്രങ്ങൾ വരച്ചിട്ടുണ്ട്. ഭാര്യ: ശബ്ന മെഹ്റ. മകൻ: ജസീം അസ്ലം. മരുമകൾ: ഹിദായ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.