99ന്റെ നിറവിലും അധ്യാപനം വിടാതെ കൃഷ്ണനുണ്ണി
text_fieldsആനക്കര: വഴിതെറ്റുന്ന യുവത്വങ്ങള്‍ക്ക് മാര്‍ഗദീപമായി അനാരോഗ്യത്തിന്റെ പിടിയിലും അധ്യാപനം വിടാതെ കൃഷ്ണനുണ്ണി നായര്‍. നൂറ് വയസ്സ് തികയാന്‍ മാസങ്ങള്‍ മാത്രം ബാക്കി നിൽക്കെ അക്ഷരങ്ങളുടെ പടനായകത്വം വഹിക്കുകയാണ് ഇദ്ദേഹം. തൃത്താല പുറവൂര് കൃഷ്ണനുണ്ണി നായര്‍ 1949 മുതല്‍ മലമല്‍ക്കാവ് എ.യു.പി സ്കൂളിലെ പ്രഥമ പ്രധാനാധ്യാപകനായിരുന്നു. 1982ലാണ് ഇവിടെനിന്ന് വിരമിച്ചത്. വിരമിച്ച ശേഷം തൃത്താലയില്‍ തുടങ്ങിയ സ്വകാര്യ ട്യൂഷന് സെന്ററായ മാസ്റ്റേഴ്സിലും അക്ഷരവെളിച്ചം പകർന്നു.
അധ്യാപക ദിനത്തിന്റെ തലേന്നും ഇവിടെ കുട്ടികള്‍ക്ക് അറിവ് പകരുകയാണ് മാഷ്. കുടുംബത്തില്‍ മക്കളും മരുമക്കളും പേരകുട്ടികളുമടക്കം 12 പേര് അധ്യാപകരാണ്. ഇതില്‍ പലരും വിരമിച്ചു. അധ്യാപകര്‍ നല്കുന്ന മഹത്തായ സേവനത്തിന്റെ അംഗീകാരവും അതിനെ കുറിച്ചുള്ള അവബോധവും കാലോചിതമായ മാറ്റങ്ങളെക്കുറിച്ചുള്ള ഉദ്ബോധനങ്ങളുമെല്ലാം നല്കി ഇവരെയെല്ലാം അധ്യാപകരാക്കുന്നതില് കൃഷ്ണനുണ്ണി നായര്‍ മുന്നില്‍ നിന്നു. ഭാര്യ: അംബിക അമ്മ. മക്കള്‍: ഗീത, വിജയകൃഷ്ണന്, ഷീല, മധു (നാലുപേരും അധ്യാപകര്‍), ഉണ്ണികൃഷ്ണന്, മോഹനനന്‍ (ഇരുവരും മുംബൈയിൽ ബിസിനസ്). മരുമക്കള്‍: രമണി (അധ്യാപിക, മുംബൈ), ശ്യാമള (അധ്യാപിക, മുംബൈ), ശ്രീലത (അധ്യാപിക മലമല്‍ക്കാവ് യു.പി സ്കൂള്‍), വിശ്വനാഥന്, ശ്രീധരകുമാര്‍, തുഷാര. മൂത്തമകള്‍ ഗീതയുടെ മക്കളായ നവമി, നവനീത് എന്നിവരും അധ്യാപകരാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.