ഭൂമിക്കാരനായ എന്‍റെ ഗുരുനാഥൻ
text_fieldsനൂറിലേറെ വിദേശ യാത്രകൾ, നാൽപതോളം രാജ്യങ്ങൾ. പക്ഷെ, കന്യാകുമാരി പിന്നീടൊന്നു നേരിൽ -അടുത്തുചെന്ന് - കാണുവാൻ എനിക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. പ്രത്യേകിച്ച് കുടുംബത്തോടൊപ്പം. പുന്നപ്ര എൻ.എസ്.എസ് യു.പി സ്കൂളിൽ ഞാൻ പഠിച്ച കാലം, 1969 -'72. കേരളത്തിൽ അയൽക്കൂട്ട പ്രസ്ഥാനത്തിെൻറ ഉപജ്ഞാതാവും, ദർശനം പത്രാധിപരും, പരസ്പരാശ്രിതത്വത്തിെൻറ അതിരുകളില്ലാത്ത ലോകം സ്വപ്നം കണ്ട മനുഷ്യ സ്നേഹിയും ഗാന്ധിയനുമായിരുന്ന ഡി പങ്കജാക്ഷ ക്കുറുപ്പു സാർ അന്ന് അവിടെ അധ്യാപകനായിരുന്നു. ഖദർ ഹാഫ് കൈ ഷർട്ടും തോർത്ത്പോലത്തെ ഷാളും ധരിച്ച തികഞ്ഞ ഗാന്ധിയൻ. ലാളിത്യത്തിെൻറ പര്യായമായിരുന്നു കുറുപ്പ് സാർ. സാറിെൻറ ശിഷ്യനായിരുന്നു എന്നത് ഇന്നും അഭിമാനം കലർന്ന ഓർമ്മയാണ്. ചരിത്രവും സാമൂഹ്യ ശാസ്ത്രവുമാണ് കുറുപ്പ് സാർ പഠിപ്പിച്ചിരുന്നത്.
പഠന വിഷയത്തിനപ്പുറം കുട്ടികളിൽ ദേശീയതയും സാമൂഹ്യ ബോധവും മാനവികതയും ഒട്ടനവധി നന്മകളും കുറുപ്പ് സാർ പകർന്ന് തന്നു. ഏതെങ്കിലും കാരണത്തിന് കുട്ടികളെ ശാസിക്കേണ്ടി വന്നാൽ, സ്റ്റാഫ് റൂമിൽ ബ്രേക്ക് ടൈമിൽ പോയിരുന്ന് കണ്ണീർ പൊഴിക്കും. കുട്ടിയുടെ കുടുംബ സാഹചര്യം അറിഞ്ഞ് അവരുടെ വിഷമതകളിൽ പങ്കു ചേരും. ദേശീയ അധ്യാപക അവാർഡു ജേതാവായിരുന്ന കുറുപ്പ് സാർ ഒരധ്യാപകനെന്ന നിലയിൽ മാതൃക തന്നെയായിരുന്നു.
കഞ്ഞിപ്പാടത്തു നിന്നും പുന്നപ്രയിലെ സ്കൂളിലേക്ക് ചെറിയ തോണിയിൽ അദ്ദേഹം വന്നിരുന്നത് എെൻറ ഓർമ്മയിലുണ്ട്. സ്കൂളിൽ നിന്നും നൂറ് മീറ്റർ അടുത്തുവരെ അന്ന് തോണിയിൽ എത്താമായിരുന്നു. പിന്നീട് യാത്ര സൈക്കിളിൽ ആക്കി. ആരോഗ്യം അനുവദിച്ച കാലത്തോളം സൈക്കിളായിരുന്നു കുറുപ്പ് സാറിെൻറ വാഹനം.
ഞാൻ ആറാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് ആ വർഷത്തെ സ്കൂൾ വിനോദയാത്രയുടെ അറിയിപ്പ് ക്ലാസ് ടീച്ചർ നൽകുന്നത്. ഇത്തവണ കന്യാകുമാരിയിലേക്കാണ് യാത്ര. സ്വാമി വിവേകാന്ദെൻറ കന്യാകുമാരി, ഇന്ത്യയുടെ തെക്കേ മുനമ്പ് .ഏതൊരാൾക്കും, പ്രത്യേകിച്ച് വിദ്യാർത്ഥികൾക്ക് കന്യാകുമാരിയിൽ പോവുക എന്നത് ഒരു സ്വപ്നമാണല്ലോ. യാത്രക്ക് സ്കൂളിൽ 12 (പന്ത്രണ്ട്) രൂപ നൽകണം. രണ്ടാഴ്ച സമയവും തന്നിട്ടുണ്ട്. അടുത്ത ക്ലാസ് കുറുപ്പ് സാറിേൻറതായിരുന്നു. കുറുപ്പ് സാറിെൻറ അന്നത്തെ ക്ലാസ്സിൽ പതിവിനു വിപരീതമായി ഞാനല്പം അശ്രദ്ധനായത് അദ്ദേഹം മനസ്സിലാക്കി.
"കമാലെ, എന്ത് പറ്റി കുഞ്ഞേ", ഞാൻ പറഞ്ഞു "ഒന്നുമില്ല സാറെ…." നീ ഇൻറർവെൽ ടൈമിൽ സ്റ്റാഫ് റൂമിൽ വരണം. അപ്രകാരം ഇൻറർവെൽ ടൈമിൽ ഞാനവിടെ ചെന്നു. ചാരെ നിർത്തി ചോദിച്ചു എന്താ പ്രശ്നം? ക്ലാസ്സിൽ നീ ശ്രദ്ദിച്ചില്ലല്ലോ . പറയെടാ കുഞ്ഞേ... ആർദ്രമായ സ്വരം ഇപ്പോഴും കാതിലുണ്ട്. ലജ്ജ അൽപ സമയം എന്നെ വിട്ടു പോയി. ഞാൻ പറഞ്ഞു: സാർ എനിക്ക് കന്യാകുമാരിയിൽ എസ്കർഷൻ പോകാൻ ആഗ്രഹമുണ്ട്, …വീട്ടിൽ പറഞ്ഞോ. ഇല്ല . വീട്ടിൽ പറഞ്ഞാൽ നടക്കില്ല. (അക്കാലത്തേ നാട്ടിലെ അറിയപ്പെടുന്ന കുടുംബമാണെങ്കിലും ഭൂസ്വത്തുക്കളുണ്ടെങ്കിലും നാട്ടിലെ ദാരിദ്ര്യം ഒരു പരിധിവരെ വീട്ടിലുമുണ്ട്).
സാറിനോട് ഞാൻ പറഞ്ഞു, "സാർ, വാപ്പയുടെ പലചരക്ക് കടയിൽ കൂട് ഒട്ടിച്ചുകൊടുത്ത വകയിൽ ഏഴ് രൂപ എെൻറ കൈവശമുണ്ട്, ഇനി അഞ്ചു രൂപ കൂടി വേണം. അത് കിട്ടില്ല. അതിനാൽ എക്സർഷന് പോകാനാവില്ല". ഉടനെ സാറിെൻറ മറുപടി : "ഞാൻ തരാം അഞ്ചു രൂപ. നീ മാസാവസാനം എന്നെ സ്റ്റാഫ് റൂമിൽ വന്ന് കാണണം". എെൻറ സന്തോഷം പറഞ്ഞറിയിക്കുവാൻ കഴിയില്ലായിരുന്നു.വീട്ടിലേക്ക് നടക്കുമ്പോൾ വരാനിരിക്കുന്ന കന്യാകുമാരി യാത്രയുടെ ആഹ്ലാദം മനസ്സിൽ തിരയടിക്കുകയായിരുന്നു. വീട്ടിൽ എങ്ങനെ അവതരിപ്പിക്കും എന്നതായിരുന്നു പ്രശ്നം. കന്യാകുമാരിക്ക് പോകാനൊന്നും വീട്ടിൽ നിന്നും സമ്മതിക്കില്ല. വാപ്പയുടെ അനുവാദത്തിനുള്ള ഏക റെക്കമെൻഡേഷൻ ഉമ്മ മാത്രമാണ്.
സ്കൂൾ കഴിഞ്ഞു വീട്ടിൽ വന്ന് ഉമ്മയോട് വിവരം പറഞ്ഞു. ഉമ്മ പറഞ്ഞു "നാണക്കേടാണല്ലോ ഈ കാട്ടിയത്", ഞാൻ കേൾക്കാത്ത പോലെ നിന്നു. രാത്രി കടയടച്ച് വീട്ടിൽ വന്ന വാപ്പയോട് മനസ്സില്ലാമനസ്സോടെ ഉമ്മ കാര്യം അവതരിപ്പിച്ചു. രാത്രി ഏറെ വൈകിയത് കൊണ്ട് തല്ല് കിട്ടിയില്ല , പക്ഷെ അതിനേക്കാളേറെ ശകാരം കിട്ടി. ഞാൻ സങ്കടം ഉള്ളിൽ ഒതുക്കി. പിന്നെ ഞാൻ ആരോടും ഇതേക്കുറിച്ചു ഒന്നും പറഞ്ഞില്ല. കന്യാകുമാരിയാത്ര മനസ്സിൽത്തന്നെ വിങ്ങലോടെ ഉപേക്ഷിച്ചു.
അടുത്ത മാസം ഒന്നാം തീയതി കുറുപ്പ് സാർ സ്റ്റാഫ് റൂമിലേക്ക് വിളിപ്പിച്ചു. ഞാൻ ഭയന്നാണ് ചെന്നത്, കാര്യം മനസ്സിലായില്ല. കന്യാകുമാരി യാത്ര ഞാൻ പോലും മറന്നിരുന്നു. ചെന്നപ്പോഴേ മേശ തുറന്ന് അഞ്ചു രൂപയുടെ 100 നോട്ടുകളുടെ കെട്ട് എടുത്തു. ശമ്പളം കിട്ടിയതാണ്. പച്ച നോട്ടുകൾ. മേലെ നിന്നും ഒരെണ്ണം എടുത്തു എെൻറ നേരേ നീട്ടി, കന്യാകുമാരിയിലേക്കുള്ള യാത്രക്കായി സർ വാക്ക് പാലിച്ചു. കണ്ണ് നിറഞ്ഞു പോയി. ഞാനൊന്നും ചിന്തിച്ചില്ല . അതങ്ങ് വാങ്ങി, വീട്ടിൽ പറഞ്ഞില്ല. കയ്യിലെ സമ്പാദ്യവുമെടുത്ത് പിറ്റേ ദിവസം തന്നെ 12 രൂപ അടച്ചു. ഞാൻ അന്നത്തെ സ്വപ്ന ഭൂമിയായ കന്യാകുമാരിയെ ആദ്യമായി കണ്ടു.
കാലം കഴിഞ്ഞു. സ്കൂൾ വിദ്യാഭ്യാസം കഴിഞ്ഞു. വീട്ടിലും നാട്ടിലും കുട്ടികളെ ട്യൂഷൻ പഠിപ്പിക്കുവാൻ തുടങ്ങി. കോളേജ് വിദ്യഭ്യാസത്തിനു ശേഷം പിന്നെയും 3 വർഷം പൊതുജീവിതത്തോടൊപ്പം വരുമാനമാർഗത്തിന്നായി അധ്യാപക റോളിൽ തുടർന്നു. പിന്നെ വിദേശ വാസവും ജോലിയും. അമേരിക്കൻ ആർമിയിൽ വരെ ജോലി ചെയ്യുവാൻ കഴിഞ്ഞു. ശേഷം കഴിഞ്ഞ 27 വർഷമായി നാട്ടിൽ ബിസിനസ്സും, പൊതു ജീവിതവും. നാൽപ്പതോളം രാജ്യങ്ങൾ സന്ദർശിച്ചു. പക്ഷെ പോയ പല സ്ഥലങ്ങളും പല തവണ വീണ്ടും സന്ദർശിച്ചു. നൂറോളം തവണ വിദേശ യാത്രകൾ ചെയ്യുവാനുള്ള അവസരം ലഭിച്ചു.
പക്ഷേ, കന്യാകുമാരിയിലേക്ക് ആഗ്രഹം ഉണ്ടായിട്ടും പിന്നീടൊരിക്കലും നേരിട്ട് ഒന്നുകൂടി പോകുവാൻ കഴിഞ്ഞിരുന്നില്ല. 2004 ൽ സെപ്തംബർ മാസം 18 ന് സുഹൃത്തുക്കളുമായി ശ്രീലങ്കയിലേക്ക്. നെടുമ്പാശ്ശേരിയിൽ നിന്നും ശ്രീലങ്കൻ എയർലൈൻസിൽ ടേക്ക് ഓഫ്കഴിഞ്ഞ് ഏതാനും മിനുട്ടുകൾ കഴിഞ്ഞപ്പോൾ ഫ്ലൈറ്റ് അൽപ്പം താണ് വലത്തോട്ട് ചരിച്ചു കൊണ്ട് പൈലറ്റിൻറെ വക അനൗൺസ്‌മെന്റ്. " ഓൺ യുവർ റൈറ്റ് സൈഡ് യു ആർ സീയിങ് ദി വിവേകാനന്ദ റോക്ക്" ഞാൻ അങ്ങോട്ട് സാകൂതം നോക്കി.
33 സംവൽസരങ്ങൾക്കുശേഷം വീണ്ടും ഒരിക്കൽ കൂടി കന്യാകുമാരിയും വിവേകാനന്ദപ്പാറയും ആകാശത്തു നിന്നും കാണുവാൻ കഴിഞ്ഞ നിമിഷങ്ങൾ. വിവേകാനന്ദപ്പാറയുടെ പരിസരത്തു അപ്പോൾ സ്വാമി വിവേകാന്ദനെ പ്പോലെയെന്നോണം ആകാരമുള്ള എെൻറ കുറുപ്പ് സാർ കൈവീശുന്നതു പോലെ തോന്നി."കമാലേ " എന്ന വിളി ഞാൻ കേട്ടു. വിമാനം കൊളോമ്പോയിൽ ലാൻഡ് ചെയ്തു, അര മണിക്കൂറിനകം എയർപോർട്ടിൽ നിന്നും പുറത്തു വന്നു. നാട്ടിലേക്ക് സുഹൃത്തിനെ വിളിച്ചു, എത്തിയ വിവരം പറഞ്ഞു. അപ്പുറത്തു നിന്നും ഒരു വാർത്ത. നമ്മുടെ കുറുപ്പ് സാർ മരണപ്പെട്ടു.
എനിക്ക് വിശ്വസിക്കാനായില്ല. പതിറ്റാണ്ടുകൾക്ക് മുമ്പ് സാറിെൻറ അഞ്ചു രൂപയുടെ കൂടി സഹായത്താൽ ഞാൻ കണ്ട കന്യാകുമാരി വീണ്ടുമെരിക്കൽ ഗഗനദർശനം നടത്തുന്ന നിമിഷങ്ങളിൽ, അതെ എന്നെ കൈ കാട്ടിയതായി തോന്നിയ നിമിഷങ്ങളിൽ സാറിെൻറ ആത്മാവ് ആകാശത്തിന്റെ അനന്തവിഹായിസ്സിലേക്ക് ഉയർന്നത് പോലെ ... കുറെ നേരം കണ്ണീർ പൊഴിച്ചു. തിരികെ നാട്ടിൽ എത്തി ലഗേജ് വീട്ടിൽ വച്ച് വേഷം മാറി. നേരെ പോയത് കഞ്ഞിപാടത്തേക്ക്.അഗ്നി ആവാഹിച്ച ആ തിരു ശേഷിപ്പുകൾക്ക് മുന്നിൽ ഞാൻ നിശബ്ദനായി നിന്നു.
പങ്കജാക്ഷ ക്കുറുപ്പു സാർ തുടക്കം കുറിച്ച അദ്ദേഹത്തിന്റെ പുത്രൻ ഡോ. രാധാകൃഷ്ണൻ ഇപ്പോൾ നേതൃത്വം കൊടുക്കുന്ന അയൽക്കൂട്ട പ്രസ്ഥാനത്തോടും ദർശനത്തോടു മൊപ്പം ഇന്നും ചേർന്നു പ്രവർത്തിക്കുന്നുണ്ട് പക്ഷെ ആ അഞ്ചു രൂപക്ക് തുല്യമായി ഒന്നും തിരികെ നൽകുവാൻ ഇതുവരെ എനിക്ക് കഴിഞ്ഞിട്ടില്ല. അന്നത്തെ അഞ്ചു രൂപയ്ക്ക് തുല്യമായ വിലയുള്ള ഒരു അഞ്ചു രൂപ എനിക്ക് ഇതുവരെ കാണുവാൻ കഴിഞ്ഞില്ല.. ഈ അധ്യാപക ദിനത്തിൽ ആ പാവന സ്മരണയ്ക്ക് മുമ്പിൽ ഒരായിരം അശ്രുപുഷ്പങ്ങൾ അർപ്പിക്കട്ടെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.