രണ്ടു പതിറ്റാണ്ട്, ഇരുട്ടിനെ വെളിച്ചമാക്കി പഴനിയപ്പന്റെ അധ്യാപന സപര്യ
text_fieldsപട്ടാമ്പി: കാഴ്ച പരിമിതിയെ ആർക്കുമുന്നിലും തലകുനിക്കാനുള്ളതല്ലെന്ന് ഉറക്കെപ്പറഞ്ഞ് പഴയനിയപ്പൻ അധ്യാപനസപര്യ തുടരുകയാണ്, രണ്ടു പതിറ്റാണ്ടുംകടന്ന്. നിശ്ചയദാർഡ്യത്താൽ അന്ധതയെ തോൽപിക്കുന്ന കൊല്ലങ്കോട്ടുകാരനായ പഴനിയപ്പൻ കുട്ടികളുടെ പ്രിയങ്കരനായ അധ്യാപകനാണ്. 2001 ജൂണിൽ നടുവട്ടം ഗവ. ജനത ഹൈസ്കൂളിൽ സാമൂഹ്യശാസ്ത്രം അധ്യാപകനായി ചേർന്ന പഴനിയപ്പൻ ഹയർ സെക്കൻഡറിയിലേക്ക് സ്ഥാനക്കയറ്റം നേടി നടുവട്ടത്തുതന്നെ തുടരുന്നു. കൊല്ലങ്കോട് ചിന്ന തമ്പിയുടെയും സുന്ദരാംബാളിന്റെയും അഞ്ചു മക്കളിൽ മൂത്തവനാണ് ജന്മനാ അന്ധനായ പഴനിയപ്പൻ. കോട്ടപ്പുറം ഹെലൻ കെല്ലർ സെന്റിനറി മോഡൽ സ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. കൊല്ലങ്കോട് രാജാസ് ഹൈസ്കൂളിൽ നിന്ന് എസ്.എസ്.എൽ.സി നേടി. പാലക്കാട് വിക്ടോറിയ കോളജിൽനിന്ന് പ്രീ ഡിഗ്രി, ഡിഗ്രി, പി.ജിയും കോഴിക്കോട് ഫാറൂഖ് ട്രെയിനിങ് കോളജിൽനിന്ന് ബിഎഡും കരസ്ഥമാക്കി. ആദ്യ നിയമനം നടുവട്ടം ഗവ. ജനത ഹയർ സെക്കൻഡറി സ്കൂളിൽ.
2014 ൽ ഹയർ സെക്കൻഡറിയിലേക്ക് ഉദ്യോഗക്കയറ്റം. 2003ൽ കാളികാവ് സ്വദേശിനി രാജേശ്വരിയെ ജീവിതസഖിയാക്കി. സ്കൂളിലേക്കും തിരിച്ചുമുള്ള യാത്രയിൽ കൈ പിടിച്ച് രാജേശ്വരി വഴി കാണിച്ചു. സുഹൃത്തുക്കൾ വായിച്ച് റിക്കാർഡ് ചെയ്യുന്നത് കേട്ട് പഠിച്ചാണ് പഠിപ്പിച്ചിരുന്നത്. കമ്പ്യൂട്ടറും മൊബൈൽ ഫോണുമാണിപ്പോൾ കൂട്ട്. സ്ക്രീൻ റീഡിങ് സോഫ്റ്റ്വെയറിലൂടെയാണ് എഴുത്തും വായനയും. ഫേസ് ബുക്കും വാട്സ് ആപ്പുമൊക്കെ ഈ സംവിധാനമുപയോഗിച്ചു തന്നെ കൈകാര്യം ചെയ്യുന്നു. സാഹിത്യ-സാംസ്കാരിക പരിപാടികളിലും അധ്യാപക സംഘടനപ്രവർത്തനങ്ങളിലും സ്ഥിര സാന്നിധ്യം. കേരള ഫെഡറേഷൻ ഓഫ് ദ് ബ്ലൈൻഡ് താലൂക്ക് ഭാരവാഹിയാണ്. രണ്ടാം വർഷ ബിരുദ വിദ്യാർഥിനി ജ്വാലയും ഏഴാം ക്ലാസുകാരനായ ഉജ്ജ്വലും മക്കളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.