ഊർജമാണ്, സുരേഷ് മാഷ്
text_fieldsപൂക്കോട്ടുംപാടം: ഭിന്നശേഷിക്കാരായ വിദ്യാർഥികൾക്ക് ഊർജതന്ത്ര പഠനം അനായാസമാക്കാൻ നിരവധി പൊടിക്കൈകളുണ്ട് സുരേഷ് മാഷിന്റെ കൈയിൽ. ‘ശാസ്ത്ര പഠനം കലകളിലൂടെ’ എന്ന ആശയമാണ് നിലമ്പൂർ ഗവ. മാനവേദൻ വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിലെ ഹൈസ്കൂൾ വിഭാഗം ഫിസിക്സ് അധ്യാപകനായ കെ. സുരേഷ് അവതരിപ്പിക്കുന്നത്. ചിത്രങ്ങൾക്ക് കുട്ടികളുമായി കൂടുതൽ എളുപ്പത്തിൽ സംവദിക്കാൻ കഴിയുമെന്നതിനാൽ ചിത്രകഥയിലൂടെയും കാർട്ടൂണിലൂടെയും ശാസ്ത്ര പഠനം രസകരമാക്കാൻ പഠനപദ്ധതി തയാറാക്കി.
കാഴ്ചപരിമിതിയുള്ള വിദ്യാർഥികൾക്ക് പരീക്ഷണ നിരീക്ഷണങ്ങളിലൂടെയുള്ള പഠന രീതി പ്രായോഗികമല്ലാത്തതിനാൽ നിത്യജീവിതവുമായി ബന്ധിപ്പിച്ച് ചെറുകഥകളിലൂടെ അവതരിപ്പിക്കും. പുസ്തകത്തിൽ ക്യൂ.ആർ കോഡ് പതിച്ചിട്ടുള്ളതിനാൽ മൊബൈൽ ഫോൺ ഉപയോഗിച്ച് കുട്ടികൾക്ക് കഥ കേൾപ്പിച്ച് പഠനം സുഖകരമാക്കി. ചെലവ് കുറഞ്ഞ രീതികളിൽ ഒരു സ്പർശന പുസ്തകവും തയാറാക്കി.
കടലാസ് പാവകൾ സംസാരിക്കുന്ന രീതിയിൽ ദൃശ്യങ്ങൾ ഉൾപ്പെടുത്തി വിഡിയോ തയാറാക്കി പഠനം ആയാസകരമാക്കി. മാത്രമല്ല ഗോത്ര വിഭാഗം കുട്ടികൾക്ക് സഹായകരമായ രീതിയിൽ പണിയ ഭാഷയിൽ ഫിസിക്സ് ആശയങ്ങൾ അവതരിപ്പിച്ചു.
ജില്ലയിൽ നിന്ന് മികവ് പുരസ്കാരത്തിന് അർഹത നേടിയ ഏക വിദ്യാലയമാണ് നിലമ്പൂർ ഗവ. മാനവേദൻ ഹൈസ്കൂൾ. ഭിന്നശേഷി വിദ്യാർഥികൾക്കും പഠനത്തിൽ പിന്നാക്കം നിൽക്കുന്നവർക്കും ഊർജതന്ത്ര ആശയ രൂപവത്കരണം എളുപ്പമാക്കാൻ മാഷ് ആവിഷ്കരിച്ച അക്കാദമിക പ്രവർത്തനങ്ങളാണ് സ്കൂളിന് മികവായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.