തൈമൂര്‍ വീണ്ടും കേരളത്തിലേക്ക്; സ്വന്തം വീട്ടിൽ അന്തിയുറങ്ങും
text_fieldsഅജ്മാന്: ഇക്കുറി തൈമൂര്‍ കേരളത്തിലെ സ്വന്തം വീട്ടില്‍ ചെന്നിറങ്ങും. മലയാളി യുവതിയെ വിവാഹം കഴിച്ച പാകിസ്താന് സ്വദേശി തൈമൂര്‍ കേരളത്തില്‍ തന്റെ പിതാവിന്റെ പേരില്‍ പണിത വീട്ടില്‍ അന്തിയുറങ്ങും. കോട്ടയം പുതുപ്പള്ളിയില്‍ ഭാര്യവീടിനു സമീപം തൈമൂറിന്റെ പിതാവ് താരിഖിന്റെ പേരില്‍ പണിത വീട്ടില്‍ താമസിക്കാനും ഓണം ആഘോഷിക്കാനുമായി കഴിഞ്ഞ തവണ ഇദ്ദേഹം ഇന്ത്യന്‍ വിസ സമ്പാദിച്ച് കേരളത്തിലേക്ക് പോയിരുന്നു.
എന്നാല്‍, വീട് നില്ക്കുന്ന പുതുപ്പള്ളി മണ്ഡലത്തില്‍ ഉപ തെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ തൈമൂറിന് ഇവിടേക്ക് പ്രവേശനാനുമതി നല്‍കിയില്ല. തുടര്‍ന്ന് തൃശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂരിൽ ഓണം ആഘോഷിച്ച് മടങ്ങേണ്ടി വന്നു. ശേഷം വീണ്ടും ഇന്ത്യന്‍ വിസക്ക് അപേക്ഷിച്ചു. നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് തൈമൂറിന് വീണ്ടും ഇന്ത്യന്‍ വിസ ലഭിച്ചു. അടുത്ത ദിവസം ഇദ്ദേഹം കേരളത്തിലേക്ക് പോകും.
നാട്ടിലെത്തുന്ന പുതുപ്പള്ളിയുടെ പാകിസ്താന് മരുമകന് ഊഷ്മള സ്വീകരണമാണ് ഭാര്യ ശ്രീജയുടെ വീട്ടുകാര്‍ ഒരുക്കുന്നത്. തടസ്സങ്ങളില്ലാതെ ഇക്കുറി നാട്ടിലെത്തുന്ന തൈമൂര്‍ പിതാവിന്റെ പേരില്‍ പണിത താരിഖ് മന്‍സിലില്‍ പ്രിയതമയോടൊപ്പം താമസമാക്കും. കഴിഞ്ഞ തവണ സ്വന്തം വീട്ടിലെത്താന്‍ കഴിഞ്ഞില്ലെങ്കിലും കേരളത്തിലെ വിവിധ വിനോദ സഞ്ചാരകേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുകയും മഴയും പച്ചപ്പും ആവോളം ആസ്വദിക്കാന്‍ കഴിഞ്ഞതായി തൈമൂർ പറഞ്ഞു.
2005ലാണ് പാക് സ്വദേശിയായ മുഹമ്മദ് തൈമൂര്‍ യു.എ.ഇയിലെത്തുന്നത്. സ്ഥാപനത്തിന്റെ ആവശ്യാർഥം നടത്തുന്ന സന്ദര്‍ശന വേളയിലാണ് ഷാര്‍ജയിലെ ക്ലിനിക്കില്‍ ജോലി ചെയ്തിരുന്ന കോട്ടയം പുതുപ്പള്ളി സ്വദേശിനി ശ്രീജയെ പരിചയപ്പെടുന്നത്. ഇത് പിന്നീട് പ്രണയത്തിലേക്ക് വഴിമാറി.
ഇതിനിടെ ശ്രീജ ഗോപാലിന് യമനില്‍ നഴ്സായി ജോലികിട്ടിപ്പോയെങ്കിലും പ്രണയം തുടർന്നു. ആയിടക്ക് യമനില്‍ യുദ്ധം പൊട്ടിപ്പുറപ്പെട്ടു. ഇതോടെ ഇന്ത്യഗവൺമെന്റ് പൗരന്മാരെ നാട്ടിലെത്തിക്കുന്നതിന്റെ ഭാഗമായി ശ്രീജയും നാട്ടിലെത്തി. വൈകാതെ ശ്രീജ പിതാവും സഹോദരനുമുള്ള യു.എ.ഇയില്‍ വീണ്ടുമെത്തി. തുടർന്ന് ഇരുവരും 2018 ഏപ്രിലില്‍ വിവാഹിതരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.