അധ്യാപനത്തിൽ പുതുവഴി തെളിച്ച കല്ലേരി മാഷിനെ തേടി പുരസ്കാരം
text_fieldsആലുവ: അധ്യാപനത്തിൽ വൈവിധ്യങ്ങൾ ആവിഷ്കരിച്ച ശശിധരൻ കല്ലേരി പുരസ്കാര നിറവിൽ. വർഷങ്ങളായി വിവിധ പ്രവർത്തനങ്ങളിലൂടെ ശ്രദ്ദേയനായ, ഏലൂർ ഫാക്ട് ഈസ്റ്റ് സ്കൂൾ പ്രൈമറി വിഭാഗം അധ്യാപകനായ ശശിധരൻ കല്ലേരിക്കാണ് എൽ.പി വിഭാഗത്തിൽ മികച്ച അധ്യാപകനുള്ള സംസ്ഥാന അവാർഡ്.
കല്ലേരി മാഷ് എന്നറിയപ്പെടുന്ന ഇദ്ദേഹം ഈ അധ്യയനവർഷം കളിവീടും കളിച്ചെപ്പുമായാണ് രംഗത്തെത്തിയത്. കുട്ടികൾക്കും അധ്യാപകർക്കുമായി തയാറാക്കിയ വിവിധ പഠനസാമഗ്രികളാണ് കളിവീടും കളിച്ചെപ്പും ജ്യോതിസും. മലയാളം അക്ഷരം അറിയുകയും എന്നാൽ, വായനയിൽ പ്രയാസം നേരിടുകയും ചെയ്യുന്ന കുട്ടികൾക്കായി തയറാക്കിയ മൊഡ്യൂളാണ് ജ്യോതിസ്. കേരളത്തിലെ വിവിധ ജില്ലകളിൽനിന്ന് ആയിരത്തോളം അധ്യാപകരാണ് ഈ മൊഡ്യൂളുകൾ കൈകാര്യം ചെയ്യുന്നത്.
കഴിഞ്ഞവർഷം വെളിച്ചം എന്ന മൊഡ്യൂൾ എണ്ണൂറോളം അധ്യാപകർ അക്ഷരം ഉറപ്പിക്കുന്നതിനായി ഉപയോഗിച്ചിരുന്നു. ഈവർഷം തന്നെ 25 അക്ഷരകഥകളടങ്ങുന്ന കളിവഞ്ചി എന്ന കഥാകാർഡുകളും കുട്ടികൾക്കായി അദ്ദേഹം തയാറാക്കി. ഓരോവർഷവും മികവാർന്ന നിരവധി നൂതന പഠനസാമഗ്രികൾ തയാറാക്കുന്ന കല്ലേരി മാഷ് കുട്ടികൾക്കായി മൂന്നൂറിലധികം പാട്ടുകളും നൂറോളം കഥകളും ഒരുക്കിയിട്ടുണ്ട്.
അക്കാദമിക, അക്കാദമികേതര മികവുകൾക്ക് 2022ൽ ഇദ്ദേഹത്തിന് ഗുരുശ്രേഷ്ഠ പുരസ്കാരം ലഭിച്ചിരുന്നു. വായന സാമഗ്രികൾ പി.ഡി.എഫ് രൂപത്തിലാക്കി വിവിധ ഗ്രൂപ്പുകളിലൂടെ സൗജന്യമായി അയച്ചുനൽകുകയാണ് പതിവ്. ഏലൂർ പഞ്ചായത്തായിരുന്ന സമയത്ത് വിദ്യാഭ്യാസ പ്രവർത്തനങ്ങളുടെ കോഓഡിനേറ്ററായി പ്രവർത്തിച്ചിരുന്നു. 2003ൽ സൗരോർജ സംവിധാനം ദൃശ്യവത്കരിച്ച് പഠിപ്പിച്ചുകൊണ്ടാണ് പഠന പ്രവർത്തനത്തിന് തുടക്കമിട്ടത്. തുടർന്ന് മാമാങ്കം ദൃശ്യാവിഷ്കാരം നൽകി പഠിപ്പിക്കുകയും സഹപ്രവർത്തകരുടെ സഹകരണത്തോടെ മലയാളം ഭാഷ പരിപോഷണ പരിപാടി നടപ്പാക്കുകയും ചെയ്തു.
നാലാംക്ലാസിലെ കുട്ടികളുമായി ചേർന്ന് പഠനപ്രവർത്തന ഭാഗമായി തയറാക്കിയ രണ്ടപ്പം എന്ന തിരക്കഥ കുട്ടികൾ മാത്രം കഥാപാത്രങ്ങളായ സിനിമയായി. ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ മൂന്നാം ക്ലാസിലെ കുട്ടികൾ തയാറാക്കിയ കൂടുതേടുന്നവർ എന്ന തിരക്കഥ വിവിധ ഭാഷകളിൽ ഹ്രസ്വചിത്രമായി. വിദ്യാരംഗം ആലുവ ഉപജില്ല കോഓഡിനേറ്റർ, വിദ്യാഭ്യാസ ജില്ല കോഓഡിനേറ്റർ, ജില്ല കോഓഡിനേറ്റർ എന്നീ നിലകളിൽ പ്രവർത്തിച്ചു.
2015ൽ മികച്ച വിദ്യാരംഗം കോഓഡിനേറ്റർക്കുള്ള സർക്കാർ പുരസ്കാരവും ലഭിച്ചു. വിദ്യാലയത്തിൽ 40 ഫലവൃക്ഷത്തൈകൾ ഗാന്ധി മരങ്ങൾ എന്നപേരിൽ നട്ടുപരിപാലിച്ചുവരുന്നു. മികച്ചൊരു സാമൂഹിക, ജീവകാരുണ്യ പ്രവർത്തകൻ കൂടെയായ കല്ലേരി മാഷ് ഓൾ കേരള സ്കൂൾ ടീച്ചേഴ്സ് യൂനിയൻ സംസ്ഥാന സെക്രട്ടറിയും ബാലസാഹിത്യകാരനുമാണ്. കടുങ്ങല്ലൂർ പഞ്ചായത്ത് കേന്ദ്രമായ സമന്വയ സർഗവേദി എന്ന ചാരിറ്റി സംഘടനയുടെ സെക്രട്ടറി കൂടിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.