സജേഷ് കൃഷ്ണൻ ദ ബ്ലേഡ് റണ്ണർ
text_fieldsവിധി തളര്‍ത്തിയ ജീവിതത്തിനുമുന്നില്‍ പകച്ചു നില്‍ക്കാതെ ആത്മവിശ്വാസവും തളരാത്ത ധൈര്യവുമായി വെല്ലുവിളികള്‍ നേട്ടമാക്കിയ കഥയാണ് കണ്ണൂർ ജില്ലയിലെ പയ്യന്നൂരുകാരനായ സജേഷ് കൃഷ്ണന് പറയാനുള്ളത്. കേരളത്തിലെ ആദ്യത്തെ ബ്ലേഡ് റണ്ണർ കൂടിയാണ് ഇന്ന് സജേഷ്. കൃത്രിമക്കാലുപയോഗിച്ച് നിരവധി പർവതങ്ങൾ കയറിയിറങ്ങിയ സാഹസികൻ. പാരാ ആംപ്യൂട്ട് ഫുട്ബാളിൽ ഇന്ത്യയെ പ്രതിനിധാനംചെയ്ത കളിക്കാരൻ, ബാഡ്മിന്റൺ താരം തുടങ്ങി മനക്കരുത്തിന്റെ പ്രതീകമായി മാറുകയായിരുന്നു സജേഷ് കൃഷ്ണൻ. ഇന്ന് എറണാകുളം റിസംബിൾ സിസ്റ്റംസ് കമ്പനിയുടെ എച്ച്.ആർ മാനേജറാണ് ഇദ്ദേഹം. പരിമിതികളിൽ തളർന്നുപോകുന്നവർ അറിയണം വെല്ലുവിളികളെ അതിജീവിച്ച ഈ ചെറുപ്പക്കാരന്റെ കഥ.
അപ്രതീക്ഷിത അപകടം
2005ൽ എൻജിനീയറിങ്ങിനു പഠിക്കുമ്പോഴാണ് ബൈക്കപകടത്തിൽ സജേഷിന് ഇടതുകാൽ നഷ്ടമായത്. സുഹൃത്തിന്റെ കൂടെ ബൈക്കില്‍ സഞ്ചരിക്കുമ്പോൾ ടിപ്പര്‍ ലോറി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ചുവീണ സജേഷിന്റെ ഇടതു കാല്‍പാദത്തിലൂടെ ലോറിയുടെ ചക്രങ്ങള്‍ കയറിയിറങ്ങി. ഇടതു കാല്‍പാദം മുറിച്ചുമാറ്റേണ്ടിവരുമെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി.
അവര്‍ ഒന്നുകൂടി പറഞ്ഞു, പാദം മുറിച്ചുമാറ്റിയാലും ജീവിതകാലം മുഴുവന്‍ ക്രച്ചസ് ഉപയോഗിക്കേണ്ടിവരും. കാല്‍മുട്ടിനുതാഴെ മുറിച്ചുമാറ്റിയാല്‍ കൃത്രിമ കാല്‍ പിടിപ്പിച്ചുനടക്കാം. ക്രച്ചസില്‍ ജീവിതകാലം മുഴുവന്‍ നടക്കുന്നതിനേക്കാള്‍ നല്ലത് കൃത്രിമ കാല്‍ വെച്ച് ജീവിതം തിരിച്ചുപിടിക്കാമെന്ന ഉറച്ച തീരുമാനത്താല്‍ ഇടതുകാൽ മുട്ടിനുതാഴെവെച്ച് മുറിച്ചുമാറ്റി. മാസങ്ങളോളം ആശുപത്രിവാസം. ക്രച്ചസില്‍ കൂട്ടുകാരുടെ സഹായത്തോടെ പരീക്ഷകള്‍ എഴുതി. 2008ല്‍ പഠനം പൂര്‍ത്തിയാക്കി. അതിനിടയില്‍ കോയമ്പത്തൂരില്‍ ജോലി ലഭിച്ചു. പിന്നിട് തോട്ടട ഐ.ടി.ഐയില്‍ ഗെസ്റ്റ് ലെക്ചററായി. അതിനിടയില്‍ ബംഗളൂരുവില്‍നിന്ന് കൃത്രിമ കാല്‍വെച്ചുപിടിപ്പിച്ചു.
ദ ചലഞ്ചിങ് വണ്‍സ്
കാർഗിൽ യോദ്ധാവും ഇന്ത്യയുടെ ബ്ലേഡ് റണ്ണറുമായ മേജർ ഡി.പി. സിങ് തുടക്കമിട്ട ‘ദ് ചലഞ്ചിങ് വൺസ്’ എന്ന ഫേസ്ബുക്ക് കൂട്ടായ്മ സജേഷിന്റെയും ഇടമായി. സജേഷിനെപ്പോലെ പല ഭാഗങ്ങളിലെ 1500ലേറെ പേരുടെ കൂട്ടായ്മയായിരുന്നു അത്. കൃത്രിമക്കാലുമായി മാരത്തണിൽ പങ്കെടുക്കുന്ന ചിലരുടെ വിഡിയോ അതിൽ കണ്ടതോടെ മാരത്തൺ ആയി സജേഷിന്റെ സ്വപ്നം.
2015ല്‍ കൊച്ചിയില്‍ നടന്ന സ്‌പൈസ് കോസ്റ്റ് മാരത്തണില്‍ പങ്കെടുക്കാന്‍ ഈ ഫേസ്ബുക്ക് കൂട്ടായ്മയിലെ 20 പേര്‍ക്ക് അവസരം ലഭിച്ചു. അതിലെ ഏക മലയാളിയായിരുന്നു സജേഷ്. ഈ ആവശ്യത്തിനാണ് പോകുന്നതെന്ന് വീട്ടില്‍ പറയാതെ കൊച്ചിയിലേക്ക് വണ്ടികയറി. മാരത്തണില്‍ 48 മിനിറ്റുകൊണ്ട് അഞ്ച് കിലോമീറ്റര്‍ പൂര്‍ത്തിയാക്കി. കൃത്രിമ കാലുമായി മാരത്തണില്‍ പങ്കെടുക്കുന്ന മലയാളി എന്ന ചരിത്രത്തിലേക്കാണ് സജേഷ് അന്ന് ഓടിക്കയറിയത്. ആദ്യ മത്സരത്തില്‍ ആ സമയത്തിനുള്ളില്‍ അത്രദൂരം ഓടി എന്നത് വലിയ നേട്ടമായിരുന്നു. ആ മാരത്തണ്‍ നല്‍കിയ ആത്മവിശ്വാസം ലോകം കീഴടക്കിയതിന് തുല്യമായിരുന്നെന്ന് സജേഷ് പറയുന്നു.
പ്രതീക്ഷയോടെ മുന്നോട്ട്
പല മത്സരങ്ങളിലും സജേഷ് പങ്കെടുത്തു. 2016ല്‍ കോഴിക്കോട്ടും 2017ല്‍ കൊച്ചിയിലും മാരത്തണ്‍ മത്സരങ്ങളില്‍ പങ്കെടുത്തു. പക്ഷേ, ഇടക്ക് വീണ്ടും പരീക്ഷണങ്ങള്‍. മത്സരങ്ങളുടെ ആധിക്യം കൃത്രിമകാലിനെ തളര്‍ത്തി. ലക്ഷങ്ങള്‍ ചെലവാക്കി പലതവണ മാറ്റിവെച്ചു.
അതൊന്നും സജേഷിന്റെ ലക്ഷ്യത്തിന് തടസ്സമായില്ല. ആ സമയത്താണ് റണ്‍ ഫോര്‍ യുവര്‍ ലഗ്‌സ് എന്ന മാരത്തണില്‍ അതിഥിയായി പങ്കെടുക്കുന്നത്. ഇതിന്റെ സംഘാടകരായ വാസ്‌കുലര്‍ സൊസൈറ്റി ഓഫ് ഇന്ത്യയുടെ കേരള ഘടകം വേഗത്തില്‍ ഓടാന്‍ സാധിക്കുന്ന ബ്ലേഡ് ഫൂട്ട് സമ്മാനിച്ച് സജേഷിന്റെ ആഗ്രഹങ്ങളെ വീണ്ടും ട്രാക്കിലെത്തിച്ചു. കാര്‍ബണ്‍ ഫൈബറില്‍ നിര്‍മിച്ച ഈ ബ്ലേഡിന് ഭാരം കുറവാണ്. സജേഷിന്റെ വലിയൊരു ആഗ്രഹമായ ഈ ബ്ലേഡ് ഫൂട്ട് സ്വന്തമാക്കുക എന്നത് സഫലമായി. അതോടെ ട്രാക്കില്‍ വീണ്ടും സജീവമായി.
ഇന്ത്യന്‍ നേവല്‍ അക്കാദമി ഏഴിമലയില്‍ സംഘടിപ്പിച്ച ലാന്‍ഡ് ഓഫ് ലെജൻഡ് മാരത്തണിൽ അതിലെ ഒരു അംബാസഡറായി പങ്കെടുത്തു. അങ്ങനെ കേരളത്തിലെ ആദ്യത്തെ ബ്ലേഡ് റണ്ണറായി. തുടര്‍ന്ന് അഞ്ജു ബോബി ജോര്‍ജിനൊപ്പം ഗ്രീന്‍ പേരാവൂര്‍ മാരത്തണ്‍, ഐ.ഐ.എമ്മിന്റെ കാലിക്കറ്റ് മാരത്തണ്‍ തുടങ്ങി അഞ്ചിലധികം മത്സരങ്ങളില്‍ പങ്കെടുത്തു. നവംബര്‍ 11ന് കൊച്ചിയില്‍ സ്‌പെയിസ് കോസ്റ്റ് സംഘടിപ്പിച്ച ഹാഫ് മാരത്തണ്‍ മാറ്റൊരു ചരിത്രമായി. രണ്ട് മണിക്കൂര്‍ 50 മിനിറ്റുകൊണ്ടാണ് സജേഷ് 21.1 കിലോമീറ്റര്‍ ഓടിയെത്തിയത്.
ആംപ്യൂട്ട് ഫുട്‌ബാള്‍ ടീമിലേക്ക്
മാരത്തണ്‍ തന്റെ ഇഷ്ടമേഖലയായി കാണുമ്പോഴും മറ്റ് ഇനങ്ങളിലും സജേഷ് ആധിപത്യം ഉറപ്പിച്ചുകഴിഞ്ഞു. ഫുട്‌ബാളിലും ബാഡ്മിന്റണിലും പരിശീലനം നടത്തുന്ന സജേഷിന് ഇന്ത്യയിലെ ആദ്യത്തെ പാരാ ആംപ്യൂട്ട് ഫുട്‌ബാള്‍ ടീമിലേക്ക് സെലക്ഷന്‍ ലഭിച്ചു. ഏറ്റവും വലിയ സ്വപ്‌നങ്ങളിലൊന്ന് രാജ്യത്തെ പ്രതിനിധാനം ചെയ്ത് മാരത്തണില്‍ പങ്കെടുക്കുക എന്നതായിരുന്നു.
സജേഷിന്റെ ഗുരു യുട്യൂബും പ്ലേസ്റ്റോറുമാണ്. പരിശീലനം സ്മാർട്ട് ഫോണിന്റെ സഹായത്തോടെയും. പ്ലേ സ്റ്റോറിൽനിന്ന് ആപ്പുകൾ ഡൗൺലോഡ് ചെയ്തും യുട്യൂബിലെ വിഡിയോകൾ കണ്ടും പരിശീലനപാഠങ്ങൾ മനസ്സിലാക്കുന്നു. ബ്ലേഡ് ഫൂട്ട് ലഭിച്ചതിനുശേഷമാണ് പരിശീലനം കഠിനമാക്കിയത്. തന്നെപ്പോലുള്ള ആളുകളെ മാരത്തണുകളിൽ പങ്കെടുപ്പിക്കാനും ശ്രമിക്കുന്നുണ്ട്.
തടിയന്റമോൾ മലകയറ്റം സജേഷിന്റെ മനസ്സിൽ ഇന്നും അനുഭൂതി നിറഞ്ഞ യാത്രയായി നിലനിൽക്കുന്നുണ്ട്. സുഹൃത്തുക്കളോടൊപ്പം മഞ്ഞുമൂടിക്കിടക്കുന്ന കാപ്പിത്തോട്ടങ്ങളിലൂടെ നടന്ന് മൂന്നു മണിക്കൂറുകൊണ്ടാണ് ആറായിരം അടി ഉയരമുള്ള മലമുകളിലെത്തിയത്. പ്രകൃതിയെ തൊട്ടറിഞ്ഞ യാത്ര. മുക്കാൽ മണിക്കൂറോളം മലമുകളിൽ ചെലവഴിച്ചു. കയറുന്നതിനേക്കാൾ ബുദ്ധിമുട്ടായിരുന്നു ഇറക്കം.
ഓരോ ചുവടുവെപ്പും വളരെ ശ്രദ്ധയോടെയായിരുന്നു. ഒരു കാലിൽ ശരീരഭാരം നിയന്ത്രിച്ചുകൊണ്ടുള്ള ഇറക്കത്തിൽ പാറകൾ ഇളകിയിരിക്കുന്നതിനാൽ പലപ്പോഴും ചുവടുകൾ തെറ്റി. എങ്കിലും വിട്ടുകൊടുക്കാൻ തയാറായിരുന്നില്ല. ഒടുവിൽ ജീവിതത്തിലെ ആദ്യത്തെ ട്രക്കിങ് പൂർത്തിയാക്കിയപ്പോൾ മനസ്സിൽ ലോകം കീഴടക്കിയ സന്തോഷമായിരുന്നു.
സ്വപ്‌നത്തിന്റെ പാതയിൽ
പുതിയൊരു സ്വപ്‌നത്തിന്റെ പാതയിലാണിപ്പോൾ ഈ യുവാവ്. എവറസ്റ്റിന്റെ ബേസ്‌മെന്റ് ക്യാമ്പുവരെ കയറണം. 5364 മീറ്റർ ഉയരത്തിലാണ് ബേസ്‌മെന്റ് ക്യാമ്പ്. രണ്ടുകാലുള്ളവനുതന്നെ അപ്രാപ്യമായി തോന്നുന്ന ആ ലക്ഷ്യത്തിനായി പരിശീലനം ഏറെ വേണം. ഇന്നോ നാളെയോ കഴിഞ്ഞില്ലെങ്കിലും കയറിയിരിക്കും എന്ന ആത്മവിശ്വാസമാണ് സജേഷിനുള്ളത്. ലയൺസ് ഇന്റർനാഷനലിന്റെ 2019ലെ എക്‌സലൻസ് ഇൻ സ്‌പോർട്‌സ് എന്ന അവാർഡിനും സജേഷ് അർഹനായിരുന്നു. പിതാവ് കൃഷ്ണനും മാതാവ് സതിയും സഹോദരി സജ്‌നയും സഹോദരീഭർത്താവ് സാജനുമടങ്ങുന്നതാണ് സജേഷിന്റെ കുടുംബം. പിതാവ് കൃഷ്ണൻ ഏറെക്കാലം ഇറാഖിലും സൗദിയിലുമെല്ലാം കൺസ്ട്രക്ഷൻ സൂപ്പർവൈസറായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.