യുവതിക്ക് തുണയായി ബസ് ഡ്രൈവറും കണ്ടക്ടറും
text_fieldsനെയ്യാറ്റിൻകര: ഭർത്താവിന് അപകടം സംഭവിച്ചതറിഞ്ഞ് ബസിൽ മെഡിക്കൽ കോളജിലേക്ക് പുറപ്പെട്ട സ്ത്രീ ബസിൽ ബോധരഹിതയായി; എന്നാൽ ഡ്രൈവറും കണ്ടക്ടറും ഇവർക്ക് തുണയായി. രാവിലെ ജോലിക്ക് പോയ ഭർത്താവ് രഞ്ജിത്തിന് അപകടം സംഭവിച്ചതിനെ തുടർന്ന് മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കപ്പെട്ട വിവരം അറിഞ്ഞാണ് അവണാകുഴി വൃന്ദ ഭവനിൽ വൃന്ദ സഹോദരി വിദ്യക്കൊപ്പം വെൺപകൽ- മെഡിക്കൽ കോളജ് ബസിൽ യാത്ര പുറപ്പെട്ടത്.
കരമനക്ക് സമീപത്ത് െവച്ച് വൃന്ദ ബോധരഹിതയായി. ആൾക്കാരുടെ നിലവിളി കേട്ടാണ് ഡ്രൈവറും കണ്ടക്ടറും വിവരം അറിഞ്ഞത്. വൃന്ദയുടെ ആരോഗ്യസ്ഥിതി മോശമാണ് എന്ന് മനസ്സിലാക്കിയ ജീവനക്കാർക്ക് മുന്നിൽ ദേശീയപാതയിലെ ഗതാഗതക്കുരുക്ക് വില്ലനായി.
എന്നാൽ ഉടനടി ഹെഡ് ലൈറ്റിട്ട ഷംജു ഉച്ചത്തിൽ ഹോൺ മുഴക്കി അടിയന്തര സാഹചര്യം ബോധ്യപ്പെടുത്തി. ട്രാഫിക് െപാലീസ് കൂടി വഴിയൊരുക്കിയതോടെ ബസ് നിമിഷങ്ങൾക്കുള്ളിൽ തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ എത്തിച്ചു. ഡ്രൈവർ ഷംജു വൃന്ദയെ കോരിയെടുത്ത് ആശുപത്രിക്കുള്ളിലേക്ക് ഓടി. ഒപ്പം കണ്ടക്ടർ ഷിബിയും. അത്യാഹിത വിഭാഗത്തിലെ ഡോക്ടർമാരുടെ പരിചരണത്തിൽ വൃന്ദ സുഖം പ്രാപിച്ചു വരുന്നു.
കോഴിക്കോട് താമരശ്ശേരി സ്വദേശിയായ ഡ്രൈവർ വി.കെ. ഷംജു, മാരായമുട്ടം സ്വദേശിയായ കണ്ടക്ടർ ഷിബി എന്നിവരുടെ മാതൃകാപരമായ പ്രവൃത്തിയെ കെ. ആൻസലൻ എം.എൽ.എ, കെ.എസ്.ആർ.ടി.സി മാനേജിങ് ഡയറക്ടർ ബിജു പ്രഭാകർ, ക്ലസ്റ്റർ ഓഫിസർ ഉദയകുമാർ, എ.ടി.ഒ സജിത് കുമാർ എന്നിവർ അഭിനന്ദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.