സുഡാനിൽനിന്ന് ആശ്വാസ തീരമണഞ്ഞ് കുടുംബം
text_fieldsകാഞ്ഞിരപ്പുഴ: വെടിയൊച്ച നിലക്കാത്ത സുഡാനിൽനിന്ന് ജന്മനാട്ടിലെത്തിയ ആശ്വാസത്തിൽ തൃശൂർ ചേർപ്പ് തിരുവള്ളക്കാവ് വാരിയർ വീട്ടിൽ രമേശ് വാര്യരും ഭാര്യ ജയശ്രീയും മകൻ അഭിനവും. ജയശ്രീയുടെ വീടായ കാഞ്ഞിരപ്പുഴയിലാണ് കുടുംബം ആദ്യമെത്തിയത്.
സുഡാനിലെ തലസ്ഥാന നഗരിയായ ഖർത്തൂമിലെ ഇന്റർനാഷനൽ കമ്യൂണിറ്റി സ്കൂളിൽ ഫിനാൻസ് ഡയറക്ടറായി രണ്ടു വർഷമായി ജോലി ചെയ്യുകയാണ് രമേശ് വാര്യർ. അതേ സ്ഥാപനത്തിലെ അധ്യാപികയാണ് ജയശ്രീ. താമസസ്ഥലത്ത് വിഷു ആഘോഷപ്പുലരിയിൽ സുഹൃത്തുക്കളുടെ കുടുംബങ്ങൾ ഒരുമിച്ചുകൂടുന്നതിന്റെ ഭാഗമായി വിഷു വിഭവങ്ങൾ ഒരുക്കുന്നതിനിടയിലാണ് പുറത്തുനിന്ന് പടക്കം പൊട്ടുന്ന ശബ്ദം കേട്ടത്. മലയാളികൾ വിഷുവിന് പടക്കം പൊട്ടിച്ചതാണെന്ന് കരുതി. പടക്കമല്ല, വെടിയൊച്ചയാണെന്ന് പിന്നീടാണ് മനസ്സിലായത്.
സ്കൂളിലേക്ക് പുറപ്പെടാൻ ജയശ്രീ വാര്യർ ഒരുങ്ങുന്ന സമയത്താണ് സുരക്ഷ ജീവനക്കാർ ഫോൺ വഴി വീടിന് പുറത്തിറങ്ങരുതെന്ന നിർദേശം നൽകിയത്. രാവിലെ 11ഓടെ സുഹൃത്ത് ആൽബർട്ട് അടുക്കള ഭാഗത്തുനിന്ന് ഫോണിൽ സംസാരിക്കുന്നതിനിടെ വെടിയേറ്റ് മരിച്ചു. വീടിന് പുറത്തിറങ്ങാത്ത 15 ദിവസം ഇവർ ജോലി ചെയ്യുന്ന സ്കൂളിന്റെ ഉടമയാണ് പാൽ, വെള്ളം, ഗോതമ്പ്, നൂഡിൽസ് എന്നിവ എത്തിച്ചത്. ഭക്ഷ്യവിഭവങ്ങൾ കുറയുന്നതിനനുസരിച്ച് ഭക്ഷണം ക്രമീകരിച്ചു.
ടാപ്പിലെ വെള്ളം ഉപയോഗിച്ച് പാൽ ചേർത്ത ചായ ഉണ്ടാക്കി കുടിച്ചു. മിക്ക ദിവസങ്ങളിലും ഒന്നോ രണ്ടോ നേരം മാത്രം ലഘുഭക്ഷണം കഴിച്ചു. വൈദ്യുതി ചാർജ് ചെയ്ത് ഉപയോഗിക്കുന്ന ക്രമീകരണത്തിനുള്ള ആപ് പ്രവർത്തനം നിലച്ചതോടെ കറന്റ് ലഭിക്കാതായി. വെള്ളവും വെളിച്ചവും ലഭിക്കാതെ പലരും താമസിക്കുന്ന സ്ഥലത്ത് കുടുങ്ങിക്കിടക്കുകയാണെന്ന് ഇവർ ‘മാധ്യമ’ത്തോട് പറഞ്ഞു.
താമസിക്കുന്ന സ്ഥലത്തുനിന്ന് പാസ്പോർട്ടും ആവശ്യമായ രേഖകളും മാത്രം കൈവശം വെച്ച് പ്രാണഭയംമൂലം ആശ്വാസ ക്യാമ്പുകളിലെത്തിയവരുണ്ട്. അതിനുള്ള സാഹചര്യവും ഇല്ലാതെവന്നവരാണ് ഏറെ. ഖർത്തൂം വിടുന്നവരെ ഭയാശങ്കകൾ പിന്തുടർന്നു. തലസ്ഥാന നഗരിയിൽനിന്ന് 900 കിലോമീറ്റർ ദൈർഘ്യമുള്ള ദുർഘട പാതകൾ വഴി ബസ് യാത്ര. വഴിനീളെ വാഹനം തടഞ്ഞ് പരിശോധിക്കുന്ന തോക്ക് ചൂണ്ടിയ സൈനികർ. ഫോർട്ട് സുഡാനിൽ സ്കൂൾ നടത്തിപ്പുകാർ വാടകക്കെടുത്ത സ്ഥലത്ത് ഇടക്കാല വിശ്രമം. ഭക്ഷണവും വെള്ളവും തീർന്ന സമയത്താണ് ഇന്ത്യൻ എംബസി കംബോഡിയൻ സ്കൂളിൽ ക്യാമ്പ് ഒരുക്കിയത്. 10 ദിവസം ഇവിടെ താമസിച്ചു.
പാസ്പോർട്ട് പുതുക്കാൻ രമേശ് അപേക്ഷ സമർപ്പിച്ചത് ഈയിടെയായിരുന്നതിനാൽ നാട്ടിലേക്കുള്ള യാത്രക്കുള്ള പ്രതീക്ഷ മങ്ങുമോ എന്ന ആധി അലട്ടിയിരുന്നു. വൈതരണികൾ മാറി ഈ മാസം 27ന് ജിദ്ദയിലെത്തി. ജിദ്ദയിൽനിന്ന് വിമാനമാർഗം ബംഗളൂരുവിലെത്തി. കരിപ്പൂർ വഴിയായിരുന്നു നാട്ടിലേക്കുള്ള മടക്കം. കൽപ്പാത്തി സ്വദേശി പ്രീതിയും ഇവരോടൊപ്പമുണ്ടായിരുന്നു. നാലുപേരും സർക്കാർ ഒരുക്കിയ വാഹനത്തിലാണ് കാഞ്ഞിരപ്പുഴയിലെത്തിയത്.
തൃശൂർ ചേർപ്പ് രാധാകൃഷ്ണ വാര്യരുടെയും മാധവി വാര്യരുടെയും മകനാണ് രമേശ്. മകൻ അഭിനവ് പത്താംതരം വിദ്യാർഥിയാണ്. ഫൈനൽ പരീക്ഷക്കൊരുങ്ങുന്ന സമയത്താണ് ആഭ്യന്തര കലഹം ആരംഭിക്കുന്നത്. ജീവിതം പച്ചപിടിപ്പിക്കാനുള്ള തത്രപ്പാടിൽ കൈവശമുള്ളതുപോലും കൈയിലെടുക്കാതെയാണ് സുഡാനിലെ ഓരോ പ്രവാസിയും നാടണയുന്നത്. ഒരുനാൾ സമാധാനം പുലരുമെന്ന പ്രതീക്ഷയാണ് ഇവർക്കുള്ളത്. തൃക്കളൂർ ശങ്കുണ്ണി വാര്യരുടെയും സരസ്വതി വാര്യരുടെയും മകളാണ് ജയശ്രീ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.