സമ്പാദ്യ ശീലത്തിൽ പ്രവാസികളുടെ ആദ്യ ഗുരു
text_fieldsസാധാരണക്കാരായ ഇന്ത്യൻ പ്രവാസികളെ സമ്പാദ്യ ശീലം പഠിപ്പിച്ച ഗുരുസ്ഥാനിയനായ ഒരു മലയാളിയുണ്ട് ഇങ്ങ് യു.എ.ഇയിൽ. മ്യൂച്വൽ ഫണ്ടുകളിലും ഓഹരികളിലും നിക്ഷേപത്തിന് സഹായിക്കുന്നതിനായി സെക്യൂരിറ്റീസ് ആൻഡ് കമ്മോഡിറ്റീസ് അതോറിറ്റിയിൽ നിന്ന് ലൈസൻസ് നേടിയ യു.എ.ഇയിലെ ആദ്യ കമ്പനികളിൽ ഒന്നായ ബർജീൽ ജിയോജിത് ഫിനാൻഷ്യൽ സർവിസസിന്റെ സ്ഥാപക ഡയറക്ടർ കെ.വി ഷംസുദ്ദീൻ.
70 കളിൽ മ്യുച്ചൽ ഫണ്ട്, ഓഹരി എന്തെന്ന് അറിയാത്ത പ്രവാസി സമൂഹത്തിന്റെ മുൻപിൽ ഈ മേഖലകളിലുള്ള നിക്ഷേപ സാധ്യതകളുടെ പുതിയ അധ്യായത്തിനു തുടക്കമിട്ടത് ഇദ്ദേഹമായിരുന്നു. 13ാം വയസ്സിൽ തുടങ്ങിയ സമ്പാദ്യ ശീലത്തിൽ നിന്ന് ആർജിച്ചെടുത്ത അനുഭവങ്ങളുടെ കരുത്താണ് 78ാം വയസ്സിലും ഓഹരി വിപണന രംഗത്ത് സർവവിജ്ഞാന കോശമായി നില നിൽക്കാനുള്ള ഷംസുദ്ധീന്റെ പിൻബലം. പ്രധാനമന്ത്രി ജവഹർ ലാൽ നെഹ്റു തുടക്കമിട്ട ഭാരത് സേവക് സമാജ് സംരംഭത്തിന്റെ ഭാഗമായി ആരംഭിച്ച നാഷനൽ സേവിങ് സ്കീമാണ് ഷംസുദ്ദീനിലെ സമ്പാദ്യ ശീലത്തെ രൂപപ്പെടുത്തിയത്.
ആ പദ്ധതിയിൽ അംഗമാകാനായി 100 എൻ.എസ് സ്റ്റാമ്പ് വാങ്ങാനുള്ള പൈസ ഉമ്മയിൽ നിന്ന് വാങ്ങിയാണ് സമ്പാദ്യത്തിന്റെ തുടക്കം. 10 പൈസയായിരുന്നു ഒരു സ്റ്റാമ്പിന് വില. 10 രൂപ നൽകി 100 സ്റ്റാമ്പുകൾ വാങ്ങി. ശേഷം അത് കൂട്ടുകാർക്ക് നൽകി അവരേയും സമ്പാദ്യ ശീലത്തിൽ പങ്കാളികളാക്കി. 1970കളിൽ ദുബൈയിലെത്തി. അന്ന് പരിചയപ്പെട്ട വയോധികരായ രണ്ട് പ്രവാസികളുടെ ദയനീയ അവസ്ഥ മനസിനെ വല്ലാതെ വേദനിപ്പിച്ചു.
ഏറെകാലം പ്രവാസ ജീവിതം നയിച്ചിട്ടും തിരികെ നാട്ടിലേക്ക് പോകാൻ പണമില്ലാതെ പ്രയാസപ്പെടുകയായിരുന്നു അവർ. അന്നത്തെ തിരിച്ചറിവാണ് കണ്ടുമുട്ടുന്നവരോടൊല്ലാം സമ്പാദ്യശീലത്തെ കുറിച്ച് പറയാൻ ഷംസുദ്ദീനെ പ്രേരിപ്പിച്ചത്. 1000 രൂപയാണെങ്കിലും കുഴൽപ്പണം വഴി അയച്ചാൽ സ്വീകരിക്കില്ലെന്ന പിതാവിന്റെ സ്നേഹത്തോടെയുള്ള നിർദേശം അനുസരിച്ച് ആദ്യമായി എൻ.ആർ.ഇ എകൗണ്ട് തുടങ്ങി. അതോടൊപ്പം കുറച്ചധികം എൻ.ആർ.ഇ എകൗണ്ട് ആരംഭിക്കാനുള്ള ഫോമുകളും ബാങ്കിനോട് ആവശ്യപ്പെട്ടു.
ആ ഫോമുകൾ സഹപ്രവർത്തകർക്കും മറ്റുമായി നൽകി അവരേയും എൻ.ആർ.ഇ. എകൗണ്ട് തുടങ്ങാൻ പ്രേരിപ്പിച്ചു. യൂണിറ്റ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ എകണോമിക് ടൈംസിൽ കണ്ട പരസ്യമാണ് മ്യൂച്ചൽ ഫണ്ടിലേക്ക് ഷംസുദ്ധീനെ വഴികാട്ടിയതു. യു.ടി.ഐയുടെ യു.എസ്64 എന്ന ഫണ്ടിൽ 1000 ഓഹരികൾക്ക് ചേർന്നു കൊണ്ടാണ് ആരംഭം. അദ്ദേഹം ആവശ്യപ്പെട്ടതനുസരിച്ച് യു.ടി.ഐ നൽകിയ ഫോമുകൾ സുഹൃത്തുക്കൾക്കും മറ്റും നൽകി അവരേയും മ്യൂച്ചൽ ഫണ്ടിൽ അംഗമാക്കി.
അതിനിടെ യു.ടി.ഐ എക്സിക്യുട്ടീവ് ട്രസ്റ്റിയായ എ.പി കുര്യൻ അദ്ദേഹത്തെ കാണണമെന്നാവശ്യപ്പെട്ട് കത്തയച്ചു. 1976ൽ അദ്ദേഹത്തെ ബോംബെയിൽ പോയി കണ്ടു. അവിടെ വെച്ച് യു.ടി.ഐയുടെ ആദ്യ വിദേശ ഏജന്റായി ഷംസുദ്ദീനെ നിയമിച്ചതായി എ.പി കുര്യൻ പ്രഖ്യാപിച്ചു. അതോടെ മ്യൂച്ചൽ ഫണ്ടിലേക്ക് ആളെ ചേർക്കുന്നതിൽ ഒരു ഔദ്യോഗിക രൂപം വന്നു. ഇതിനിടെ ദുബൈയിൽ സർക്കാർ സർവിസിൽ ജോലി ലഭിച്ചു.
ജോലി സമയം ഉച്ചവരെ ആയതിനാൽ പിന്നീട്ടുള്ള സമയം പ്രവാസികളെ യ.എസ്64ൽ ചേർക്കുവാനായി ഉപയോഗപ്പെടുത്തി. ഓഹരി നിക്ഷേപ രംഗത്തേക്കുള്ള ഔദ്യോഗിക തുടക്കം 1976ൽ ആയിരുന്നു. ചില ആവശ്യങ്ങൾക്കായി കോഴിക്കോട് സ്റ്റേറ്റ് ബാങ്കിൽ ചെന്നപ്പോൾ അവിടെ ഒരു കെൽട്രോൺ കോംബോണന്റ് കോപ്ലക്സിന്റെ ഐ.പി.ഒ ഫോറം കാണാനിടമായി. 10,000 രൂപയുടെ ചെക്ക് നൽകി അതിൽ ചേർന്നു. അലോട്ട്മെന്റ് ലഭിച്ചെങ്കിലും ഓഹരി സർട്ടിഫിക്കറ്റ് കിട്ടാതായതോടെ കമ്പനിക്ക് കത്തെഴുതി. ഇന്ത്യയിൽ താമസിക്കുന്നവർക്കു മാത്രമേ ഐ.പി.ഒയിൽ പങ്കെടുക്കാൻ നിയമം അനുവദിക്കുന്നുള്ളൂ എന്നും പണം റീഫണ്ട് ചെയ്യണമെന്നുമായിരുന്നു അറിയിപ്പ്.
അതിന് ഷംസുദ്ദീൻ തയ്യാറായില്ല. പ്രവാസികൾക്കും സ്വന്തം നാട്ടിൽ നടക്കുന്ന നിക്ഷേപ സാധ്യതകളിൽ പങ്കാളികളാകാൻ അവകാശമുണ്ടാവണമെന്ന് ആവശ്യപ്പെട്ടു ഒരു പോരാട്ടം കത്തിലൂടെ ആരംഭിച്ചു. വിഷയം ഉയന്നയിച്ച് അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിക്ക് അപേക്ഷ നൽകി. ഒടുവിൽ സർക്കാർ അടുത്ത ബഡ്ജറ്റിൽ പ്രവാസികൾക്കും ഐ.പി.ഒയിൽ നിക്ഷേപിക്കാൻ അനുമതി നൽക്കയും 40 ശതമാനം ഐ.പി.ഒ പ്രവാസികൾക്ക് മുൻഗണന അടിസ്ഥാ നത്തിൽ നൽകുവാൻ അനുമതി നൽകുകയും ചെയ്തു.
അതേസമയം, ചില കടലാസ്സ് കമ്പനികൾ പ്രവാസികൾക്ക് മോഹന വാഗ്ദാനങ്ങൾ നൽകി വഞ്ചിച്ചു തുടങ്ങി. അതോടെയാണ് സത്യസന്ധമായി പ്രവർത്തിക്കുന്ന ഒരു ബ്രോക്കേറേജ് സ്ഥാപനം തുടങ്ങണമെന്ന ആഗ്രഹം ഉടലെടുക്കുന്നത്. അങ്ങനെ 44ാം വയസ്സിൽ സർക്കാർ ജോലി രാജിവെച്ചു.
സ്വന്തം സ്ഥാപനം തുടങ്ങുന്നതിനായുള്ള പ്രവർത്തനവുമായി മുന്നോട്ടുപോകുന്നതിനിടെയാണ് തന്നോട് സഹകരിക്കാമെന്നേറ്റ ബ്രോക്കറേജ് സ്ഥാപന ഉടമ അറസ്റ്റിലാകുന്നത്. അതിനിടെ ഇദ്ദേഹത്തിന്റെ ഉറപ്പിൽ നിരവധി പേർ ഓഹരികൾ വിറ്റിരുന്നു. അതിന്റെ പണം പക്ഷെ, വന്നിരുന്നില്ല. തന്നെ വിശ്വസിച്ചവരെ കൈവിടാൻ മനസ് അനുവദിക്കാത്തതിനാൽ സർക്കാർ സർവിസിൽ നിന്ന് വിരമിച്ച വകയിൽ ലഭിച്ച ഗ്രാറ്റിവിറ്റിയിൽ നിന്ന് അവർക്ക് പണം നൽകി.
അതിനിടെ കേരളത്തിൽ കൊച്ചിൻ സ്റ്റോക്ക് എക്സ്ചേഞ്ചിന് തുടക്കം കുറിച്ചിരുന്നു. ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് ഒരു ബ്രോക്കറേജ് സ്ഥാപനം തുടങ്ങണമെന്ന് സർക്കാർ തീരുമാനിച്ചു. അതിനായി ജിയോജിത് ആൻഡ് കമ്പനിയെ പാർട്ട്ണറായി സർക്കാർ തെരഞ്ഞെടുത്തു അങ്ങനെ കെ.എസ്.ഐ.ഡി.സിയും ജിയോജിത് സെക്യൂരിറ്റീസും സംയുക്തമായി ബ്രോക്കറേജ് സ്ഥാപനം തുടങ്ങി. സി.ജെ ജോർജായിരുന്നു സ്ഥാപകൻ.
പ്രവാസിയായ ഈ മേഖലയിൽ പ്രവർത്തിക്കുന്ന ഒരാളെ തങ്ങളുടെ പ്രൊമോട്ടർമാരിൽ ഒരാളായി എടുക്കുവാനുള്ള തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു സി.ജെ ജ്ജോർജ് ഷംസുദീന്റെ പേര് നിർദേശിക്കുന്നത്. അതുവഴി ജിയോജിത്തിന്റെ ഡയറ്കടർ ബോഡിൽ ഷംസുദ്ദീനും അംഗമായി. ജിയോജിത്തിന്റെ പേരിൽ ഒരു സ്ഥാപനം യു.എ.ഇയിൽ ആരംഭിക്കാനായിരുന്നു പിന്നീടുള്ള ശ്രമങ്ങൾ. ഇതിനായി സെൻട്രൽ ബാങ്കിന്റെ ലൈസൻസ് വേണമായിരുന്നു. ആ ശ്രമം നടക്കുന്നതിനിടെയാണ് സൗദ് മസറോയ് എന്ന വ്യക്തിയുമായി പരിചയപെടുന്നത്. അദ്ദേഹത്തിന്റെ സുഹൃത്തായ ശൈഖ് സുൽത്താൻ ബിൻ സൗദ് അൽ ഖാസിമിയെ ഇദ്ദേഹം പരിചയപ്പെടുത്തി.
അൽ സൗദ് സ്റ്റോക്ക് ആൻഡ് ബോണ്ട്സ് എന്ന സ്ഥാപനം അദ്ദേഹത്തിന്റെ കുടുംബം നടത്തുന്നുണ്ടായിരുന്നു. അദ്ദേഹവുമായി ജിയോജിത്തിനെ ബന്ധപ്പെടുത്തി. തുടർന്ന് നടന്ന ചർച്ചകൾക്കൊടുവിൽ അൽ സൗദ് സ്റ്റോക്ക്സ് ആൻഡ് ബോണ്ട്സിൽ ജിയോജിത്തും ഷംസുദ്ധീനും പങ്കാളിയായി ചേരാനുള്ള കരാറിൽ ഒപ്പുവെച്ചു. അങ്ങനെ 2001ൽ യു.എ.ഇയിൽ ബർജീൽ ജിയോജിത്ത് സെക്യൂരിറ്റീസ് എന്ന സ്ഥാപനം തുടങ്ങി.
പിന്നീട് അത് ബർജീൽ ജിയോജിത്ത് ഫിനാൻഷ്യൽ സർവീസ് എന്ന് പുനർ നാമകരണം ചെയ്തു. ഇന്ന് 24 വർഷമായി ഈ സ്ഥാപനം നിരവധി പ്രവാസികൾക്ക് സമ്പാദ്യശീലത്തിന്റെ പാഠങ്ങൾ പകർന്നു നൽകുകയാണ്.
സാധാരണക്കാരിൽ സാമ്പത്തിക അച്ചടക്കം, പ്ലാനിങ്, സേവിങ് ആൻഡ് ഇൻവെസ്റ്റ്മെന്റ് സ്വഭാവം സൃഷ്ടിച്ച് പ്രവാസ ജീവിതത്തിന് ശേഷവും സ്വസ്ഥമായി ജീവിക്കാനുള്ള വരുമാന സ്രോതസ് ഉണ്ടാക്കുക എന്നതാണ് ബർജീൽ ജിയോജിത്തിന്റെ ലക്ഷ്യം. ഇന്ന് ലക്ഷത്തിൽ പരം ആളുകൾ ബർജീൽ ജിയോജിത് വഴി നിക്ഷേപം നടത്തിയതിന്റെ ഫലമായി സസന്തോഷം നാട്ടിൽ ജീവിക്കുന്നുണ്ട്.
Email:kvshams@gmail.com
Tel: +971-506467801
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.